'ക്‌ളീഷേ ആണെങ്കിലും അതാണ് സത്യം'; പ്രിയപ്പെട്ടവളുടെ പിറന്നാള്‍ ദിനത്തില്‍ രമേശ് ചെന്നിത്തലയുടെ കുറിപ്പ്

"ജീവിതത്തിലെ ഓരോ ഘട്ടത്തിലും കൈപിടിച്ച് ഒപ്പം നിന്നു എന്നു പറയുമ്പോള്‍ ക്‌ളീഷേ ആണെങ്കിലും അതാണ് സത്യം"

ഇന്ന് മുതിർന്ന കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ ഭാര്യയുടെ പിറന്നാളാണ്. തന്റെ രാഷ്ട്രീയ ജീവിത തിരക്കുകളിലും കുടുംബ ജീവിതത്തിലും നിഴലായി കൂടെ നിൽക്കുന്ന സഹധർമ്മിണി അനിതക്ക് ജന്മദിനാശംസകൾ നേർന്നു കൊണ്ട് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ച വരികൾ ​ഹൃദയസ്പർശിയാണ്. ജീവിതത്തിൽ ഒരിക്കൽ പോലും പരാതി പറയാതെ ഏത് കാര്യവും മുന്നിട്ട് നിന്ന് ചെയ്യാൻ അനിതയ്ക്ക് സാധിച്ചു എന്ന കുറിപ്പോടെയാണ് അദ്ദേഹം ഇരുവരുടെയും ചിത്രം പോസ്റ്റ് ചെയ്തുകൊണ്ട് അനിതയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നത്.

രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റ്

"ഇന്ന് അനിതയുടെ പിറന്നാളാണ്.പാര്‍ട്ടിയാഫീസുകളിലും യാത്രകളിലുമായി കുടുങ്ങിപ്പോയ ഒരു ജീവിതത്തിലേക്കു മുപ്പത്തിയെട്ടു വര്‍ഷം മുമ്പ് കയറി വന്ന് അടുക്കും ചിട്ടയും ഉണ്ടാക്കിയ ഒരാളാണ്. തിരക്കുകളില്‍ നിന്നു പിടിച്ചെടുത്ത് ഒരു ജീവിതമുണ്ടാക്കി അതിന്റെ നെടുംതൂണായി. രണ്ടു മക്കളെ വളര്‍ത്തലും അവരുടെ പഠിത്തക്കാര്യവും ഒക്കെ ഒറ്റയ്ക്കു നടത്തി. ജീവിതത്തിലെ ഓരോ ഘട്ടത്തിലും കൈപിടിച്ച് ഒപ്പം നിന്നു എന്നു പറയുമ്പോള്‍ ക്‌ളീഷേ ആണെങ്കിലും അതാണ് സത്യം. അനിതയ്ക്കു വേണ്ടപ്പോഴെല്ലാം ഒപ്പമുണ്ടാകാന്‍ കഴിഞ്ഞോ എന്നു ചോദിച്ചാല്‍ ഇല്ലെന്നാണുത്തരം. പക്ഷേ അത്തരം ഇല്ലായ്മകളില്‍ പരാതിപ്പെട്ടിയാകാതെ ഉറച്ച പിന്തുണയുമായി കൂടെയുണ്ടാകവുക എന്നതും ഒരു സുകൃതമാണ്. പുരുഷന്മാര്‍ പകച്ചു പോകുന്നിടത്തും പതറാതെ നില്‍ക്കാന്‍ കഴിവുള്ളവരാണ് സ്ത്രീകള്‍. ആ ശക്തി എന്നും എനിക്ക് അനുഗ്രഹമായിട്ടേ ഉള്ളൂ.പ്രിയപ്പെട്ടവള്‍ക്കു പിറന്നാള്‍ ആശംസകള്‍…"

Content Highlights: Congress leader Ramesh Chennithala wishes his wife birthday wishes

To advertise here,contact us