വയനാട്ടില്‍ യുവാവ് ആത്മഹത്യ ചെയ്ത സംഭവം; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥാണ് ഇത് സംബന്ധിച്ച് ഉത്തരവിട്ടത്

വയനാട്: വയനാട് പനമരത്ത് ആദിവാസി യുവാവ് പുഴയില്‍ ചാടി മരിച്ച സംഭവത്തില്‍ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍. മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥാണ് ഇത് സംബന്ധിച്ച ഉത്തരവിട്ടത്. വയനാട് ജില്ലാ പൊലീസ് മേധാവിക്കാണ് അന്വേഷണ ചുമതല. പതിനഞ്ച് ദിവസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. സംഭവത്തില്‍ ക്രൈംബ്രാഞ്ചും കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് പൊലീസ് കള്ളക്കേസില്‍ കുടുക്കിയെന്നാരോപിച്ച് വയനാട് അഞ്ചുകുന്ന് സ്വദേശിയായ രതിന്‍ പുഴയില്‍ ചാടി ആത്മഹത്യ ചെയ്തത്. പോക്സോ കേസില്‍ കുടുക്കിയതിന് ജീവനൊടുക്കുകയാണെന്ന് പറഞ്ഞുകൊണ്ടുള്ള വീഡിയോ സഹോദരിക്ക് അയച്ചു നല്‍കിയ ശേഷമായിരുന്നു രതിന്‍ ആത്മഹത്യ ചെയ്തത്. ഒരു സുഹൃത്തിനെ വഴിയില്‍വെച്ച് കണ്ടുവെന്നും ഇത് കണ്ട പൊലീസ് തനിക്കെതിരെ പോക്സോ കേസ് എടുത്തുവെന്നും രതിന്‍ വീഡിയോയില്‍ പറഞ്ഞിരുന്നു. പൊലീസ് നടപടിയില്‍ നല്ല വിഷമമുണ്ട്. പോക്സോ കേസിലാണ് പെടുത്തിയിരിക്കുന്നത്. അതില്‍ നിന്ന് ഊരി വന്നാലും കാര്യമുണ്ടെന്ന് കരുതുന്നില്ല. നിരപരാധിയാണെന്ന് തെളിയിച്ചാലും മറ്റുള്ളവര്‍ കാണുന്നത് ആ കണ്ണുകള്‍ കൊണ്ടാകും. ജീവിക്കാതിരിക്കുന്നതാണ് നല്ലത് എന്നാണ് തോന്നുന്നത്. വെള്ളം കുടിച്ച് മരിക്കണമെന്ന് പറഞ്ഞ രതിന്‍ കാലില്‍ കല്ല് കെട്ടുമെന്നും അല്ലെങ്കില്‍ നീന്തി കയറാന്‍ തോന്നുമെന്നും പറഞ്ഞിരുന്നു.

Also Read:

Kerala
സാന്ദ്ര തോമസിനെ പുറത്താക്കി പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ; പ്രതികാര നടപടിയെന്ന് സാന്ദ്ര

സംഭവത്തിന് പിന്നാലെ പ്രതികരണവുമായി രതിന്റെ ബന്ധു രംഗത്തെത്തിയിരുന്നു. രതിന് ഒരു പെണ്‍കുട്ടിയുമായി ബന്ധമുണ്ടായിരുന്നുവെന്നും ആ കുട്ടിയുടെ വീട്ടുകാരുമായി ചില പ്രശ്നങ്ങളുണ്ടായിരുന്നുവന്നും ബന്ധു റിപ്പോര്‍ട്ടറിനോട് പറഞ്ഞിരുന്നു. രതിനുമായുള്ള പ്രശ്‌നം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പൊലീസിനെ അറിയിച്ചിരുന്നു. വിഷയത്തില്‍ പൊലീസ് ഇടപെടുകയും രതിനെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിന് പിന്നാലെ രതിനെ കാണാതായി. തുടര്‍ന്ന് കുടുംബം പരാതി നല്‍കി. അന്വേഷണത്തില്‍ രതിന്റെ മൃതദേഹം കണ്ടെടുക്കുകയായിരുന്നുവെന്നും ബന്ധു പറഞ്ഞിരുന്നു.

Content Highlights- human rights commission take case on rathin suicide case

To advertise here,contact us