ബേപ്പൂരിൽ മത്സ്യബന്ധന ബോട്ടിന് തീപിടിച്ചു; രണ്ട് പേർക്ക് പൊള്ളലേറ്റു

ബേപ്പൂർ ഹാർബറിൽ അഹൽ ഫിഷറീസ് എന്ന ബോട്ടിലാണ് തീപിടിത്തമുണ്ടായത്

കോഴിക്കോട്: ബേപ്പൂരിൽ മത്സ്യബന്ധന ബോട്ടിന് തീപിടിച്ച് രണ്ട് പേർക്ക് പൊള്ളലേറ്റു. ലക്ഷദ്വീപ് സ്വ​ദേശികളായ താജുൽ അക്ബർ, റഫീഖ് എന്നിവർക്കാണ് പൊള്ളലേറ്റത്. ഇരുവരുടേയും ശരീരമാസകലം പൊള്ളലേറ്റിട്ടുണ്ട്. ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 11.45ഓടെയായിരുന്നു സംഭവം.

ബേപ്പൂർ ഹാർബറിലെ അഹല ഫിഷറീസ് എന്ന ബോട്ടിലാണ് തീപിടിത്തമുണ്ടായത്. ബോട്ടിന്റെ എൻജിനിൽ നിന്നാണ് തീപടർന്നത്. ബോട്ട് പൂർണ്ണമായും കത്തി നശിച്ചു. മത്സ്യ ബന്ധനത്തിനായി പുറപ്പെടാനിരുന്ന ബോട്ടിനാണ് തീപിടിച്ചത്.

ബോട്ടിലുണ്ടായിരുന്ന ​ഗ്യാസിലിണ്ടറുകൾ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. ഉഗ്രസ്ഫോടനത്തോടെ പൊട്ടിത്തെറിയുണ്ടായെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. വിവരം ലഭിച്ച ഉടനെ മീഞ്ചന്ത, നരിക്കുനി, മുക്കം എന്നിവിടങ്ങളിൽ നിന്ന് അ​ഗ്നിരക്ഷാ സേനയെത്തിയാണ് തീ അണച്ചത്. രണ്ട് ദിവസം മുൻപാണ് ബോട്ട് ബേപ്പൂർ തുറമുഖത്ത് എത്തിയത്.

Content Highlights: Fishing boat fire two people were injured in the incident in Beypore

To advertise here,contact us