'പിൻവാതിൽ നിയമനം മുതൽ ജാവദേക്കർ കൂടിക്കാഴ്ച വരെ ഇ പി ജയരാജൻ പറഞ്ഞത് നമ്മൾ കേട്ടതാണ്;ഇനി മറുപടി പറയേണ്ടത് ഡിസി'

ഇ പി ജയരാജനുമായി പുസ്തക പ്രസാധനത്തിന് കരാര്‍ വല്ലതും ഉണ്ടാക്കിയിട്ടുണ്ടെങ്കില്‍ ഡിസി ബുക്‌സ് അത് പുറത്തുവിടണമെന്ന് വി ടി ബല്‍റാം

തൃശൂര്‍: സിപിഐഎം നേതാവ് ഇ പി ജയരാജന്റേതെന്ന പേരില്‍ പുറത്ത് വന്ന ആത്മകഥയുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് വി ടി ബൽറാം. പിന്‍വാതില്‍ നിയമനം മുതല്‍ ജാവദേക്കര്‍ കൂടിക്കാഴ്ച വരെയുള്ള വിവാദങ്ങളില്‍ ഇ പി ജയരാജന്‍ പറഞ്ഞ കാര്യങ്ങള്‍ നാം കേട്ടതാണെന്നും ഇനി മറുപടി പറയേണ്ടത് ഡിസി ബുക്‌സ് ആണെന്നും വി ടി ബൽറാം പ്രതികരിച്ചു. ഇ പി ജയരാജന്‍ പറയുന്ന കാര്യങ്ങളിലെ വിശ്വാസ്യത കേരളത്തിന് ഒരുപാട് വട്ടം മനസിലായിട്ടുണ്ടെന്നും അദ്ദേഹം ഫേസ്ബുക്ക് പേജിലൂടെ പരിഹസിച്ചു.

കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട പ്രസാധക സ്ഥാപനമാണ് ഡിസി ബുക്‌സ്. അതുകൊണ്ട് തന്നെ ഡിസി ബുക്‌സ് ക്രഡിബിലിറ്റി തെളിയിക്കണം. ഇ പി ജയരാജനുമായി പുസ്തക പ്രസാധനത്തിന് കരാര്‍ വല്ലതും ഉണ്ടാക്കിയിട്ടുണ്ടെങ്കില്‍ ഡിസി ബുക്‌സ് അത് പുറത്തുവിടണമെന്നും സ്വന്തം വിശ്വാസ്യത അവര്‍ തെളിയിക്കണമെന്നും വി ടി ബല്‍റാം ആവശ്യപ്പെട്ടു.

'കട്ടന്‍ചായയും പരിപ്പുവടയും' എന്ന പേരില്‍ പേരില്‍ കഴിഞ്ഞ ദിവസമാണ് ഡിസി ബുക്‌സ് ഇ പി ജയരാജന്റെ ആത്മകഥയുടെതെന്ന പേരില്‍ കവര്‍ചിത്രം പുറത്ത് വിട്ടത്. പാര്‍ട്ടിക്കെതിരെയും രണ്ടാം പിണറായി സര്‍ക്കാരിനെതിരെയും രൂക്ഷവിമര്‍ശനമാണ് ആത്മകഥയുടേതെന്ന പേരില്‍ പുറത്ത് വന്ന പിഡിഎഫിലുള്ളത്.

Also Read:

Kerala
ജയരാജനെ പിന്തുണച്ച് എം വി ഗോവിന്ദൻ; 'എല്ലാം മാധ്യമങ്ങളുടെ മാനസിക ഗൂഢാലോചന' എന്നും വിമർശനം

രണ്ടാം പിണറായി സര്‍ക്കാര്‍ ദുര്‍ബലമാണെന്ന വാദമാണ് ഇ പി ജയരാജന്‍ പുസ്തകത്തില്‍ ഉയര്‍ത്തിയിട്ടുള്ളത്. ഇത് കൂടാതെ പി സരിനെതിരെയും ജയരാജന്‍ ആത്മകഥയില്‍ പറയുന്നതായി പുറത്ത് വന്ന പിഡിഎഫില്‍ കാണാം. സ്ഥാനമാനങ്ങള്‍ പ്രതീക്ഷിച്ച് വരുന്നവര്‍ വയ്യാവേലിയാണെന്നും പി വി അന്‍വര്‍ പോലും ഇത്തരം പ്രതീകമായിരുന്നുവെന്നും ഇ പി പറയുന്നു. അന്‍വറിന്റെ പിന്നില്‍ തീവ്രവാദ ശക്തികളാണെന്നും ഇ പി പറയുന്നുണ്ട്.

എന്നാല്‍ ഇക്കാര്യങ്ങള്‍ ഇ പി ജയരാജന്‍ നിഷേധിച്ചിട്ടുണ്ട്. തന്റെ ആത്മകഥയിലേത് എന്ന് പറഞ്ഞ് പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് ഇ പി ജയരാജന്‍ പറഞ്ഞു. പുറത്ത് വരുന്നത് വ്യാജ വാര്‍ത്തകളാണെന്നും കവര്‍ ചിത്രമോ പേരോ പോലും തയ്യാറാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു. സരിനെക്കുറിച്ചോ പുറത്ത് വന്ന മറ്റ് കാര്യങ്ങളെക്കുറിച്ചോ എഴുതിയിട്ടില്ലെന്നും എഴുതാന്‍ ഉദ്ദേശിച്ചില്ലെന്നും ഇ പി പറയുന്നു.

