പരസ്യ വിവാദം ഇന്നലത്തെ കാര്യം; ഭൂതകാലത്തില്‍ ജീവിക്കരുതെന്ന് എന്‍ എന്‍ കൃഷ്ണദാസ്

സന്ദീപ് വാര്യര്‍ ഇപ്പോഴെങ്കിലും ഭരണഘടന അംഗീകരിച്ചല്ലോയെന്ന് എന്‍ എന്‍ കൃഷ്ണദാസ്

പാലക്കാട്: പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ചരിത്ര വിജയം നേടുമെന്ന് സിപിഐഎം നേതാവ് എന്‍ എന്‍ കൃഷ്ണദാസ്. ഉപതിരഞ്ഞെടുപ്പ് ഫലം കേരള രാഷ്ട്രീയത്തിലും മാറ്റങ്ങള്‍ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാര്‍ മൂന്നാം വട്ടവും അധികാരത്തില്‍ എത്തുന്നതിന്റെ സൂചനയായിരിക്കും ഉപതിരഞ്ഞെടുപ്പ് ഫലമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

എല്‍ഡിഎഫ് പരസ്യ വിവാദം ഇന്നലത്തെ കാര്യമല്ലേയെന്നും ഭൂതകാലത്തില്‍ ജീവിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയില്‍ നിന്ന് കോണ്‍ഗ്രസിലെത്തിയ സന്ദീപ് വാര്യര്‍ ഇപ്പോഴെങ്കിലും ഭരണഘടന അംഗീകരിച്ചല്ലോയെന്നും കൃഷ്ണദാസ് പരിഹസിച്ചു. 'സന്ദീപ് വാര്യര്‍ ഭരണഘടന ഇപ്പോഴെങ്കിലും അംഗീകരിച്ചല്ലോ. ഭരണഘടനയെ അംഗീകരിക്കാത്തവരായിരുന്നല്ലോ അവര്‍. സന്ദീപ് വാര്യരെ സിപിഐഎം ഗൗനിക്കുന്നില്ല. വലിയ പ്രതിഭാസമായി കണക്കാക്കുന്നില്ല', എന്‍ എന്‍ കൃഷ്ണദാസ് പറഞ്ഞു.

അതേസമയം കേരളം ആഗ്രഹിക്കുന്ന വിധിയെഴുത്ത് പാലക്കാട് ഉണ്ടാകുമെന്ന് വടകര എംപി ഷാഫി പറമ്പില്‍ പ്രതികരിച്ചു. മികച്ച ഭൂരിപക്ഷത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയ്ക്ക് അകത്തും പുറത്തും ജനങ്ങള്‍ക്ക് വേണ്ടി രാഹുല്‍ ശബ്ദമുയര്‍ത്തും. എല്‍ഡിഎഫിന്റെ പരസ്യം അവരെ തന്നെ തിരിച്ചടിച്ചു. ബിജെപിയെ സഹായിക്കാനായി ചെയ്തതാണ് ഇതെല്ലാം. സിപിഐഎം പ്രചാരണം പോലും സംഘ പരിവാര്‍ ലൈനിലാകുന്നു. ചിഹ്നമില്ലാത്ത സ്ഥാനാര്‍ത്ഥിയാണ് പാലക്കാട് മത്സരിക്കുന്നതെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

Also Read:

Kerala
'സൂര്യതേജസുള്ള പ്രസ്ഥാനമാണ് സമസ്ത'; ജിഫ്രി തങ്ങളെ വീട്ടിലെത്തി സന്ദർശിച്ച്‌ സന്ദീപ് വാര്യർ

പാലക്കാട് യുഡിഎഫ്, എല്‍ഡിഎഫ്, എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ ഉള്‍പ്പടെ 10 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്. പാലക്കാടിനൊപ്പം മഹാരാഷ്ട്രയും ജാര്‍ഖണ്ഡും ഇന്ന് വിധിയെഴുതും. മഹാരാഷ്ട്രയിലെ 288 സീറ്റുകളിലേക്ക് 4,136 പേരാണ് ജനവിധി തേടുന്നത്. ജാര്‍ഖണ്ഡ് നിയമസഭയിലേക്കുള്ള അവസാന ഘട്ട വോട്ടെടുപ്പാണ് നടക്കുന്നത്. 38 മണ്ഡലങ്ങളിലെ വോട്ടര്‍മാരാണ് വോട്ട് രേഖപ്പെടുത്താനെത്തുക.

Content Highlights: N N Krishnadas about Palakkad election

To advertise here,contact us