'ഹാക്ക്' നുണ, വീണിടത്ത് കിടന്നുരുളലോ?; മല്ലു ഹിന്ദു വാട്സ്ആപ്പ് ഗ്രൂപ്പ് വിവാദത്തിൽ സർക്കാർ നടപടിക്ക്

മൊബൈൽ ഫോൺ ഹാക്ക് ചെയ്തിട്ടില്ല എന്നതാണ് കണ്ടെത്തൽ

തിരുവനന്തപുരം: മല്ലു ഹിന്ദു വാട്സ്ആപ്പ് ഗ്രൂപ്പ് വിവാദത്തിൽ കെ ഗോപാലകൃഷ്ണനെതിരെ നടപടിക്ക് സാധ്യത. സർക്കാരിന് ഇന്ന് റിപ്പോർട്ട് കൈമാറപ്പെടുന്നതോടെ, അവ പരിശോധിച്ച ശേഷം ഗോപാലകൃഷ്ണനോട് വിശദീകരണം ആവശ്യപ്പെട്ടേക്കും.

മൊബൈൽ ഫോൺ ഹാക്ക് ചെയ്തിട്ടില്ല എന്നതാണ് കണ്ടെത്തൽ. ഫോറൻസിക്ക് പരിശോധനയുടെയും മെറ്റയുടെയും കണ്ടെത്തലാണ് റിപ്പോർട്ടിൽ ഉള്ളത്. ഈ റിപ്പോർട്ട് ഡിജിപി ഇന്ന് സർക്കാരിന് കൈമാറും.

അവ പരിശോധിച്ച ശേഷം ചീഫ് സെക്രട്ടറി ഗോപാലകൃഷ്ണനോട് സർക്കാർ വിശദീകരണം ആവശ്യപ്പെട്ടേക്കും. ഗ്രൂപ്പ് അഡ്മിന്‍ വ്യവസായ വകുപ്പ് ഡയറക്ടര്‍ കെ ഗോപാലകൃഷ്ണന്‍ ഫോണ്‍ ഫോര്‍മാറ്റ് ചെയ്താണ് നല്‍കിയതെന്ന് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. മറ്റൊരു ഐ പി അഡ്രസ് ഫോണില്‍ ഉപയോഗിച്ചിട്ടില്ലെന്നും മെറ്റ അന്വേഷണ സംഘത്തിന് മറുപടി നല്‍കിയിട്ടുണ്ട്. അസ്വാഭാവികമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലന്നും മെറ്റ അറിയിച്ചിട്ടുണ്ട്. കെ ഗോപാലകൃഷ്ണനെ അഡ്മിനാക്കിയാണ് മല്ലു ഹിന്ദു ഓഫീസേഴ്‌സ് എന്ന പേരില്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുണ്ടാക്കിയിരിക്കുന്നത്.

സംഭവത്തിന് പിന്നാലെ ഗ്രൂപ്പ് ഡിലീറ്റ് ചെയ്തുവെന്നും വാട്‌സ്ആപ്പ് അണ്‍ ഇന്‍സ്റ്റാള്‍ ചെയ്തുവെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞിരുന്നു. ഉടനെ ഫോണ്‍ മാറ്റുമെന്നും ഗോപാലകൃഷ്ണന്‍ ഉദ്യോഗസ്ഥര്‍ക്ക് അയച്ച സന്ദേശത്തില്‍ പറയുന്നുണ്ട്. തുടര്‍ന്ന് ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടുവെന്ന് ആരോപിച്ച് കെ ഗോപാലകൃഷ്ണന്‍ സൈബര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തന്റെ അറിവോടെയല്ല സംഭവമെന്നാണ് ഗോപാലകൃഷ്ണന്‍ പറയുന്നത്. തന്റെ പേരില്‍ 11 ഗ്രൂപ്പുകള്‍ രൂപീകരിച്ചുവെന്നും മല്ലു മുസ്ലിം എന്ന പേരിലും ഗ്രൂപ്പുണ്ടെന്നുമാണ് ഗോപാലകൃഷ്ണന്‍ ആരോപിക്കുന്നത്.

Content Highlights: Government to Intervene in Mallu Hindu Whatsapp Group Issue

To advertise here,contact us