Also Read:

Kerala
ഓരോ തിരഞ്ഞെടുപ്പ് കാലത്തും ഓരോ ഇപി വിവാദം; അന്ന് ജാവദേക്കർ, ഇന്ന് ആത്മകഥ

'തികച്ചും അടിസ്ഥാനരഹിതമായ വാര്‍ത്തയാണിത്. ആത്മകഥയെഴുതികൊണ്ടിരിക്കുകയാണ്. ഇപ്പോഴും അത് പൂര്‍ത്തിയായിട്ടില്ല. എഴുതിക്കഴിഞ്ഞ കാര്യങ്ങള്‍ ഒരാള്‍ക്കും ഇതുവരെ ഞാന്‍ കൈമാറിയിട്ടില്ല. പ്രസിദ്ധീകരിക്കട്ടെയെന്ന് ചോദിച്ച് പ്രസാധകര്‍ വിളിച്ചിരുന്നു. അവസാനഭാഗം ഞങ്ങള്‍ എഴുതിയാല്‍ പോരെയെന്ന് ഡിസി ചോദിച്ചു. അത് പറ്റില്ലെന്നും ഞാന്‍ തന്നെ എഴുതുമെന്നും ഞാന്‍ പറഞ്ഞു. മാതൃഭൂമിയും ചോദിച്ചിട്ടുണ്ട്, ആര്‍ക്ക് നല്‍കുമെന്ന് ഞാന്‍ ആലോചിക്കാമെന്ന് പറഞ്ഞതാണ്. കവര്‍ ചിത്രവും തയ്യാറാക്കിയിട്ടില്ല. ഞാന്‍ എന്റെ രാഷ്ട്രീയ ചരിത്രമാണ് എഴുതിക്കൊണ്ടിരിക്കുന്നത്', ഇ പി ജയരാജന്‍ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

സ്വന്തം ബന്ധുക്കള്‍ക്കാര്‍ക്കും താന്‍ പിന്‍വാതിലിലൂടെ സര്‍ക്കാര്‍ ജോലി നല്‍കിയിട്ടില്ല എന്ന് ഇ പി ജയരാജന്‍ പറഞ്ഞത് നമ്മളൊക്കെ കേട്ടതാണ്.

ഇന്‍ഡിഗോ ഫ്‌ളൈറ്റിനകത്ത് എന്താണ് നടന്നത് എന്നതിനെക്കുറിച്ച് ഇ പി ജയരാജന്‍ അന്ന് പറഞ്ഞതും നമ്മളൊക്കെ കേട്ടതാണ്.

വൈദേകം റിസോര്‍ട്ടുമായി തനിക്ക് യാതൊരു ബന്ധവുമില്ല എന്ന് ജയരാജന്‍ പറഞ്ഞതും നമ്മളൊക്കെ കേട്ടതാണ്.

ജാവേദക്കര്‍ ചുമ്മാ ചായ കുടിക്കാന്‍ തന്റെ വീട്ടില്‍ വന്നതിനേക്കുറിച്ച് ജയരാജന്‍ പറഞ്ഞതും നമ്മളൊക്കെ കേട്ടതാണ്.

അതിലൂടെയൊക്കെ ഇ പി ജയരാജന്‍ എന്ന സിപിഎം നേതാവിന്റെ വ്യക്തിപരമായ ഇന്റഗ്രിറ്റിയും പറയുന്ന കാര്യങ്ങളിലെ വിശ്വാസ്യതയും കേരളത്തിന് എത്രയോ വട്ടം മനസ്സിലായിട്ടുള്ളതാണ്.

എന്നിരുന്നാലും ഇപ്പോള്‍ ക്രഡിബിലിറ്റി തെളിയിക്കേണ്ടത് ഡിസി ബുക്‌സാണ്. കാരണം ജയരാജനല്ല ഡിസി ബുക്‌സ്. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട പ്രസാധക സ്ഥാപനമാണ്. പതിറ്റാണ്ടുകളുടെ പാരമ്പര്യമാണ്. എല്ലാ എഴുത്തുകാരുടേയും എണ്ണം പറഞ്ഞ പുസ്തകങ്ങളുടെ പ്രസാധകരാണ്. കേരളത്തിലെ ഏറ്റവും വലിയ ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ സംഘാടകരുമാണ്.

തന്റെ ആത്മകഥ എഴുതിക്കൊണ്ടിരിക്കുന്നതേയുള്ളൂ എന്നും പൂര്‍ത്തിയായാലും അത് ഡിസിക്കല്ല മാതൃഭൂമിക്കാണ് പ്രസിദ്ധീകരണത്തിന് നല്‍കാന്‍ ഉദ്ദേശിക്കുന്നതെന്നും ഇന്ന് പ്രസിദ്ധീകരിക്കാന്‍ നിശ്ചയിക്കപ്പെട്ടിരുന്ന പുസ്തകത്തിന്റെ പ്രൂഫ് പോലും താന്‍ കണ്ടിട്ടില്ലെന്നും 'ആത്മകഥാകൃത്ത്' തന്നെ പരസ്യമായി തള്ളിപ്പറയുമ്പോള്‍ ഇനി മറുപടി പറയേണ്ടത് ഡിസി ബുക്‌സാണ്.

ഇ പി ജയരാജനുമായി പുസ്തക പ്രസാധനത്തിന് കരാര്‍ വല്ലതും ഉണ്ടാക്കിയിട്ടുണ്ടെങ്കില്‍ ഡിസി ബുക്‌സ് അത് പുറത്തുവിടണം. സ്വന്തം വിശ്വാസ്യത അവര്‍ തെളിയിക്കണം.

Content Highlights: V T Balram reaction on E P Jayarajan s autobiography row

To advertise here,contact us