'വിജയവും ഞങ്ങൾ പഠിക്കും, പാതിരാ റെയ്ഡ് നാണംകെട്ട കളി'; ഷാനിമോൾ ഉസ്മാനും ബിന്ദു കൃഷ്ണയും റിപ്പോർട്ടറിനോട്

ബിജെപിയെ ചെറുത്തുതോൽപ്പിക്കൽ ആയിരുന്നു അജണ്ടയെന്നും ഇരുവരും പറഞ്ഞു

പാലക്കാട്: പാതിരാ റെയ്ഡ് നാടകം പാളിയെന്നും യുഡിഎഫിന് അത് ഗുണകരമായെന്നും കോൺഗ്രസ് വനിതാ നേതാക്കളായ ഷാനിമോൾ ഉസ്മാനും ബിന്ദു കൃഷ്ണയും. പാലക്കാട് നടന്നത് മികച്ച തിരഞ്ഞെടുപ്പ് പ്രവർത്തനമാണെന്നും ബിജെപിയെ ചെറുത്തുതോൽപ്പിക്കൽ ആയിരുന്നു അജണ്ടയെന്നും ഇരുവരും പറഞ്ഞു.

'രാഹുലിന്റെ വിജയത്തിന് ഒരുപാട് കാരണങ്ങളുണ്ട്. വിജയത്തെക്കുറിച്ച് പഠിക്കുന്ന സംവിധാനം ഞങ്ങൾക്കുണ്ട്. ഞങ്ങൾ മുപ്പത് ദിവസത്തിലധികം അവിടെ നിന്ന ആളുകളാണ്. പാലക്കാടിന്റെ രീതി അനുസരിച്ച് രാഹുൽ പരാജയപ്പെടുമെന്ന് ഒരിക്കൽ പോലും തോന്നിയിട്ടില്ല. ഞങ്ങൾ സാധാരണ ജനങ്ങളുടെ ജീവിത കാര്യങ്ങൾ മുന്നോട്ടു വെച്ചപ്പോൾ അതിനിടയിൽ നാടകവും തിരക്കഥയുമായി സിഎപിഐഎം രംഗത്തുവന്നു. ആരെയും വെറുതെ വിടാൻ പോകുന്നില്ല. സ്ത്രീകളുടെ മുറിയിൽ ആഭാസനാടകം കളിച്ച പൊലീസുകാരെയും നേതാക്കളെയും പുറത്തുകൊണ്ടുവരും'; ഷാനിമോൾ ഉസ്മാൻ പറഞ്ഞു.

Also Read:

Kerala
സ്ഥാനാര്‍ത്ഥി നിര്‍ണയം മുതല്‍ സന്ദീപ് വരെ; പാലക്കാട് പരാജയത്തില്‍ സുരേന്ദ്രനെതിരെ ബിജെപിയില്‍ പടയൊരുക്കം

പാതിരാ റെയ്ഡിനെതിരെയും സിപിഐഎമ്മിന്റെ വ്യാജപ്രചാരണങ്ങൾക്കെതിരെയും ജനങ്ങൾ വിധിയെഴുതിയെന്നായിരുന്നു ബിന്ദു കൃഷ്ണയുടെ പ്രതികരണം. 'കേരളത്തിന്റെ ഭരണം ഇത്രയും അധഃപതിക്കുകയാണല്ലോ. സിപിഐഎമ്മിനെ പോലെ കള്ളപ്പണവും മറ്റും കൊണ്ടുനടക്കുന്നവരല്ല ഞങ്ങൾ. റൊട്ടീൻ പരിശോധനയ്ക്ക് ഇങ്ങനെയാണോ പൊലീസ് പോകേണ്ടത്. സേർച്ച് വാറന്റ് ഇല്ല, ഒന്നുമില്ല. കോൺഗ്രസിനെ പ്രതിസ്ഥാനത്തു നിർത്താൻ വേണ്ടി കളിച്ച നാണംകെട്ട കളിയാണിത്. ഇത് ചെയ്തതാരായാലും രാഷ്ട്രീയത്തിൽ നിൽക്കാൻ അർഹതയുള്ളവരല്ല. പാലക്കാട്ടെ ജനത കോൺഗ്രസിനെതിരായുള്ള കുപ്രചാരണങ്ങൾക്കെതിരെ കൂടിയാണ് പ്രതികരിച്ചത്.

Also Read:

Kerala
'പാലക്കാട് തിരിച്ചടി കിട്ടി എന്നത് വസ്തുത'; പരിശോധിക്കുമെന്ന് എം ടി രമേശ് റിപ്പോര്‍ട്ടറിനോട്

അതേസമയം, ചേലക്കരയിലെ സ്ഥാനാർത്ഥി നിര്‍ണയം തെറ്റിയെന്ന് കോണ്‍ഗ്രസിനുള്ളില്‍ വിമര്‍ശനമുണ്ട്. രമ്യ ഹരിദാസിനെ സ്ഥാനാർത്ഥിയാക്കിയതിനെതിരെ മണ്ഡലത്തിനുള്ളിലെ നേതാക്കള്‍ തന്നെ രംഗത്തുവന്നു.

ആലത്തൂര്‍ ലോക്‌സഭ മണ്ഡലത്തിലെ തോല്‍വിക്ക് പിന്നാലെ നിയമസഭ മണ്ഡലത്തില്‍ സ്ഥാനാർത്ഥിയാക്കിയത് തെറ്റായ തീരുമാനമെന്നാണ് വിമർശനം. മണ്ഡലത്തില്‍ നിന്നുള്ളവരെ സ്ഥാനാർത്ഥിയാക്കിയ മുന്നണികള്‍ നേട്ടമുണ്ടാക്കിയതും ചൂണ്ടിക്കാട്ടി. ഭരണവിരുദ്ധ വികാരം വോട്ടാകാതിരുന്നത് സ്ഥാനാർത്ഥിത്വത്തിന്റെ പ്രശ്‌നമാണെന്നും പരാതിയുണ്ട്. ചേലക്കരയില്‍ 12,201 വോട്ടുകള്‍ക്കാണ് യുഡിഎഫ് തോറ്റത്. ഇതിന് പിന്നാലെയാണ് മണ്ഡലത്തിനുള്ളിലെ കോണ്‍ഗ്രസ് നേതാക്കള്‍ പരാതി ഉയര്‍ത്തിയത്.

Content Highlights: Bindu Krishna and Shanimol Usman against palakkad police raid

To advertise here,contact us