'രാഹുല്‍ കളവ് പറയുന്നു, നുണപരിശോധനയ്ക്ക് വിധേയമാക്കണം': എം വി ഗോവിന്ദന്‍

കൂടോത്രത്തെക്കുറിച്ചും ശുക്രനെക്കുറിച്ചുമെല്ലാം കെ സുധാകരന് നല്ല ധാരണയുണ്ടല്ലോ എന്നും എം വി ഗോവിന്ദന്‍

തിരുവനന്തപുരം: പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞത് കളവാണെന്ന് വ്യക്തമായെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ രാഹുല്‍ കെപിഎം റീജന്‍സിയില്‍ ഉണ്ടെന്ന് വ്യക്തമായി. കള്ളപ്പണം കൊണ്ടുവന്നവരെ നുണപരിശോധനയ്ക്ക് വിധേയമാക്കണം. സംഭവത്തില്‍ കൃത്യമായ അന്വേഷണം വേണമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

ബിജെപിയും കോണ്‍ഗ്രസും ഇന്ത്യയിലും കേരളത്തിലും കള്ളപ്പണം ഒഴുക്കിയതിന്റെ ചരിത്രമാണ് ഇപ്പോള്‍ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്നതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വലിയ തോതില്‍ കള്ളപ്പണം ഒഴുകുന്നുണ്ട്. രാഹുലിന് ശുക്രദശയാണെന്നാണ് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പറഞ്ഞത്. കൂടോത്രത്തെക്കുറിച്ചും ശുക്രനെക്കുറിച്ചുമെല്ലാം അദ്ദേഹത്തിന് നല്ല ധാരണയുണ്ടല്ലോ എന്നും എം വി ഗോവിന്ദന്‍ പരിഹസിച്ചു. താമസിക്കാത്ത ഒരു ലോഡ്ജിലേക്ക് പെട്ടിയും കൊണ്ടുവരേണ്ട കാര്യമുണ്ടോയെന്നും എം വി ഗോവിന്ദന്‍ ചോദിച്ചു. കുമ്പളങ്ങ കട്ടവന്റെ തലയില്‍ ഒരു നര എന്ന് പറഞ്ഞപ്പോള്‍ അറിയാതെ തടവി പോയവന്റെ അവസ്ഥയാണ് രാഹുലിനെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

Also Read:

Kerala
'ട്രോളി'ക്ക് മറുപടി 'ട്രോളി' തന്നെ; കോൺഗ്രസും ട്രോളി ബാഗുമായി സമരത്തിനെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

ഷാഫി പറമ്പിലിന് നാലുകോടി കൊടുത്തുവെന്ന് ബിജെപി അധ്യക്ഷന്‍ പറഞ്ഞിട്ട് എന്തുകൊണ്ടാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ മിണ്ടാതിരിക്കുന്നതെന്നും എം വി ഗോവിന്ദന്‍ ചോദിച്ചു. ബിജെപി കള്ളപ്പണം ഒഴുക്കിയെന്നതിന് തെളിവ് ലഭിച്ചാല്‍ അവര്‍ക്കെതിരെയും പരാതി നല്‍കുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. തങ്ങളുടെ മുന്നില്‍ വസ്തുതാപരമായ തെളിവ് ലഭിച്ചാല്‍ കോണ്‍ഗ്രസോ ബിജെപിയോ എന്ന് നോക്കില്ല, അപ്പോള്‍ തന്നെ പരാതി നല്‍കും. ബിജെപിയും കോണ്‍ഗ്രസും ഒരു നാണയത്തിലെ രണ്ട് വശങ്ങളാണെന്നും എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

Content Highlights- Cpim state secretary m v govindan against rahul mamkootathil on black money controversy

To advertise here,contact us