വിമർശനം തുടർന്ന് പ്രശാന്ത് ഐഎഎസ്; ജയതിലകിനെതിരായ സിബിഐ അന്വേഷണ വാ‍ർത്ത പങ്കുവെച്ച് ഫേസ്ബുക്ക് പോസ്റ്റ്

ജയതിലക് മാതൃഭൂമിയെപ്പോലൊരു മഞ്ഞപ്പത്രത്തെ കൂട്ട്‌ പിടിച്ച്‌ ബാലിശമായ വ്യാജ നരേറ്റീവ്‌ സൃഷ്ടിക്കുന്നു എന്നും പ്രശാന്ത് ഐഎഎസ്

കൊച്ചി: ജയതിലകിനെതിരെ വീണ്ടും ഫേസ്ബുക്ക് വിമ‍ർശനവുമായി പ്രശാന്ത് എൻ ഐഎഎസ്. ഹിന്ദു ദിനപത്രത്തിൽ വന്ന സിബിഐ അന്വേഷണ വാ‍ർത്ത പങ്കുവെച്ചാണ് പ്രശാന്ത് ഐഎഎസ് ഇത്തവണ ജയതിലകിനെതിരായ രൂക്ഷ വിമർശനം ഫേസ്ബുക്കിലൂടെ ഉന്നയിച്ചിരിക്കുന്നത്. ജയതിലക് സ്വയം എഴുതിക്കൂട്ടിയ റിപ്പോർട്ട് ഇന്നും വാർത്തയാക്കിയെന്നും ജയതിലകിനെ ചില മാധ്യമങ്ങൾ സംരക്ഷിക്കുന്നുവെന്നും ഫെയ്സ്ബുക്ക് കുറിപ്പിൽ പ്രശാന്ത് ഐഎഎസ് കുറ്റപ്പെടുത്തിയിട്ടുണ്ട്.

'അനവധി അഴിമതിക്കേസുകളിൽ ആരോപിതനായാലും, സിബിഐ അന്വേഷണം വരെ എത്തിയാലും, മാധ്യമ-കച്ചവട-മാഫിയ സംഘത്താൽ സംരക്ഷിക്കപ്പെടുന്നവരെ കുറിച്ചുള്ള ഫയലുകളിൽ സ്വാഭാവികമായും നടപടിയാവുമെന്ന് ചിന്തിക്കുന്നത്‌ അതിരുകടന്ന നിഷ്കളങ്കത'യാണെന്നും പ്രശാന്ത് ഫേസ്ബുക്കിൽ കുറിച്ചിട്ടുണ്ട്. ഹിന്ദു വാ‍ർത്തിയിലെ ജയതിലകിനെതിരായ സിബിഐ അന്വേഷണ വാ‍ർത്ത പങ്കുവെച്ചു കൊണ്ട് താഴെക്കാണുന്ന സിബിഐ അന്വേഷണത്തെക്കുറിച്ച്‌ മാതൃഭൂമിയിലെ നട്ടെല്ലുള്ള ഒരു ലേഖകൻ ആദ്യം ചെയ്ത വാർത്ത യൂട്യൂബിൽ കിടപ്പുണ്ട്‌. മാതൃഭൂമി ആ വിഷയം പിന്നീട്‌‌ മുക്കാൻ കാരണമെന്തായിരിക്കും? മിക്ക മാധ്യമങ്ങളിലും ഡോ.ജയതിലകിനെതിരെ വാർത്ത ചെയ്യാൻ വിലക്കുണ്ടെന്നും പ്രശാന്ത് ഫേസ്ബുക്ക് കുറിപ്പിൽ ആരോപിക്കുന്നുണ്ട്.

Also Read:

Tech
'കള്ളന്മാരെ ചുറ്റിക്കും പൊലീസിനെയും!'; ആപ്പിളിൻ്റെ iOS 18.1ലെ പുതിയ സുരക്ഷാ ഫീച്ചർ വലയ്ക്കുമോ?

