ഹിന്ദു ഐഎഎസ് ഉദ്യോഗസ്ഥരുടെ വാട്‌സ്ആപ്പ് ഗ്രൂപ്പ് വിവാദം; ഡിജിപിക്ക് റിപ്പോർട്ട് കൈമാറി കമ്മീഷണർ

കെ ഗോപാലകൃഷ്ണന്‍ ഫോണ്‍ ഫോര്‍മാറ്റ് ചെയ്താണ് നല്‍കിയതെന്ന് റിപ്പോര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ ഹിന്ദു മതത്തില്‍ നിന്നുള്ള ഐഎഎസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി വാട്‌സ്ആപ്പ് ഗ്രൂപ്പുണ്ടാക്കിയ സംഭവത്തില്‍ ഡിജിപിക്ക് റിപ്പോര്‍ട്ട് കൈമാറി കമ്മീഷണര്‍. ഗ്രൂപ്പ് അഡ്മിന്‍ വ്യവസായ വകുപ്പ് ഡയറക്ടര്‍ കെ ഗോപാലകൃഷ്ണന്‍ ഫോണ്‍ ഫോര്‍മാറ്റ് ചെയ്താണ് നല്‍കിയതെന്ന് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. ഫോണ്‍ ഹാക്ക് ചെയ്തതായി കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

മെറ്റയുടെ സഹായം തേടിയിരുന്നു. ഹാക്ക് ചെയ്തിട്ടില്ലെന്നാണ് മെറ്റ അറിയിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഫോറന്‍സിക് പരിശോധനാ ഫലവും റിപ്പോര്‍ട്ടിനൊപ്പം കൈമാറിയിട്ടുണ്ട്. റിപ്പോര്‍ട്ട് ഡിജിപി സര്‍ക്കാരിന് കൈമാറും.

മറ്റൊരു ഐ പി അഡ്രസ് ഫോണില്‍ ഉപയോഗിച്ചിട്ടില്ലെന്നും മെറ്റ അന്വേഷണ സംഘത്തിന് മറുപടി നല്‍കിയിട്ടുണ്ട്. അസ്വാഭാവികമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലന്നും മെറ്റ അറിയിച്ചിട്ടുണ്ട്. കെ ഗോപാലകൃഷ്ണനെ അഡ്മിനാക്കിയാണ് മല്ലു ഹിന്ദു ഓഫീസേഴ്‌സ് എന്ന പേരില്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുണ്ടാക്കിയിരിക്കുന്നത്.

Also Read:

Kerala
ഹിന്ദു ഐഎഎസ് വാട്‌സാപ്പ് ഗ്രൂപ്പ്:ഗോപാലകൃഷ്ണന്റെ വാദം പൊളിയുന്നു,ഹാക്കിങ് നടന്നിട്ടില്ലെന്ന് ആവർത്തിച്ച് മെറ്റ

സംഭവത്തിന് പിന്നാലെ ഗ്രൂപ്പ് ഡിലീറ്റ് ചെയ്തുവെന്നും വാട്‌സ്ആപ്പ് അണ്‍ ഇന്‍സ്റ്റാള്‍ ചെയ്തുവെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞിരുന്നു. ഉടനെ ഫോണ്‍ മാറ്റുമെന്നും ഗോപാലകൃഷ്ണന്‍ ഉദ്യോഗസ്ഥര്‍ക്ക് അയച്ച സന്ദേശത്തില്‍ പറയുന്നുണ്ട്. തുടര്‍ന്ന് ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടുവെന്ന് ആരോപിച്ച് കെ ഗോപാലകൃഷ്ണന്‍ സൈബര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

തന്റെ അറിവോടെയല്ല സംഭവമെന്നാണ് ഗോപാലകൃഷ്ണന്‍ പറയുന്നത്. തന്റെ പേരില്‍ 11 ഗ്രൂപ്പുകള്‍ രൂപീകരിച്ചുവെന്നും മല്ലു മുസ്ലിം എന്ന പേരിലും ഗ്രൂപ്പുണ്ടെന്നുമാണ് ഗോപാലകൃഷ്ണന്‍ ആരോപിക്കുന്നത്.

Content Highlights: Commissioner handover report to DGP in hindu IAS officers Whats App group

To advertise here,contact us