രാഷ്ട്രീയത്തില്‍ ഭ്രാന്തവികാരത്തിന്റെ ഉടമസ്ഥന്‍ അഭിപ്രായസ്ഥിരതയില്ലാത്തയാള്‍; ബാലനെ കടന്നാക്രമിച്ച് സുധാകരന്‍

പി സരിന്‍ കോണ്‍ഗ്രസിലേക്ക് തിരിച്ചുവന്നാല്‍ പോലും പരിഗണിക്കില്ലെന്നും കെ സുധാകരന്‍

കൊച്ചി: സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലനെതിരെ രൂക്ഷവിമര്‍ശനവുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ എംപി. അഭിപ്രായ സ്ഥിരതയാണ് രാഷ്ട്രീയ നേതാവിന്റെ ക്വാളിറ്റി. വായില്‍ തോന്നിയതും സമയത്ത് തോന്നിയതും വിളിച്ചുപറയുന്നവര്‍ രാഷ്ട്രീയക്കാരനല്ല. അവന്‍ രാഷ്ട്രീയത്തിന്റെ ഭ്രാന്തവികാരത്തിന്റെ ഉടമസ്ഥനാണെന്ന് കെ സുധാകരന്‍ കടന്നാക്രമിച്ചു. സന്ദീപ് വാര്യരെക്കുറിച്ചുള്ള എ കെ ബാലന്റെ പരാമര്‍ശത്തിലായിരുന്നു സുധാകരന്റെ പ്രതികരണം.

'സന്ദീപ് വാര്യരെക്കുറിച്ചും മനോഹരമായ വാക്കുപയോഗിച്ചയാളാണ് എ കെ ബാലന്‍. സിപിഐഎമ്മില്‍ പോയാല്‍ മിടുക്കനും തറവാടിത്തമുള്ളവനും ക്രിസ്റ്റല്‍ ക്ലിയറും എന്നാണ് പറഞ്ഞത്. കോണ്‍ഗ്രസിലേക്ക് വന്നപ്പോള്‍ എല്ലാം മാറി. അഭിപ്രായ സ്ഥിരതയെന്നത് രാഷ്ട്രീയ നേതാവിന്റെ ക്വാളിറ്റിയാണ്. വായില്‍ തോന്നിയതും സമയത്ത് തോന്നിയതും വിളിച്ചുപറയുന്നവര്‍ രാഷ്ട്രീയക്കാരനല്ല. അവന്‍ രാഷ്ട്രീയത്തിലെ ഭ്രാന്തവികാരത്തിന്റെ ഉടമസ്ഥനാണ്. എന്തിന്റെ അടിസ്ഥാനത്തിലാണ് ഇങ്ങനെ തിരിച്ചും മറിച്ചും സംസാരിക്കുന്നത്', കെ സുധാകരന്‍ ചോദിച്ചു.

പി സരിന്‍ കോണ്‍ഗ്രസിലേക്ക് തിരിച്ചുവന്നാല്‍ പോലും പരിഗണിക്കില്ലെന്നും കെ സുധാകരന്‍ പറഞ്ഞു. ഒരു ക്രിട്ടിക്കല്‍ പോയിന്റില്‍ പാര്‍ട്ടി വിട്ട ചതിയനാണ് സരിന്‍. അദ്ദേഹത്തെ തിരികെ പാര്‍ട്ടിയിലേക്ക് എടുക്കാന്‍ താല്‍പര്യമില്ല, ആഗ്രഹമില്ല, ചെയ്യുകയുമില്ല. ഗോവിന്ദന്‍ മാഷ് തന്നെ കൊണ്ടുനടന്നോട്ടെയെന്നും കെ സുധാകരന്‍ പറഞ്ഞു.

Also Read:

Kerala
ചേലക്കരയിലെ സ്ഥാനാര്‍ത്ഥിത്വത്തില്‍ വീഴ്ചയില്ല, നിര്‍ത്തിയത് നല്ല സ്ഥാനാര്‍ത്ഥിയെ: കെ സുധാകരന്‍

ചേലക്കരയിലെ സ്ഥാനാര്‍ത്ഥിത്വത്തില്‍ വീഴ്ചയില്ലെന്നും സുധാകരന്‍ പ്രതികരിച്ചു. രമ്യ ഹരിദാസിന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് പാര്‍ട്ടിക്കുള്ളില്‍ വിമര്‍ശനമുയര്‍ന്ന സാഹചര്യത്തിലാണ് പ്രതികരണം. സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് തന്നോട് ആരും പരാതി പറഞ്ഞിട്ടില്ലെന്നും സുധാകരന്‍ പറഞ്ഞു. അണികള്‍ക്കിടയില്‍ പരാതിയുണ്ടോ എന്ന് തനിക്കറിയില്ല. ഭൂരിപക്ഷം കുറയ്ക്കാനായത് പ്രവര്‍ത്തനത്തിന്റെ വിജയമാണെന്നുമായിരുന്നു സുധാകരന്റെ പ്രതികരണം.

Content Highlights: K Sudhakaran Against A K Balan

To advertise here,contact us