നാട്ടിക അപകടം: വാഹനം ഓടിച്ചത് മദ്യലഹരിയിലായിരുന്ന ക്ലീനർ എന്ന് സംശയം; അറസ്റ്റ്

അപകടത്തിൽ കുട്ടികൾ ഉൾപ്പെടെ അഞ്ച് പേരാണ് മരിച്ചത്, ഏഴ് പേർക്ക് പരിക്കേറ്റിട്ടുണ്ട്

തൃപ്രയാര്‍: നാട്ടികയില്‍ അഞ്ച് പേരുടെ ജീവനെടുത്ത വാഹനാപകടത്തിന് കാരണം മദ്യലഹരിയില്‍ വാഹനമോടിച്ചതെന്ന് സംശയം. മദ്യലഹരിയിലായിരുന്ന ക്ലീനറാണ് വാഹനം ഓടിച്ചതെന്നാണ് വിവരം. കണ്ണൂർ ആലങ്കോട് സ്വദേശി അലക്സ് (33) ആണ് ക്ലീനർ. സംഭവത്തില്‍ ഡ്രൈവറെയും ക്ലീനറെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഇന്ന് പുലര്‍ച്ചെ നാലു മണിയോടെയായിരുന്നു നാട്ടികയില്‍ ഉറങ്ങിക്കിടന്നവര്‍ക്കിടയിലേക്ക് തടി ലോറി പാഞ്ഞുകയറിയത്. സംഭവത്തില്‍ അഞ്ച് പേര്‍ തല്‍ക്ഷണം മരിച്ചു. മരിച്ചവരില്‍ രണ്ട് കുട്ടികളുമുണ്ട്. കാളിയപ്പന്‍ (50), നാഗമ്മ (39), ബംഗാഴി (20), ജീവന്‍ (4), മറ്റൊരു കുട്ടി എന്നിവരാണ് മരിച്ചത്. ഏഴ് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

Also Read:

Kerala
സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത; എട്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട്

നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്ന ദേശീയ പാതയിലായിരുന്നു ഇവര്‍ കിടന്നിരുന്നത്. ഈ ഭാഗം ബാരിക്കേഡ് വെച്ച് അടച്ചിരുന്നു. ഇവ തകര്‍ത്താണ് തടി കയറ്റിയെത്തിയ ലോറി ഇടിച്ചുകയറിയത്. ഗോവിന്ദപുരം സ്വദേശികളാണ് മരിച്ചതെന്നാണ് പൊലീസിന്‌റെ പ്രാഥമിക നിഗമനം.

മൂന്ന് മാസത്തോളമായി പ്രദേശത്ത് നിലയുറപ്പിച്ചവരാണ് വാഹനാപകടത്തില്‍ മരിച്ചത്. സ്ഥിരമായി ഇതേ പ്രദേശത്താണ് സംഘം കിടന്നിരുന്നതെന്ന് പ്രദേശവാസി റിപ്പോര്‍ട്ടറിനോട് പറഞ്ഞു. മരിച്ചവര്‍ ഒരു കുടുംബത്തിലുള്ളവരാണോ എന്ന് വ്യക്തമല്ല. 12 പേരടങ്ങുന്ന സംഘത്തില്‍ നാല് പേരുടെ നില ഗുരുതരമാണ്. അപകടത്തില്‍ ഡ്രൈവര്‍ക്കും പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

Content Highlight: Cleaner and driver arrested in killing 5 people at Nattika

To advertise here,contact us