'വെറുപ്പിന്റെ രാഷ്ട്രീയത്തിൽ നിന്ന് എല്ലാവരും പുറത്തിറങ്ങണം'; വിഷ്ണുനാഥും നവാസും റിപ്പോർട്ടർ മെഗാലൈവത്തോണിൽ

സന്ദീപ് വാര്യരുടെ കടന്നുവരവ് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയില്‍ ആശങ്കയുണ്ടാക്കിയിട്ടില്ലെന്ന് പി കെ നവാസ്

പാലക്കാട്: വെറുപ്പിന്റെ രാഷ്ട്രീയത്തില്‍ നിന്ന് സന്ദീപ് വാര്യര്‍ മാത്രമല്ല, എല്ലാവരും പുറത്തിറങ്ങണമെന്ന് കോണ്‍ഗ്രസ് നേതാവ് പി സി വിഷ്ണുനാഥ്. വിദ്വേഷ രാഷ്ട്രീയത്തില്‍ നിന്ന് കുറേ ആളുകള്‍ പുറത്തുവരുന്നു എന്നത് സന്തോഷം നല്‍കുന്ന കാര്യമാണ്. സന്ദീപിന്റെ കോണ്‍ഗ്രസ് പ്രവേശനം എടുത്തുചാടിയെടുത്ത തീരുമാനമല്ല. അതുകൊണ്ട് നഷ്ടമുണ്ടായിട്ടില്ലെന്നും പി സി വിഷ്ണുനാഥ് പറഞ്ഞു. സന്ദീപ് വാര്യരുടെ കടന്നുവരവ് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയില്‍ ആശങ്കയുണ്ടാക്കിയിട്ടില്ലെന്ന് എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസും പറഞ്ഞു. റിപ്പോര്‍ട്ടര്‍ മെഗാലൈവത്തോണിലായിരുന്നു വിഷ്ണുനാഥിന്റെയും പി കെ നവാസിന്റെയും പ്രതികരണം.

സിപിഐഎം നേതാക്കളായ എ കെ ബാലന്‍, എം ബി രാജേഷ്, എം വി ഗോവിന്ദന്‍ എന്നിവര്‍ പറഞ്ഞ കാര്യങ്ങള്‍ മാറ്റിപ്പറഞ്ഞുകൊണ്ടേയിരിക്കുകയാണ്. അത് അവരുടെ വിശ്വാസ്യതയെ ബാധിക്കും എന്ന് അവര്‍ തിരിച്ചറിയുന്നില്ല. തങ്ങള്‍ മുന്നോട്ടുവെയ്ക്കുന്ന രാഷ്ട്രീയത്തെ അംഗീകരിച്ച് ആര് മുന്നോട്ടുവന്നാലും അവരെ അംഗീകരിക്കുമെന്നും പി സി വിഷ്ണുനാഥ് പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്റെ ജമാഅത്തെ പരാമര്‍ശത്തില്‍ പി കെ നവാസ് രൂക്ഷവിമര്‍ശനം ഉന്നയിച്ചു. ഉപതിരഞ്ഞെടുപ്പ് ഘട്ടങ്ങളില്‍ വിഷലിപ്തമായ പരാമര്‍ശങ്ങള്‍ നടത്തുന്ന ആര്‍എസ്എസിന് വഴങ്ങിക്കൊടുക്കുന്ന വിഷപ്പാമ്പിനെപ്പോലെയാണ് മുഖ്യമന്ത്രിയെന്നായിരുന്നു നവാസിന്റെ വിമര്‍ശനം. പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് വരെ മുസ്‌ലിം സമുദായങ്ങളുടെ ക്യാപ്റ്റനാകാന്‍ മുഖ്യമന്ത്രി ശ്രമിച്ചു. എന്നാല്‍ ന്യൂനപക്ഷ സമുദായത്തെ തള്ളിപ്പറയുന്ന നിലപാടാണ് മുഖ്യമന്ത്രി പിന്നീട് സ്വീകരിച്ചതെന്നും പി കെ നവാസ് പറഞ്ഞു.

Content Highlights- p c vishnunath and pk navas on sandeep varier congress entry

To advertise here,contact us