ആർജെഡിയിൽ നിന്ന് ലീഗിലേക്ക് കൂറുമാറി; കൗൺസിലറെ ചെരുപ്പ് മാല അണിയിക്കാൻ എൽഡിഎഫ് പ്രവർത്തകരുടെ ശ്രമം, കയ്യാങ്കളി

ആര്‍ജെഡി വിട്ട് മുസ്‌ലിം ലീഗില്‍ ചേര്‍ന്ന കൗണ്‍സിലറെ ചെരുപ്പ് മാല അണിയിക്കാന്‍ ശ്രമിച്ചതാണ് കയ്യാങ്കളിക്ക് കാരണം

കോഴിക്കോട്: കോഴിക്കോട് ഫറോക്ക് നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ കയ്യാങ്കളി. ആര്‍ജെഡി വിട്ട് മുസ്‌ലിം ലീഗില്‍ ചേര്‍ന്ന കൗണ്‍സിലറെ ചെരുപ്പ് മാല അണിയിക്കാന്‍ ശ്രമിച്ചതാണ് കയ്യാങ്കളിക്ക് കാരണം. കയ്യാങ്കളിയുടെ ദൃശ്യങ്ങള്‍ റിപ്പോര്‍ട്ടറിന് ലഭിച്ചു.

ഇന്നലെ നടന്ന യോഗത്തിലാണ് എല്‍ഡിഎഫ്-യുഡിഎഫ് കൗണ്‍സിലര്‍മാര്‍ ഏറ്റുമുട്ടിയത്. പാര്‍ട്ടി മാറിയ കൗണ്‍സിലര്‍ സനൂബിയയുടെ വീടിന് നേരെ കഴിഞ്ഞ ദിവസം ആക്രമണവും നടന്നിരുന്നു. വീടിന് നേരെ കല്ലേറുമുണ്ടായി. അക്രമത്തില്‍ യുഡിഎഫ് പ്രതിഷേധിച്ചിരുന്നു.

പാര്‍ട്ടി മാറിയ ശേഷമുള്ള ആദ്യ യോഗത്തില്‍ പങ്കെടുക്കാന്‍ വന്നപ്പോഴാണ് കയ്യാങ്കളിയുണ്ടായത്. ആര്‍ജെഡി വിട്ടതിന് ശേഷം ഇവര്‍ക്കെതിരെ പൊതുയോഗവും എല്‍ഡിഎഫ് സംഘടിപ്പിച്ചിരുന്നു. ഈ പൊതുയോഗത്തില്‍ ഭീഷണിയുണ്ടായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി സനൂബി പൊലീസിന് പരാതി നല്‍കിയിരുന്നു. വീടിന് നേരെയുണ്ടായ ആക്രമണത്തിലും പൊലീസിന് പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ തങ്ങളുടെ കൂടെയുണ്ടായിരുന്ന ഒരാള്‍ കൂറുമാറിയതിനെ ജനാധിപത്യ രീതിയില്‍ പ്രതിരോധിക്കുകയാണ് ചെയ്തതെന്നാണ് എല്‍ഡിഎഫിന്റെ വാദം.

Content Highlights: LDF workers attempt to make the councilor wear a sandal necklace in Feroke

To advertise here,contact us