ഭരണവിരുദ്ധ തരംഗമെന്ന പ്രചാരവേല തകര്‍ന്നു; ചേലക്കരയും പാലക്കാടും അത് വ്യക്തമാക്കുന്നു: ബിനോയ് വിശ്വം

'ബിജെപി വോട്ടുചോര്‍ച്ചയും മറ്റ് വര്‍ഗീയ ശക്തികളുടെ പിന്‍ബലവുമാണ് പാലക്കാട്ടെ യുഡിഎഫിനെ രക്ഷപ്പെടുത്തിയത്'

തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് ഫലം വന്നതോടെ ഭരണവിരുദ്ധ തരംഗം എന്ന പ്രചാരവേല തകര്‍ന്നുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സംസ്ഥാനത്ത് ഭരണ വിരുദ്ധ വികാരത്തിന്റെ കാറ്റ് ആഞ്ഞടിക്കുന്നുവെന്ന യുഡിഎഫ്, ബിജെപി പ്രചാരവേലയെ ജനങ്ങള്‍ തകര്‍ത്തെറിഞ്ഞുവെന്നും എല്‍ഡിഎഫ് അടിത്തറ ശക്തിപ്പെട്ടുവെന്നുമാണ് ചേലക്കര തിരഞ്ഞെടുപ്പ് വിജയവും പാലക്കാട്ട് എല്‍ഡിഎഫ് വോട്ടുവിഹിതം വര്‍ധിച്ചതും വ്യക്തമാക്കുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു.

ബിജെപി വോട്ടുചോര്‍ച്ചയും മറ്റ് വര്‍ഗീയ ശക്തികളുടെ പിന്‍ബലവുമാണ് പാലക്കാട്ടെ യുഡിഎഫിനെ രക്ഷപ്പെടുത്തിയത്. എസ്ഡിപിഐയുടെ വിജയാഹ്ലാദവും അതിന്റെ തെളിവാണ്. കോണ്‍ഗ്രസ്, ബിജെപി അവിശുദ്ധ സഖ്യം മൂന്നിടത്തും പ്രകടമായി. വയനാട്ടില്‍ എല്‍ഡിഎഫ് എല്ലാ പ്രതികൂല സാഹചര്യങ്ങളിലും അടിപതറാതെ രാഷ്ട്രീയ പോരാട്ടം നടത്തി. പണപ്രതാപവും, ജാതി, മത പ്രചാരവേലയും എല്‍ഡിഎഫിന്റെ രാഷ്ട്രീയ ഇച്ഛാശക്തിയെ തളര്‍ത്തിയില്ല. ഭൂരിപക്ഷത്തിന്റെ എണ്ണം പറഞ്ഞ് കോണ്‍ഗ്രസിന് തങ്ങളുടെ രാഷ്ട്രീയ തെറ്റുകള്‍ മൂടിവയ്ക്കാനാവില്ല. ആരാണ് എതിരാളികളെന്ന് കോണ്‍ഗ്രസ് ഇപ്പോഴും തിരിച്ചറിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രതിലോമ ശക്തികളും അതിന്റെ മാധ്യമങ്ങളും ഒരുപോലെ എതിരായിരുന്നിട്ടും എല്‍ഡിഎഫ് അടിത്തറ മെച്ചപ്പെട്ടുവെന്നും ബിനോയ് വിശ്വം പറഞ്ഞു.

Content Highlights: Binoy Viswam Reaction over Bypoll Result

To advertise here,contact us