മുഖ്യമന്ത്രിക്കെതിരെ പറഞ്ഞത്, തെറ്റായി പ്രചരിപ്പിച്ചു: ജിഫ്രി തങ്ങളെ പരിഹസിച്ചിട്ടില്ലെന്ന് പിഎംഎ സലാം

പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിജയത്തിന് പിന്നാലെ കുവൈറ്റില്‍ നടത്തിയ പരാമര്‍ശമാണ് വിവാദമായത്

മലപ്പുറം: സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങളെ പരിഹസിച്ചെന്ന വാര്‍ത്തകള്‍ തള്ളി മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം. മുഖ്യമന്ത്രി പിണറായി വിജയനെതിരായ പരാമര്‍ശം സമസ്തയ്‌ക്കെതിരായി മാധ്യമങ്ങള്‍ പ്രചരിപ്പിക്കുകയായിരുന്നുവെന്നാണ് വിശദീകരണം. പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിജയത്തിന് പിന്നാലെ കുവൈറ്റില്‍ നടത്തിയ പരാമര്‍ശമാണ് വിവാദമായത്.

പാണക്കാട് തങ്ങള്‍ അനുഗ്രഹിച്ച സ്ഥാനാര്‍ത്ഥി ജയിച്ചു. വേറെ ചിലര്‍ അനുഗ്രഹിച്ച സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടു. ആര്‍ക്കൊപ്പമാണ് മുസ്ലിം സമുദായമെന്ന് ബോധ്യപ്പെട്ടു എന്നുമായിരുന്നു പിഎംഎ സലാമിന്റെ പരാമര്‍ശം. പരാമര്‍ശം വിവാദമായതിന് പിന്നാലെ പിഎംഎ സലാമിനെതിരെ സംയുക്ത പ്രസ്താവനയുമായി സമസ്ത നേതാക്കള്‍ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വിശദീകരണം.

ജിഫ്രി മുത്തുക്കോയ തങ്ങളെ പരിഹസിച്ചിട്ടില്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം പ്രതികരിച്ചു. മുത്തുക്കോയ തങ്ങള്‍ക്കെതിരെ പറഞ്ഞിട്ടില്ല. മുഖ്യമന്ത്രി പിണറായി വിജയനെ ഉദ്ദേശിച്ചാണ് പരാമര്‍ശം നടത്തിയത്. എന്നാല്‍ സമസ്തയ്ക്ക് എതിരാണെന്ന് പ്രചരിപ്പിച്ചുവെന്നും പിഎംഎ സലാം പറഞ്ഞു.

Content Highlights: PMA Salam's Response On His Controversial Statement

To advertise here,contact us