'ആൻ്റോ ജോസഫ് കോൺഗ്രസ് സാംസ്‌കാരിക കൂട്ടായ്മയുടെ ഭാരവാഹി അല്ല'; സാന്ദ്രാ തോമസിന് കെ സുധാകരൻ്റെ മറുപടി

നേരത്തെ കോൺഗ്രസിൻ്റെ സാംസ്കാരിക കൂട്ടായ്മയുടെ തലപ്പത്ത് നിന്നും ആരോപണ വിധേയനായ ആൻ്റോ ജോസഫിനെ മാറ്റണമെന്ന് സാന്ദ്രാ തോമസ് ഫേസ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെട്ടിരുന്നു

തൃശ്ശൂർ: ആൻ്റോ ജോസഫിനെതിരെ നടപടി വേണമെന്ന സാന്ദ്ര തോമസിന്റെ ആവശ്യത്തിൽ മറുപടിയുമായി കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ. ആൻ്റോ ജോസഫ് കോൺഗ്രസ് സാംസ്‌കാരിക കൂട്ടായ്മയുടെ ഭാരവാഹി അല്ലെന്നാണ് കെ സുധാകരൻ വ്യക്തമാക്കിയിരിക്കുന്നത്. നേരത്തെ കോൺഗ്രസിൻ്റെ സാംസ്കാരിക കൂട്ടായ്മയുടെ തലപ്പത്ത് നിന്നും ആരോപണ വിധേയനായ ആൻ്റോ ജോസഫിനെ മാറ്റണമെന്ന് സാന്ദ്രാ തോമസ് ഫേസ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെട്ടിരുന്നു.

തന്നെ അപമാനിച്ച സംഭവത്തിലെ ഒന്നാംപ്രതി ഇപ്പോഴും സംഘടനയിൽ തുടരുന്നുവെന്നും ആൻ്റോ ജോസഫിനെ മാറ്റാൻ കോൺഗ്രസ് നേതൃത്വം തയ്യാറാകണമെന്നുമായിരുന്നു സാന്ദ്രാ തോമസിൻ്റെ ആവശ്യം. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സാംസ്‌കാരിക സംഘടനയുടെ നേതൃ സ്ഥാനത്ത് താൻ കൊടുത്ത കേസിൽ പ്രതിയാക്കപ്പെട്ട ആൻ്റോ ജോസഫാണ് ഉള്ളത്. ആൻ്റോ ജോസഫിനെ മാറ്റാനുള്ള ഒരു സ്ത്രീപക്ഷ നിലപാട് സ്വീകരിക്കാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സംസ്ഥാന നേതൃത്വം തയ്യാറായിട്ടില്ല എന്നുള്ളത് കേരളത്തിലെ സ്ത്രീസമൂഹത്തോടു കാണിക്കുന്ന അവഹേളനം ആണെന്ന് സാന്ദ്രാ തോമസ് കുറ്റപ്പെടുത്തിയിരുന്നു. ഇതിന് മറുപടിയാണ് കെപിസിസി പ്രസിഡൻ്റ് നടത്തിയിരിക്കുന്നത്.

Also Read:

Kerala
വഖഫ് ബോർഡിനെ പേര് പറയാതെ കിരാതമെന്ന് പരോക്ഷമായി സൂചിപ്പിച്ച് സുരേഷ് ഗോപി

സാന്ദ്രാ തോമസിൻ്റെ ഫേസ്ബുക്ക് കുറിപ്പിൻ്റെ പൂർണ്ണരൂപം

പ്രതിപക്ഷ സംഘടനകളും മൗനം പാലിക്കുന്നുവോ ?

കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ ഹേമ കമ്മിറ്റി റിപ്പോർട്ടിലെ സിനിമ മേഖലയിലെ സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട അടിയന്തരപ്രമേയ ചർച്ചക്ക് നോട്ടീസ് നൽകിയ പ്രതിപക്ഷ മുന്നണി, അതിലെ പ്രധാന കക്ഷിയായ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സാംസ്‌കാരിക സംഘടനയുടെ നേതൃ സ്ഥാനത്ത്‌ നിന്ന് ഞാൻ കൊടുത്ത കേസിൽ പ്രതിയാക്കപെട്ട ആന്റോ ജോസഫിനെ മാറ്റാനുള്ള ഒരു സ്ത്രീപക്ഷ നിലപാട് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സംസ്ഥാന നേതൃത്വം തയ്യാറായിട്ടില്ല എന്നുള്ളത് കേരളത്തിലെ സ്ത്രീസമൂഹത്തോടു കാണിക്കുന്ന അവഹേളനം ആണ്.

കേരളത്തിൽ മൂന്ന് മണ്ഡലങ്ങളിൽ ഉപതെരുഞ്ഞെടുപ്പു നടക്കുമ്പോൾ 2 മണ്ഡലങ്ങളിലും കോൺഗ്രസിന്റെ സ്ഥാനാർത്ഥികൾ സ്ത്രീകൾ ആണ് , അത് സ്വതാർഹവുമാണ് . ഈ സാഹചര്യത്തിൽ കോൺഗ്രസ് നേതൃത്വം സാംസകാരിക സംഘടനയുടെ നേതൃത്വത്തിൽ നിന്ന് കുറ്റാരോപിതനായ ശ്രീ ആന്റോ ജോസഫിനെ മാറ്റി നിർത്തി മാതൃക കാണിക്കേണ്ടതാണ് , അല്ലാത്തപക്ഷം പ്രതിപക്ഷ പാർട്ടികളുടെ സ്ത്രീപക്ഷ നിലപാടുകൾ സംശയത്തോടു കൂടി മാത്രമേ കേരളത്തിലെ സ്ത്രീ സമൂഹം നോക്കി കാണുകയുള്ളു. അതുകൊണ്ടു കോൺഗ്രസ് നേതൃത്വം അടിയന്തിരമായി വിഷയത്തിൽ ഇടപെട്ടു ആന്റോ ജോസഫിനെ തൽസ്ഥാനത്തു നിന്ന് മാറ്റി മാതൃക കാണിക്കണമെന്ന് ആവശ്യപെടുന്നു അഭ്യർത്ഥിക്കുന്നു.

പ്രതീക്ഷയോടെ

സാന്ദ്ര തോമസ്

Content Highlights: K Sudhakaran replied to Sandra Thomas about Anto Joseph

To advertise here,contact us