'എവിടെ അൻവറിന്റെ ഡിഎംകെ എവിടെ?' ഇവിടെയുണ്ടെന്ന് മറുപടി, നേടിയത് 3920 വോട്ട്

മണ്ഡലം, പഞ്ചായത്ത്, ബൂത്ത് അടിസ്ഥാനത്തിലൊന്നും കമ്മിറ്റികളില്ല. അത്തരമൊരു സംഘടനയെ കേരള ജനത ഏറ്റെടുത്തോ എന്നതിനുള്ള മറുപടി കൂടിയായി ഈ തിരഞ്ഞെടുപ്പ്.

ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോൾ 13 ദിവസം മാത്രമായിരുന്നു പി വി അൻവർ എംഎൽഎയുടെ ഡിഎംകെയ്ക്ക് പ്രായം. വെറുമൊരു സാമൂഹിക സംഘടന മാത്രമായി പ്രവർത്തനം തുടങ്ങി. അന്ന് മണ്ഡലം, പഞ്ചായത്ത്, ബൂത്ത് അടിസ്ഥാനത്തിലൊന്നും കമ്മിറ്റികളില്ല. അത്തരമൊരു സംഘടനയെ കേരള ജനത ഏറ്റെടുത്തോ എന്നതിനുള്ള മറുപടി കൂടിയായി ഈ തിരഞ്ഞെടുപ്പ്.

ചേലക്കരയിൽ എൻ കെ സുധീർ ആയിരുന്നു അൻവറിന്റെ പാർട്ടിയുടെ സ്ഥാനാർത്ഥി. സിപിഐഎം സ്ഥാനാർത്ഥി യു ആർ പ്രദീപ് വിജയിച്ച മണ്ഡലത്തിൽ സുധീർ നേടിയത് 3920 വോട്ടാണ്. പിണറായിസത്തിനെതിരെയുള്ള വോട്ട് എന്നാണ് അൻവർ ഇതിനെ വിശേഷിപ്പിക്കുന്നത്. 140 മണ്ഡലങ്ങളില്‍ ഒറ്റയ്‌ക്കൊറ്റയ്ക്ക് നിന്നാല്‍ 3920 വോട്ടുകള്‍ പിടിക്കാന്‍ ശേഷിയുള്ള എത്ര പാര്‍ട്ടികള്‍ കേരളത്തിലുണ്ട് എന്ന വെല്ലുവിളിയും അൻവർ നടത്തുന്നുണ്ട്. എൽഡിഎഫിലെ ഘടകക്ഷികളെ പേരുപറഞ്ഞാണ് അൻവർ ചോദ്യമുന്നയിക്കുന്നത്. 'സിപിഐ. 140 മണ്ഡലങ്ങളില്‍ മത്സരിച്ചാല്‍ ആയിരത്തിലധികം വോട്ടുകിട്ടുന്ന എത്ര മണ്ഡലങ്ങളുണ്ടാവും? കേരള കോണ്‍ഗ്രസ് മാണി വിഭാഗം 140 മണ്ഡലങ്ങളില്‍ മത്സരിച്ചാല്‍ എത്ര സീറ്റുകളില്‍ 3,900 വോട്ടുകള്‍ കിട്ടും? കേരളത്തിലെ നാലാമത്തെ വലിയ പാര്‍ട്ടിയെന്ന് അവകാശപ്പെടുന്ന മുസ്‌ലിംലീഗിന് പോലും പത്തുനാല്‍പ്പത് മണ്ഡലങ്ങള്‍ക്കപ്പുറം ഈ വോട്ട് നേടാനാവില്ല' അൻവർ മാധ്യമങ്ങളോട് പ്രതികരിക്കുന്നു.

Also Read:

Kerala
ആ 860 വോട്ടിന് വേണ്ടിയായിരുന്നോ സരിനെ കൊണ്ടുവന്നത്? വടകരയ്ക്ക് ശേഷം പാലക്കാടും CPIM പ്രതിരോധത്തിൽ

കൃത്യമായ രാഷ്ട്രീയ ആശയത്തിന് മാത്രം കിട്ടിയതാണ് ചേലക്കരയിൽ തങ്ങളുടെ വോട്ടുകളെന്നാണ് അൻവറിന്റെ പക്ഷം. എൽഡിഎഫിൽ നിന്ന് തെറ്റിപ്പിരിഞ്ഞ് പുതിയ പാർട്ടിയുണ്ടാക്കുമ്പോൾ വലിയ അവകാശവാദങ്ങളാണ് അൻവർ ഉയർത്തിയിരുന്നത്. ചേലക്കരയിലും പാലക്കാടും തന്റെ പാർട്ടി വലിയ സ്വാധീനമുണ്ടാക്കുമെന്നായിരുന്നു അൻവറിന്റെ വാദം. പാലക്കാട് പാർട്ടി പ്രകടനവും നടത്തി. പക്ഷേ, പിന്നീട് പാലക്കാട് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ചു, ചേലക്കരയിൽ മാത്രം സ്ഥാനാർത്ഥിയെ നിർത്തി. യുഡിഎഫിൽ നിന്ന് തെറ്റിപ്പിരിഞ്ഞാണ് എൻ കെ സുധീർ അൻവറിനൊപ്പം ചേർന്നത് എന്നതാണ് മറ്റൊരു രസകരമായ വസ്തുത. ചേലക്കരയിലെ യുഡിഎഫ് സ്ഥാനാർഥിയെ പിൻവലിച്ച് തന്റെ സ്ഥാനാർഥിയെ പിന്തുണയ്ക്കണമെന്ന് അൻവർ കോൺ​ഗ്രസിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ കോൺ​ഗ്രസ് ഈ ആവശ്യം നിഷ്കരുണം തള്ളി. അങ്ങനെയാണ് സുധീർ ഡിഎംകെ സ്ഥാനാർത്ഥിയായത്.

ഒരു സ്വാധീനവുമില്ലാത്ത പ്രദേശമാണ് ചേലക്കരയെന്നും മലപ്പുറത്തോ കോഴിക്കോടോ കണ്ണൂരോ ഒക്കെ ആയിരുന്നു ഈ തിരഞ്ഞെടുപ്പ് നടന്നതെങ്കിൽ‌ ചിത്രം വേറെയാവുമായിരുന്നു എന്നൊക്കെയാണ് അൻവർ ഇപ്പോൾ പറയുന്നത്. എന്തായാലും, തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ കാര്യമായ സ്വാധീനം ചെലുത്താൻ കഴിയാതെ വന്നതോടെ അൻവറിന്റെയും പാർട്ടിയുടെയും രാഷ്ട്രീയഭാവി ഇരുളടഞ്ഞോ എന്നാണ് ഇപ്പോൾ ചർച്ചകളുയരുന്നത്.

Also Read:

Kerala
കിങ് മേക്കർ ഷാഫി; രാഹുലിന്റെ വിജയത്തോടെ കോൺഗ്രസിൽ കൂടുതൽ കരുത്തനായി ഷാഫി പറമ്പിൽ
To advertise here,contact us