മുഖ്യമന്ത്രി ഇന്ന് പാലക്കാടെത്തും; ആദ്യ യോഗം മേപ്പറമ്പില്‍

എൽഡിഎഫ് സ്ഥാനാര്‍ത്ഥി പി സരിന്‍ മണ്ഡലത്തിലെ വികസന ലൈവത്തോണിനൊപ്പം മുഖ്യമന്ത്രി പങ്കെടുക്കുന്ന തിരഞ്ഞെടുപ്പ് യോഗങ്ങളിലും വോട്ടഭ്യര്‍ത്ഥിക്കും

പാലക്കാട്: രണ്ട് ദിവസത്തെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് പാലക്കാട് മണ്ഡലത്തിലെത്തും. നേരത്തെ തീരുമാനിച്ച പരിപാടി തിരഞ്ഞെടുപ്പ് മാറ്റിയതിനെ തുടര്‍ന്ന് നീട്ടി വെക്കുകയായിരുന്നു. രാവിലെ 11 മണിക്ക് മേപ്പറമ്പിലാണ് ആദ്യ പൊതുയോഗം. ഉച്ചക്ക് ശേഷം മാത്തൂരും കൊടുന്തിരപ്പുള്ളിയിലുമുള്ള തിരഞ്ഞെടുപ്പ് യോഗങ്ങളിലും മുഖ്യമന്ത്രി സംസാരിക്കും. നാളെ കണ്ണാടി, ഒലവക്കോട്, സുല്‍ത്താന്‍പേട്ട എന്നിവിടങ്ങളിലായിരിക്കും മുഖ്യമന്ത്രിയുടെ പ്രചാരണ പരിപാടികള്‍.

യുഡിഎഫിലെയും എന്‍ഡിഎയിലെയും പ്രമുഖ നേതാക്കളായ ദീപാ ദാസ് മുന്‍ഷി, കെ സുധാകരന്‍, വി ഡി സതീശന്‍, കെ സുരേന്ദ്രന്‍ എന്നിവര്‍ മണ്ഡലത്തില്‍ തുടരുന്നുണ്ട്. യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഇന്നത്തെ പര്യടനം രാവിലെ 7 മണിക്ക് പുതുപ്പള്ളി തെരുവില്‍ നിന്ന് തുടങ്ങി വൈകുന്നേരം നാല് മണിക്ക് വിക്ടോറിയ കോളേജ് പരിസരത്ത് റോഡ് ഷോയോടെ അവസാനിക്കും. എൽഡിഎഫ് സ്ഥാനാര്‍ത്ഥി പി സരിന്‍ മണ്ഡലത്തിലെ വികസന ലൈവത്തോണിനൊപ്പം മുഖ്യമന്ത്രി പങ്കെടുക്കുന്ന തിരഞ്ഞെടുപ്പ് യോഗങ്ങളിലും വോട്ടഭ്യര്‍ത്ഥിക്കും. സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാറിനായി സ്ത്രീ ശക്തി എന്ന പേരില്‍ സംഘടിപ്പിക്കുന്ന സ്ത്രീകളുടെ റാലിയാണ് എന്‍ഡിഎ ക്യാമ്പിലെ പ്രധാന പരിപാടി.

Also Read:

National
യുപിയിലെ മെഡിക്കൽ കോളേജിൽ തീപിടിത്തം; 10 നവജാത ശിശുക്കൾ വെന്തുമരിച്ചു

അതേസമയം വ്യാജ വോട്ട് വിവാദത്തില്‍ തിരഞ്ഞെടുപ്പ് ഓഫീസര്‍ അടിയന്തര യോഗം വിളിച്ചിരുന്നു. ഇന്ന് രാവിലെ 11 മണിക്ക് വിക്ടോറിയ കോളേജില്‍ വെച്ചാണ് യോഗം ചേരുക. മണ്ഡലത്തിലെ മുഴുവന്‍ ബിഎല്‍ഒമാരും സെക്ടര്‍ ഓഫീസര്‍മാരും യോഗത്തില്‍ പങ്കെടുക്കും. പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ കൂടുതല്‍ വോട്ടര്‍മാരെ മതിയായ രേഖകളില്ലാതെയും വ്യാജ വിവരങ്ങള്‍ ഉപയോഗിച്ചും ചേര്‍ത്തിരിക്കുന്നതായി റിപ്പോര്‍ട്ടര്‍ ചാനല്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

പല വോട്ടര്‍മാരെയും പുതുതായി ചേര്‍ത്തത് കൃത്യമായ മേല്‍വിലാസമില്ലാതെയാണെന്നും റിപ്പോര്‍ട്ടര്‍ കണ്ടെത്തിയിരുന്നു. മലമ്പുഴ മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്ക് പാലക്കാടും വോട്ടുണ്ടെന്ന് അന്വേഷത്തില്‍ വ്യക്തമായി. ഇവര്‍ക്ക് വീട്ടുനമ്പറും വീട്ടുപേരുമില്ല. മേല്‍വിലാസം വ്യാജമാണെന്നും ഇലക്ഷന്‍ ഐഡികള്‍ വ്യത്യസ്തമാണെന്നും റിപ്പോര്‍ട്ടര്‍ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി.

Also Read:

National
കല്ല്യാണത്തിന് മാത്രമായി ലോൺ തരാൻ ഒരു ആപ്പ്; പദ്ധതിയിൽ സഹകരിച്ച് ടാറ്റ ​ഗ്രൂപ്പും

റിപ്പോര്‍ട്ടര്‍ വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ ജില്ലാ കളക്ടര്‍ ബിഎല്‍ഒമാരോട് വിശദീകരണം തേടിയിരുന്നു. 176-ാം ബൂത്ത് ലെവല്‍ ഓഫീസര്‍ ഷീബയോടായിരുന്നു വിശദീകരണം തേടിയത്. നേരിട്ട് ഹാജരാകാനായിരുന്നു നിര്‍ദേശം. വ്യാജമായി വോട്ടുകള്‍ ചേര്‍ത്തെന്ന് കണ്ടെത്തിയ മേഖലയില്‍ അന്വേഷണം നടത്താന്‍ റവന്യൂ തഹസില്‍ദാര്‍ക്കും റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്കും ഇലക്ഷന്‍ ചുമതലയുള്ള ഡെപ്യൂട്ടി കളക്ടര്‍ നിര്‍ദേശം നല്‍കിയിരുന്നു. ഉടന്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഡെപ്യൂട്ടി കളക്ടറുടെ നിര്‍ദേശമുണ്ട്. ഇതിന് പിന്നാലെയാണ് തിരഞ്ഞെടുപ്പ് ഓഫീസര്‍ ബിഎല്‍ഒമാരുടെ അടിയന്തരയോഗം വിളിച്ചത്.

Content Highlight: CM Pinarayi Vijayan will reach Palakkad today for election campaigning

To advertise here,contact us