വയനാട്ടിൽ പൊളിച്ച ആദിവാസി കുടിലുകൾ അവിടെ തന്നെ കെട്ടിക്കൊടുക്കണം; നിർദേശം നൽകി മന്ത്രി ഒ ആർ കേളു

ഫോറസ്റ്റ് ഉദ്യോഗസ്ഥർ കുടിലുകൾ പൊളിച്ചു കളഞ്ഞത് തെറ്റാണെന്നും ഇത് ചെയ്യാൻ പാടില്ലാത്ത കാര്യമാണെന്നും അദ്ദേഹം പറഞ്ഞു

വയനാട്: വയനാട് ആദിവാസി കുടിലുകൾ തകർത്ത സംഭവത്തിൽ പ്രതികരണവുമായി മന്ത്രി ഒ ആർ കേളു. കുടിലുകൾ പൊളിച്ചു കളഞ്ഞത് തെറ്റാണെന്നും ഇത് ചെയ്യാൻ പാടില്ലാത്ത കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. 'പരസ്പരം ആലോചിക്കാതെയാണ് വനം വകുപ്പ് ഇത് ചെയ്തത്. ഇങ്ങനെ ഒരു വിഷയത്തിൽ ഏകപക്ഷീയമായി ഇടപെടുന്നത് ഒരിക്കലും ന്യായീകരിക്കാൻ സാധിക്കില്ല. പൊളിച്ച സ്ഥലത്ത് തന്നെ വീടുകൾ കെട്ടിക്കൊടുക്കാൻ നിർദേശിച്ചിട്ടുണ്ട്', എന്നായിരുന്നു മന്ത്രി ഒ ആർ കേളുവിൻ്റെ പ്രതികരണം.

Also Read:

Kerala
നവീൻ ബാബുവിൻ്റെ മരണം; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയിൽ

തോല്‍പ്പെട്ടി വന്യജീവി സങ്കേതത്തിലെ ബേഗൂരിലായിരുന്നു വനം വകുപ്പിന്റെ ക്രൂരത. 16വര്‍ഷമായി താമസിച്ചിരുന്ന കുടുംബങ്ങള്‍ക്കാണ് രാത്രി ഇരുട്ടിവെളുക്കും മുമ്പേ കുടിലുകള്‍ നഷ്ടമായത്. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സ്ഥലത്തെത്തി തങ്ങളോട് ഷെഡ് പൊളിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു, എന്നാല്‍ പുതിയ ഷെഡ് പണിയാതെ കുടില്‍ ഒഴിയില്ലെന്ന് കുടുംബങ്ങൾ പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മൂന്ന് കുടിലുകള്‍ വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പൊളിച്ചുനീക്കിയത്.

സംഭവത്തില്‍ കുടുംബങ്ങള്‍ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഗര്‍ഭിണികളും കുട്ടികളുമുള്‍പ്പെടെയുള്ളവര്‍ വീടുകളില്‍ ഉണ്ടായിരുന്നുവെന്നും മറ്റ് ഇടമില്ലാത്തതിനാല്‍ തെരുവുകളിലാണ് അന്തിയുറങ്ങിയതെന്നും സംഭവശേഷം കുടുംബാംഗങ്ങൾ റിപ്പോര്‍ട്ടറിനോട് പ്രതികരിച്ചിരുന്നു.

വയനാട് എല്ലാവർക്കും വോട്ട് കുറഞ്ഞു: ഒ ആർ കേളു

വയനാട്ടിൽ വോട്ട് കുറഞ്ഞുവെന്നുള്ളത് വസ്തുതയാണെന്നും എന്നാൽ എൽഡിഎഫിന് മാത്രമല്ല എല്ലാവർക്കും വോട്ട് കുറഞ്ഞുവെന്നും മന്ത്രി ഒ ആർ കേളു പ്രതികരിച്ചു. പെട്ടെന്ന് വീണ്ടും തിരഞ്ഞെടുപ്പ് വന്നപ്പോൾ അതിനോടുള്ള വിമുഖത ആളുകൾ പ്രകടിപ്പിച്ചു. രാഹുൽ ഗാന്ധിയുടെ ഭാഗത്തു നിന്ന് 5 വർഷം കാര്യമായ ഇടപെടലുകൾ വയനാടിൻ്റെ കാര്യത്തിൽ ഉണ്ടായില്ല. അതാണ് വോട്ട് കുറയാൻ കാരണമെന്നും ഒ ആർ കേളു പ്രതികരിച്ചു. ഇതോടൊപ്പം എൻ പ്രശാന്തുമായി ബന്ധപ്പെട്ട വിവാദ വിഷയത്തിലും മന്ത്രി പ്രതികരിച്ചു. ഉന്നതിയുടെ റിക്രൂട്ട്മെന്റ് നടക്കുന്നതേയുള്ളുവെന്നും മന്ത്രിയെന്ന നിലയ്ക്ക് പ്രശ്നങ്ങൾ ഒന്നും കണ്ടില്ലയെന്നാണുമായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം. ഉദ്യോഗസ്ഥർ തമ്മിലുള്ള പ്രശ്നമാണ് നടക്കുന്നതെന്നും ഉന്നതിയുമായി ബന്ധപ്പെട്ട് പരാതികൾ ലഭിച്ചിട്ടില്ലയെന്നും അദ്ദേഹം കൂട്ടിചേർത്തു.

content highlight- O. R. Kelu instructed to build houses on the same place where Wayanad tribal huts were demolished

To advertise here,contact us