18 വർഷം സർവ്വീസുള്ള ഒരു ഐഎഎസ് ഉദ്യോ​ഗസ്ഥൻ മാതൃഭൂമിയെപ്പോലൊരു മഞ്ഞപ്പത്രത്തെ കൂട്ട്‌ പിടിച്ച്‌ ബാലിശമായ വ്യാജ നരേറ്റീവ്‌ സൃഷ്ടിക്കുന്നു എന്നും പ്രശാന്ത് ഐഎഎസ് കുറ്റപ്പെടുത്തുന്നുണ്ട്. അതിന് ധൈര്യപ്പെടുന്ന വ്യക്തി മറ്റ്‌ കീഴുദ്യോഗ്സ്ഥരോട്‌ എന്തൊക്കെ ചെയ്ത്‌ കാണും എന്ന് ചിന്തിച്ചിട്ടുണ്ടോയെന്നും പ്രശാന്ത് ഫേസ്ബുക്ക് പോസ്റ്റിൽ ചോദിക്കുന്നുണ്ട്. 'അദ്ദേഹം കൽപ്പിക്കുന്ന രീതിയിൽ ഫയൽ/റിപ്പോർട്ട്‌/നോട്ടെഴുതാൻ വിസമ്മതിച്ച എത്ര സത്യസന്ധരുടെ കരിയറും ജീവിതവും ഇദ്ദേഹം നശിപ്പിച്ചിട്ടുണ്ടെന്ന് സെക്രട്ടേറിയറ്റ്‌ ഇടനാഴിയിൽ വെറുതേ നടന്നാൽ കേൾക്കാം. അദ്ദേഹം ജോലി ചെയ്ത എല്ലാ വകുപ്പിലും ഒന്ന് ചോദിച്ചാൽ തീരുന്ന സംശയമേ ഉള്ളൂവെന്നും' പ്രശാന്ത് ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

പബ്ലിക് സ്ക്രൂട്ടനി ഉണ്ടെങ്കിൽ മാത്രമേ ന്യായമായത്‌ നടക്കൂ എന്ന സമകാലിക ഗതികേട്‌ കൊണ്ടാണ്‌ റിസ്‌ക്‌ എടുത്ത്‌ ഒരാൾ 'വിസിൽ ബ്ലോവർ' ആവുന്നത്‌ എന്നത്‌ ദയവായി മനസ്സിലാക്കണമെന്നും പ്രശാന്ത് ഫേസ്ബുക്കിൽ കുറിച്ചു. 'ഭരണഘടനയുടെ 311-ാം അനുച്ഛേദത്തിന്റെ സുരക്ഷയുള്ള ഒരു ഐഎഎസുകാരനെങ്കിലും ധൈര്യപൂർവ്വം ഒരു 'വിസിൽ ബ്ലോവർ' ആയേ പറ്റൂ. തൽക്കാലം ഞാനല്ലാതെ ആര്' എന്നും പ്രശാന്ത് ചോദിക്കുന്നു.ഐഎഎസുകാരുടെ സർവ്വീസ്‌ ചട്ടപ്രകാരം സർക്കാറിനെയോ സർക്കാർ നയങ്ങളെയോ വിമർശിക്കരുതെന്നാണ്‌. മാതൃഭൂമിയെയോ ജയതിലകിനെയോ ഗോപാലകൃഷ്ണനെയോ വിമർശിക്കരുതെന്നല്ല. അഞ്ച്‌ കൊല്ലം നിയമം പഠിച്ച എനിക്ക്‌ സർവ്വീസ്‌ ചട്ടങ്ങളെക്കുറിച്ച്‌ മഞ്ഞപ്പത്രത്തിന്റെ എഡിറ്റോറിയൽ ഉപദേശം വേണ്ട. ഇന്ത്യൻ ഭരണഘടനയുടെ അനുച്ഛേദം 19(1)(a) ഏതൊരു പൗരനുമെന്ന പോലെ എനിക്കും ഉള്ളതാണെന്നും ഫേസ്ബുക്കിൽ പ്രശാന്ത് കുറിച്ചു.

ഡോ. ജയതിലകുമായി സംസാരിച്ച്‌ സന്ധിയാക്കണം എന്ന് ഭീഷണി രൂപത്തിൽ ചിലർ ഉപദേശിക്കുന്നുണ്ട്‌. സ്വയം അപകടം വിളിച്ച്‌ വരുത്താതിരിക്കാൻ അതാണത്രെ നല്ലത്‌. അദ്ദേഹം നശിപ്പിച്ച ജീവിതങ്ങളുടെ പട്ടിക ചൂണ്ടിക്കാണിച്ചാൽ, എനിക്ക്‌ ഭയമല്ല തോന്നുക. ഇനിയെങ്കിലും ഇതിനൊരു അന്ത്യമുണ്ടാക്കി അവർക്കും നീതി നേടിക്കൊടുക്കുക എന്നേ എന്റെ ചെറിയ വാശിക്ക്‌‌ തോന്നുന്നുള്ളൂവെന്നുമാണ് പ്രശാന്ത് തൻ്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞിരിക്കുന്നത്.

