ഡിസിയുടേത് ബിസിനസ്; ഇപിക്കെതിരായ വാർത്ത തിരഞ്ഞെടുപ്പ് ദിവസത്തെ സ്ഥിരം കലാപരിപാടിയെന്ന് എ വിജയരാഘവന്‍

'അവര്‍ പുസ്തക കച്ചവടക്കാരല്ലേ. അവരുടേത് ബിസിനസിന്‌റെ ഭാഗമാണ്'

തിരുവനന്തപുരം: ഇ പി ജയരാജന്റെ പുസ്തകവുമായി ബന്ധപ്പെട്ട വിവാദം തിരഞ്ഞെടുപ്പ് ദിവസം സ്ഥിരമായുണ്ടാകുന്ന കലാപരിപാടിയാണെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍. ഡിസി ബുക്‌സിന്‌റേത് ബിസിനസ് തന്ത്രം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

'തിരഞ്ഞെടുപ്പ് ദിവസങ്ങളില്‍ സ്ഥിരമായി ഇത്തരം കാര്യങ്ങളുമായി മാധ്യമങ്ങള്‍ വരാറുണ്ട്. തിരഞ്ഞെടുപ്പ് ദിവസം ഇക്കാര്യം ചോദ്യം ചെയ്ത്, അതിന് ഉത്തരം പറയിപ്പിച്ച്, അതിന് വ്യാഖ്യാനങ്ങള്‍ നടത്തുക എന്ന പ്രക്രിയയിലേക്ക് ഞാനില്ല. അവര്‍ പുസ്തക കച്ചവടക്കാരല്ലേ. വാര്‍ത്തകള്‍ തീരുമ്പോള്‍ നിങ്ങള്‍ പുതിയ വാര്‍ത്ത തേടില്ലേ. അതുപോലെ അവരുടേത് ബിസിനസിന്‌റെ ഭാഗമാണ്', എ വിജയരാഘവന്‍ പറഞ്ഞു.

Also Read:

National
കര്‍ഷകര്‍ക്കെതിരായ അപകീര്‍ത്തി പരാമര്‍ശം; ബിജെപി എംപി കങ്കണ റണാവത്തിന് നോട്ടീയച്ച് കോടതി

'കട്ടന്‍ചായയും പരിപ്പുവടയും' എന്ന പേരില്‍ പേരില്‍ കഴിഞ്ഞ ദിവസം ഡിസി ബുക്‌സ് ഇ പി ജയരാജന്റെ ആത്മകഥയുടെതെന്ന പേരില്‍ പുറത്തുവിട്ട കവര്‍ ചിത്രമാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. പാര്‍ട്ടിക്കെതിരെയും രണ്ടാം പിണറായി സര്‍ക്കാരിനെതിരെയും രൂക്ഷവിമര്‍ശനമാണ് പുസ്തകത്തിലുള്ളത്.

രണ്ടാം പിണറായി സര്‍ക്കാര്‍ ദുര്‍ബലമാണെന്ന വാദമാണ് ഇ പി ജയരാജന്‍ പുസ്തകത്തില്‍ ഉയര്‍ത്തിയിട്ടുള്ളത്. ഇത് കൂടാതെ പി സരിനെതിരെയും ജയരാജന്‍ ആത്മകഥയില്‍ പറയുന്നതായി പുറത്ത് വന്ന പിഡിഎഫില്‍ കാണാം. സ്ഥാനമാനങ്ങള്‍ പ്രതീക്ഷിച്ച് വരുന്നവര്‍ വയ്യാവേലിയാണെന്നും പി വി അന്‍വര്‍ പോലും ഇത്തരം പ്രതീകമായിരുന്നുവെന്നും ഇ പി പറയുന്നു.

എന്നാല്‍ തന്‌റെ ആത്മകഥയിലേത് എന്ന് പറഞ്ഞ് പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് ഇ പി ജയരാജന്‍ പറഞ്ഞു. പുറത്ത് വരുന്നത് വ്യാജ വാര്‍ത്തകളാണെന്നും കവര്‍ ചിത്രം പോലും തയ്യാറാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.

Also Read:

National
രാജ്യത്ത് ഇന്ന് തിരഞ്ഞെടുപ്പ് ചൂട്; ജാർഖണ്ഡിലെ ആദ്യഘട്ടം, 31 നിയമസഭാ മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പ്

വിവാദ കോളിളക്കത്തിന് പിന്നാലെ ഇ പി ജയരാജന്റെ ആത്മകഥയായ 'കട്ടന്‍ചായയും പരിപ്പുവടയും' ഉടന്‍ പ്രസിദ്ധീകരിക്കില്ലെന്ന് വ്യക്തമാക്കി ഡിസി ബുക്ക്‌സ് രംഗത്തെത്തിയിരുന്നു. നിര്‍മ്മിതിയിലുള്ള സാങ്കേതിക പ്രശ്‌നം മൂലം പ്രസാധനം നീട്ടിവെച്ചതായാണ് ഡിസി ബുക്ക്‌സ് ഫേസ്ബുക്കില്‍ കുറിച്ചത്. ഉള്ളടക്കം സംബന്ധിച്ച കാര്യങ്ങള്‍ പുസ്തകം പ്രസിദ്ധപ്പെടുത്തുമ്പോള്‍ വ്യക്തമാകുന്നതാണെന്നും ഡി സി ബുക്‌സ് വിശദീകരിച്ചു.

Content Highlight: EP Jayarajan's autobiography row: A Vijayaraghavan calls controversies a business strategy of DC

To advertise here,contact us