വാഹനത്തില്‍ രേഖകളില്ലാത്ത പണം കടത്തി; ചേലക്കര അതിര്‍ത്തിയില്‍ 19 ലക്ഷം രൂപ പിടികൂടി

പണം തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് കൊണ്ടുവന്നതാണെന്നതിന് തെളിവുകളില്ല

ചേലക്കര: ചേലക്കര അതിര്‍ത്തിയില്‍ 19 ലക്ഷം രൂപ പിടികൂടി. കലാമണ്ഡലത്തിന്റെ സമീപത്ത് നിന്നാണ് പണം പിടിച്ചത്. പണത്തിന്റെ ഉറവിടം വ്യക്തമല്ല. വാഹനത്തില്‍ കടത്തിയ പണമാണ് പിടികൂടിയത്. തിരഞ്ഞെടുപ്പ് സ്‌ക്വാഡ് പരിശോധന നടത്തുന്നുണ്ട്. കൊള്ളപ്പുള്ളി സ്വദേശികളില്‍ നിന്ന് പൊലീസാണ് പണം പിടിച്ചെടുത്തത്. പണത്തെ സംബന്ധിച്ച് മതിയായ രേഖകള്‍ ഇല്ലെന്ന് ഇന്‍കം ടാക്‌സും അറിയിച്ചു. എന്നാല്‍ ബാങ്കില്‍ നിന്ന് പിന്‍വലിച്ച പണമാണിതെന്നാണ് വാദം. കൃത്യമായ രേഖകളുണ്ടെന്നും ഇവർ പ്രതികരിച്ചു.

നാളെ തിരഞ്ഞെടുപ്പ് നടക്കുന്നത് കൊണ്ട് തന്നെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പരിശോധന നടക്കുന്നുണ്ട്. കണക്കില്‍പ്പെടാത്ത പണം വ്യാപകമായി കൊണ്ടുവരുന്നുവെന്ന പരാതിക്കിടയിലാണ് പണം പിടിച്ചെടുത്തിരിക്കുന്നത്. ചെറുതുരുത്തിയില്‍ നിന്ന് തൃശൂരിലേക്ക് വരുന്ന വഴിക്കാണ് പണം പിടിച്ചെടുത്തത്. അതേസമയം പണം തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് കൊണ്ടുവന്നതാണെന്ന തെളിവുകളില്ല.

പണം കൊണ്ടുവന്ന വ്യവസായിയായ ജയനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാല്‍ വീട് പണിക്ക് വേണ്ട ടൈല്‍സ് വാങ്ങാനായി എറണാകുളത്തേക്ക് പോവുകയാണെന്നും ടൈല്‍സ് വാങ്ങാന്‍ വേണ്ടിയാണ് പണമെന്നുമാണ് ജയന്‍ പൊലീസ് നല്‍കിയിരിക്കുന്ന മൊഴി. ബാങ്കില്‍ നിന്ന് 25 ലക്ഷം രൂപ പിന്‍വലിച്ചതിന്റെ രേഖയും ജയന്‍ പൊലീസിന് മുന്നില്‍ ഹാജരാക്കി. എന്നാല്‍ 5.3 ലക്ഷം രൂപ ബാഗില്‍ കുറവാണെന്ന പൊലീസ് ചോദ്യത്തിന് കൃത്യമായ മറുപടി ലഭിച്ചില്ല. ആവശ്യമായ രേഖകളില്ലാത്തതിനാല്‍ പണം ഇന്‍കം ടാക്‌സ് കണ്ടുകെട്ടി.

Content Highlights: 25 Lakhs Money seized in Chelakkara Border

To advertise here,contact us