കൊച്ചിയിലെ ലഹരിക്കേസ്: ഓംപ്രകാശിൻ്റെ മുറിയിൽ ലഹരിസാന്നിധ്യം, അന്വേഷണം വ്യാപിപ്പിക്കാൻ പൊലീസ്

ലഹരി പാർട്ടിയിൽ പങ്കെടുത്തവരിൽ നിന്നും പൊലീസ് വീണ്ടും മൊഴി എടുത്തേക്കും.

കൊച്ചി: ലഹരിക്കേസിൽ അറസ്റ്റിലായ ഗുണ്ടാനേതാവ് ഓംപ്രകാശിന്റെ മുറിയിൽ ലഹരിസാന്നിധ്യം കണ്ടെത്തി. മുറിയിൽ നിന്ന് കണ്ടെടുത്ത കവറിലാണ് കൊക്കെയിനിന്റെ സാന്നിധ്യം കണ്ടെത്തിയത്. കെമിക്കൽ ലാബ് പരിശോധനാ ഫലം പൊലീസിന് ലഭിച്ചതോടെ അന്വേഷണം കൂടുതൽ വ്യാപിപ്പിക്കാനാണ് തീരുമാനം. ലഹരി പാർട്ടിയിൽ പങ്കെടുത്തവരിൽ നിന്നും പൊലീസ് വീണ്ടും മൊഴി എടുത്തേക്കും.

സിനിമ താരങ്ങളടക്കം അടങ്ങിയ കേസാണ് ഓംപ്രകാശുമായി ബന്ധപ്പെട്ടുള്ളത്. ഒക്ടോബർ ആറിനാണ് കുണ്ടന്നൂരിലെ ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ നിന്ന് ഓംപ്രകാശിനെയും ശിഹാസിനെയും മരട് പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രതികള്‍ താമസിച്ചിരുന്ന ഹോട്ടല്‍ മുറിയില്‍ നിന്ന് കൊക്കെയിനടങ്ങിയ കവറും നാല് ലിറ്റര്‍ വിദേശമദ്യവും പിടിച്ചെടുത്തിരുന്നു. പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കിയപ്പോൾ സിനിമാതാരങ്ങളുടെ പേരടക്കം സൂചിപ്പിച്ചുകൊണ്ട് പൊലീസ് റിമാന്‍ഡ്‌ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മൂന്ന് മുറികളാണ് ഓംപ്രകാശും കൂട്ടാളിയും വിവിധ പേരുകളില്‍ ക്രൗണ്‍ പ്ലാസയില്‍ എടുത്തത്. ഇതില്‍ ഒരു മുറിയില്‍ നടി പ്രയാഗ മാര്‍ട്ടിനും നടന്‍ ശ്രീനാഥ് ഭാസിയും സന്ദര്‍ശനം നടത്തിയിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നു.

ഇവരെ കൂടാതെ ഇരുപതോളം പേര്‍ ഹോട്ടല്‍ മുറിയില്‍ എത്തി എന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. പ്രതികള്‍ സ്ഥിരമായി വിദേശത്തുനിന്ന് ലഹരിമരുന്ന് എത്തിച്ച് കൊച്ചിയില്‍ വിൽപ്പന നടത്തുന്നവരാണെന്നും പൊലീസ് കോടതിയെ അറിയിച്ചിരുന്നു.

Content Highligts: cocaine found at omprakash room at kochi drugs case

To advertise here,contact us