രതിൻ ആത്മഹത്യ ചെയ്തത് പൊലീസിന്റെ ഭീഷണി മൂലം; കുടുംബത്തിനോടൊപ്പം നിൽക്കും: പിഎംഎ സലാം

വയനാട്ടിലെ ആദിവാസി യുവാവ് രതിൻ ആത്മഹത്യ ചെയ്തത് മാനസികമായുള്ള പൊലീസിന്റെ ഭീഷണി മൂലമാണെന്ന് മുസ്‌ലിം ലീ​ഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം

മലപ്പുറം: വയനാട്ടിലെ ആദിവാസി യുവാവ് രതിൻ ആത്മഹത്യ ചെയ്തത് മാനസികമായുള്ള പൊലീസിന്റെ ഭീഷണി മൂലമാണെന്ന് മുസ്‌ലിം ലീ​ഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം. അന്വേഷണം നടക്കണമെന്നും കുറ്റക്കാർ മാതൃകാപരമായി ശിക്ഷിക്കപ്പെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കുടുംബത്തിന് നഷ്ടപരിഹാരം നൽകണം. നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിൽ കുടുംബത്തിനോടൊപ്പം നിൽക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രതിന്റെ കുടുംബത്തിന്റെ കണ്ണീർ സർക്കാർ കണ്ടില്ലെന്ന് നടിക്കരുതെന്നും പിഎംഎ സലാം പറഞ്ഞു.

പൊലീസ് കള്ളക്കേസില്‍ കുടുക്കിയെന്നാരോപിച്ചാണ് യുവാവ് പുഴയില്‍ ചാടി മരിച്ചത്. പോക്‌സോ കേസില്‍ കുടുക്കിയതിന് ജീവനൊടുക്കുകയാണെന്ന് പറഞ്ഞുകൊണ്ടുള്ള വീഡിയോ പോസ്റ്റ് ചെയ്ത ശേഷമാണ് അഞ്ചുകുന്ന് സ്വദേശിയായ രതിൻ ആത്മഹത്യ ചെയ്തത്. ഒരു സുഹൃത്തിനെ വഴിയില്‍വെച്ച് കണ്ടുവെന്നും ഇത് കണ്ട പൊലീസ് തനിക്കെതിരെ പോക്‌സോ കേസ് എടുത്തുവെന്നുമാണ് രതിന്‍ വീഡിയോയില്‍ പറയുന്നത്.

പൊലീസ് നടപടിയില്‍ നല്ല വിഷമമുണ്ട്. പോക്‌സോ കേസിലാണ് പെടുത്തിയിരിക്കുന്നത്. അതില്‍ നിന്ന് ഊരി വന്നാലും കാര്യമുണ്ടെന്ന് കരുതുന്നില്ല. നിരപരാധിയാണെന്ന് തെളിയിച്ചാലും മറ്റുള്ളവര്‍ കാണുന്നത് ആ കണ്ണുകള്‍ കൊണ്ടാകും. ജീവിക്കാതിരിക്കുന്നതാണ് നല്ലത് എന്നാണ് തോന്നുന്നത്. അതുകൊണ്ടാണ് താന്‍ ഈ തീരുമാനമെടുത്തതെന്നും രതിന്‍ പറയുന്നു. വെള്ളം കുടിച്ചു തന്നെ മരിക്കണം. കാലില്‍ കല്ല് കെട്ടിയിട്ടിട്ടാണ് താന്‍ ചാടുന്നത്. അല്ലെങ്കില്‍ നീന്തി കയറാന്‍ തോന്നും. മരിക്കുന്നത് തന്നെയാണ് നല്ലത്. ആരും കാണാത്ത ഒരു സ്ഥലം കിട്ടിയാല്‍ ചാടുമെന്നും രതിന്‍ വീഡിയോയില്‍ പറഞ്ഞിരുന്നു.

രതിനെ കാണാനില്ലെന്ന് കാണിച്ച് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പനമരം പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് രതിന്റെ മൃതദേഹം പനമരം പുഴയില്‍ നിന്ന് കണ്ടെത്തിയത്. അതേസമയം, പൊതുസ്ഥലത്ത് പ്രശ്‌നമുണ്ടാക്കിയതിനാണ് കേസെടുത്തതെന്നും യുവാവ് അത് പോക്‌സോ കേസായി തെറ്റിദ്ധരിച്ചതാണെന്നുമായിരുന്നു പൊലീസ് നൽകിയ വിശദീകരണം.

content highlights: pma salam about rathin's death

To advertise here,contact us