'പൊതുജനമധ്യത്തിൽ സിവിൽ സർവ്വീസിന്റെ 'വില' കളയാതിരിക്കാൻ മൗനം പാലിക്കാനും ചിലർ ഉപദേശിക്കുന്നു. വ്യാജ റിപ്പോർട്ടുകൾ സൃഷ്ടിക്കുകയും, ഫയലുകൾ അപ്രത്യക്ഷമാക്കുകയും, വട്സാപ്പ്‌ ഗ്രൂപ്പുകൾ സൃഷ്ടിക്കുകയും അപ്രത്യക്ഷമാക്കുകയും ഒക്കെ ചെയ്യുന്ന ഒരു ഗ്രൂപ്പ്‌ സിവിൽ സർവ്വീസിൽ ഉണ്ട്‌ എന്നത്‌ ലജ്ജാവഹമാണ്‌. എന്നാലത്‌ ഒളിച്ച്‌ വെക്കുകയാണോ വേണ്ടത്‌? പിന്തിരിപ്പൻ സമൂഹങ്ങളിലെ വലിയ ഉദ്യോഗസ്ഥരുടെയും പ്രമാണിമാരുടെ വീടുകളിൽ 'പീഡോഫീലിയ' പോലുള്ള ഗുരുതരമായ കുറ്റകൃത്യങ്ങൾ രഹസ്യമായി വെക്കാൻ ഉപദേശിക്കുന്ന അതേ ലോജിക്‌' എന്നും പ്രശാന്ത് ഫേസ് ബുക്കിൽ കുറിച്ചിട്ടുണ്ട്.

Also Read:

Kerala
'വ്യാജന്‍ ഇപ്പോള്‍ ഹാക്കറുമായി; ഇനിയും പല തട്ടിപ്പുകളും നടത്തും'; രാഹുലിനെതിരെ സിപിഐഎം ജില്ലാ സെക്രട്ടറി

നേരത്തെ ജയതിലകിനെതിരെയും കെ ​ഗോപാലകൃഷ്ണനെതിരെയും പ്രശാന്ത് ഐഎഎസ് രം​ഗത്ത് വന്നിരുന്നു. മാതൃഭൂമി പത്രത്തിൽ തനിക്കെതിരെ വന്ന റിപ്പോ‍ർട്ടിന് പിന്നാലെയാണ് പ്രശാന്ത് ജയതിലകിനെതിരെ രംഗത്ത് വന്നത്. പ്രശാന്തിനെതിരെ ഇതിനിടെ മുൻമന്ത്രി ജെ മേഴ്സിക്കുട്ടിയമ്മയും രംഗത്ത് വന്നിരുന്നു. വഞ്ചനയുടെ പര്യായമായ ഐഎഎസ് ഉദ്യോഗസ്ഥനാണ് പ്രശാന്തെന്നായിരുന്നു മേഴ്‌സിക്കുട്ടിയമ്മയുടെ വിമർശനം. രാഷ്ട്രീയ ഗൂഢാലോചന നടത്തുന്ന കാര്യത്തിൽ വില്ലന്റെ റോളിൽ പ്രശാന്ത് പ്രവർത്തിച്ചത്. യുഡിഎഫിന് വേണ്ടി വിടുപണി ചെയ്ത ആളാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് യുഡിഎഫിന് വേണ്ടി പ്രശാന്ത് രാഷ്ട്രീയ ഗൂഢാലോചന നടത്തി. ആഴക്കടൽ മത്സ്യബന്ധന കരാർ അതിന്റെ ഭാഗമായിരുന്നുവെന്നും മേഴ്‌സിക്കുട്ടിയമ്മ ഫേസ്ബുക്കിൽ കുറിച്ചു.

Content Highlights: N Prasanth IAS retaliated against Jayathilak IAS in a Facebook post

To advertise here,contact us