വാർത്താസമ്മേളനത്തില്‍ റിപ്പോര്‍ട്ടര്‍ ചാനലിനെ വിലക്കി ശോഭ സുരേന്ദ്രന്‍; ബിജെപി നിലപാടല്ലെന്ന് കെ സുരേന്ദ്രന്‍

വാര്‍ത്ത കൊടുത്തതിന്‌റെ പേരില്‍ മാധ്യമങ്ങളെ വിലക്കുന്നത് ശരിയല്ലെന്ന് എം വി ഗോവിന്ദനും വ്യക്തമാക്കി

തിരുവനന്തപുരം: വാര്‍ത്താസമ്മേളനത്തില്‍ നിന്നും റിപ്പോര്‍ട്ടര്‍ ചാനലിനെ വിലക്കി ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍. കഴിഞ്ഞ രണ്ട് ദിവസങ്ങളായി ശോഭ സുരേന്ദ്രന്‍ തുടര്‍ച്ചയായി വാര്‍ത്താ സമ്മേളനങ്ങള്‍ നടത്തുന്നുണ്ട്. ഇതില്‍ ശക്തമായ ചോദ്യങ്ങളാണ് റിപ്പോര്‍ട്ടര്‍ ചാനല്‍ ഉന്നയിച്ചത്. എന്നാല്‍ പലഘട്ടങ്ങളിലും ചോദ്യങ്ങളോട് പ്രകോപിതയാവുകയായിരുന്നു ശോഭ സുരേന്ദ്രന്‍. ഇതിന് പിന്നാലെയാണ് റിപ്പോര്‍ട്ടര്‍ ടിവി, 24 ന്യൂസ് തുടങ്ങിയ ചാനലുകളെ വിലക്കിക്കൊണ്ട് ശോഭ സുരേന്ദ്രന്‍ രംഗത്തെത്തിയത്. വാര്‍ത്താ സമ്മേളം നടത്തുന്നുണ്ടെന്നും റിപ്പോര്‍ട്ടര്‍, 24 തുടങ്ങിയ ചാനലുകളോട് വരേണ്ടതില്ലെന്നുമായിരുന്നു ശോഭ സുരേന്ദ്രന്‌റെ അറിയിപ്പ്.

അതേസമയം ചാനലുകളെ വിലക്കിയത് ബിജെപിയുടെ നിലപാടല്ലെന്ന് വ്യക്തമാക്കി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ രംഗത്തെത്തിയിട്ടുണ്ട്. മാധ്യമങ്ങളുമായി പലവിധത്തിലുള്ള അഭിപ്രായ വ്യത്യാസങ്ങളും നിലനില്‍ക്കുന്നുണ്ട്. എന്ന് കരുതി മാധ്യമങ്ങളെ താന്‍ ഇതുവരെ വിലക്കിയിട്ടില്ലെന്നും കെ സുരേന്ദ്രന്‍ വ്യക്തമാക്കി. വിഷയം ശോഭാ സുരേന്ദ്രനോട് സംസാരിച്ച് പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Also Read:

Kerala
ബിജെപിക്കായി ഒഴുക്കിയത് കോടികളെന്ന് ധർമരാജന്റെ മൊഴി; കൂടുതൽ തൃശൂരിനും തിരുവനന്തപുരത്തും

ശോഭ സുരേന്ദ്രന്‌റെ മാധ്യമവിലക്കിനെ വിമര്‍ശിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും രംഗത്തെത്തിയിരുന്നു. വാര്‍ത്ത കൊടുത്തതിന്‌റെ പേരില്‍ മാധ്യമങ്ങളെ വിലക്കുന്നത് ശരിയല്ലെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. അപ്രിയ കാര്യങ്ങള്‍ പറഞ്ഞു എന്നതിന്‌റെ പേരില്‍ എല്ലാ മാധ്യമങ്ങളെയും വിലക്കാന്‍ സാധിക്കുമോ എന്നും അദ്ദേഹം ചോദിച്ചു.

Content Highlight: Sobha Surendran banned Reporter Channel from press meet, K Surendran clarifies it's not party's decision

To advertise here,contact us