അമ്മുവിന്റെ മരണം: സുതാര്യ അന്വേഷണം നടത്തുമെന്ന് ഡിവൈഎസ്പി

അറസ്റ്റ് ചെയ്യപ്പെട്ട മൂന്ന് സഹപാഠികളെയും റിമാന്‍ഡില്‍ വിട്ടിരിക്കുകയാണ്

പത്തനംതിട്ട: നഴ്‌സിംഗ് വിദ്യാര്‍ത്ഥിയായ അമ്മു സജീവന്റെ മരണത്തില്‍ സുതാര്യമായ അന്വേഷണം നടത്തുമെന്ന് പത്തനംതിട്ട ഡിവൈഎസ്പി നന്ദകുമാര്‍. പ്രതികളുടെ മൊഴിയെടുത്തപ്പോള്‍ ആത്മഹത്യ പ്രേരണ കണ്ടെത്തി. അന്വേഷണം പുരോഗമിക്കുകയാണെന്നും ഈ സാഹചര്യത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അമ്മുവിന്റെ മരണത്തില്‍ അറസ്റ്റിലായ മൂന്ന് സഹപാഠികളെ റിമാന്‍ഡ് ചെയ്തിരുന്നു. ഡിസംബര്‍ അഞ്ച് രെയാണ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്. ഇന്ന് രാവിലെ അറസ്റ്റ് ചെയ്ത പ്രതികളെ പത്തനംതിട്ട കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് റിമാന്‍ഡില്‍ വിട്ടത്. പത്തനാപുരം കുണ്ടയം സ്വദേശി അലീന ദിലീപ്, ചങ്ങനാശ്ശേരി സ്വദേശി എ ടി അക്ഷിത, കോട്ടയം അയര്‍ക്കുന്നം സ്വദേശി അഞ്ജന മധു എന്നിവരാണ് അറസ്റ്റിലായത്. ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തിയായിരുന്നു അറസ്റ്റ്. പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ട് എന്നതിനാല്‍ റിമാന്‍ഡില്‍ വിടണമെന്ന് പൊലീസ് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ജാമ്യം നല്‍കിയാല്‍ അന്വേഷണം അട്ടിമറിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും പൊലീസ് കോടതിയെ അറിയിച്ചിരുന്നു. കേസ് ഗൗരവതരമാണെന്നും പൊലീസ് കോടതിയെ അറിയിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് വിദ്യാര്‍ത്ഥിനികളെ റിമാന്‍ഡില്‍ വിട്ടത്.

Also Read:

Kerala
ഞാനിപ്പോള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നു, വരുന്നതു വരട്ടെ: പി കെ ശശി

കഴിഞ്ഞ വെള്ളിയാഴ്ചയാണ് അമ്മു സജീവ് മരിച്ചത്. ഹോസ്റ്റലിന് മുകളില്‍ നിന്ന് ചാടിയെന്നായിരുന്നു വീട്ടില്‍ അറിയിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു മരണം. അമ്മുവിന്റെ മരണത്തില്‍ കുടുംബം ദുരൂഹത ആരോപിച്ചിരുന്നു. അമ്മു ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും സഹപാഠികളില്‍ നിന്ന് മാനസിക പീഡനമുണ്ടായെന്നും സഹോദരന്‍ പറഞ്ഞിരുന്നു. റാഗിങ്ങും വ്യക്തിഹത്യയും സ്ഥിരമായി നേരിട്ടിരുന്നതായും അമ്മുവിന്റെ മുറിയില്‍ സഹപാഠികള്‍ അതിക്രമിച്ച് കടക്കാന്‍ ശ്രമിച്ചിരുന്നുവെന്നും കുടുംബം പറഞ്ഞിരുന്നു.

അമ്മുവിന്റെ ഡയറിയില്‍ നിന്നും ലഭിച്ച ഐ ക്വിറ്റ് എന്ന എഴുത്ത് ലഭിച്ചതോടെ ആത്മഹത്യയാണെന്ന നിഗമനത്തിലായിരുന്നു പൊലീസ്. എന്നാല്‍ ഡയറിയിലുള്ളത് അമ്മുവിന്റെ കയ്യക്ഷരമല്ലെന്ന് പിതാവ് പറഞ്ഞു. അമ്മുവിന് ഡയറി എഴുതുന്ന സ്വഭാവമില്ലെന്നും മറ്റാരെങ്കിലും എഴുതിയതാകാമെന്നും കുടുംബം പറഞ്ഞിരുന്നു.

Content Highlights: Nursing student Ammu's death: will conduct fair investigation Said DYSP

To advertise here,contact us