'ബഹിരാകാശത്തെ പ്രസിഡൻ്റ്'; പാലക്കാട്ടെ ബിജെപി വിജയം പ്രവചിച്ച കെ സുരേന്ദ്രനെ ട്രോളി സന്ദീപ് വാര്യർ

'സുരേന്ദ്രന്‍ പറഞ്ഞ ഏതെങ്കിലും ഒരു കാര്യം കേരള രാഷ്ട്രീയത്തില്‍ ഇതുവരെ ശരിയായി നടന്നിട്ടുണ്ടോ'

പാലക്കാട്: പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാര്‍ വിജയിക്കുമെന്ന് പ്രവചിച്ച ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രനെ ട്രോളി ബിജെപിയില്‍ നിന്ന് കോണ്‍ഗ്രസിലെത്തിയ സന്ദീപ് വാര്യര്‍. സുരേന്ദ്രന്‍ ബഹിരാകാശത്തെ പ്രസിഡന്റ് എന്നായിരുന്നു സന്ദീപ് വാര്യരുടെ പരിഹാസം. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് സുരേന്ദ്രന്‍ നേരിട്ട് നേതൃത്വം നല്‍കിയപ്പോള്‍ തന്നെ തോല്‍ക്കുമെന്ന് തനിക്ക് ഉറപ്പായിരുന്നുവെന്ന് സന്ദീപ് വാര്യര്‍ പറഞ്ഞു.

Also Read:

Kerala
ആ 860 വോട്ടിന് വേണ്ടിയായിരുന്നോ സരിനെ കൊണ്ടുവന്നത്? വടകരയ്ക്ക് ശേഷം പാലക്കാടും CPIM പ്രതിരോധത്തിൽ

സുരേന്ദ്രന്‍ പറഞ്ഞ ഏതെങ്കിലും ഒരു കാര്യം കേരള രാഷ്ട്രീയത്തില്‍ ഇതുവരെ ശരിയായി നടന്നിട്ടുണ്ടോ എന്നും സന്ദീപ് വാര്യര്‍ ചോദിച്ചു. തോല്‍ക്കുന്നതിന്റെ അവസാന നിമിഷം വരെ ജയിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കുന്ന നേതാവാണ് സുരേന്ദ്രന്‍. ഏത് തിരഞ്ഞെടുപ്പ് നടന്നാലും അങ്ങനെയാണ്. സുരേന്ദ്രന്‍ നേതൃത്വം നല്‍കിയ ഒരു തിരഞ്ഞെടുപ്പും ഇന്നേവരെ ജയിച്ച ചരിത്രമില്ല. തൃശൂരില്‍ സുരേഷ് ഗോപിയുടെ വിജയം മാത്രമാണ് ചൂണ്ടിക്കാണിക്കാനുള്ളത്. തൃശൂരിലെ ബിജെപിയുടെ മാഫിയാ നേതൃത്വത്തിനേറ്റ ഏറ്റവും വലിയ തിരിച്ചടിയാണ് ചേലക്കരയിലെ ഉപതിരഞ്ഞെടുപ്പ് ഫലമെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.

ബിജെപി ഓഫീസിനെ കുറിച്ചാണെങ്കില്‍ ചെകുത്താന്‍ കയറിയ വീട് എന്ന് പാടാം എന്നും സന്ദീപ് വാര്യര്‍ പരിഹസിച്ചു. സന്ദീപിനൊപ്പം ആര് പോയി എന്ന കെ സുരേന്ദ്രന്റെയും ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാറിന്റെയും ചോദ്യത്തിന് രജിനികാന്തിന്റെ ഡയലോഗ് ഉപയോഗിച്ചാണ് സന്ദീപ് വാര്യര്‍ മറുപടി പറഞ്ഞത്. 'കണ്ണാ പന്നീങ്ക താന്‍ കൂട്ടമാ വരും, സിങ്കം സിംഗിളാ താന്‍ വരു'മെന്നായിരുന്നു സന്ദീപ് വാര്യരുടെ മറുപടി.

രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു ഫേസ്ബുക്കിലൂടെ കെ സുരേന്ദ്രൻ ബിജെപിയുടെ വിജയം പ്രവചിച്ചത്. പ്രവചനം. 'വടക്കുന്നാഥന് പിന്നാലെ വിശാലാക്ഷീ സമേത വിശ്വനാഥന്‍. പാലക്കാട് വിജയം എന്‍ഡിഎയ്ക്ക്. മൂന്നാം സ്ഥാനത്ത് യുഡിഎഫ്' എന്നായിരുന്നു സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്. പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ വിജയിച്ചതിന് പിന്നാലെ സുരേന്ദ്രനെ ട്രോളി നിരവധി പേരാണ് ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമന്റുമായി എത്തിയത്.

Content Highlights- sandeep varier trolled k surendran after palakkad election result out

To advertise here,contact us