പത്തനംതിട്ടയിൽ പനി ബാധിച്ച് 17കാരി മരിച്ചതിൽ ദുരൂഹത; പെൺകുട്ടി 5 മാസം ഗർഭിണിയെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്

രക്ത പരിശോധനയില്‍ പെണ്‍കുട്ടിക്ക് അണുബാധ കണ്ടെത്തി

പത്തനംതിട്ട: പത്തനംതിട്ടയില്‍ പനി ബാധിച്ച് പ്ലസ് ടു വിദ്യാര്‍ത്ഥിനി മരിച്ചതില്‍ ദുരൂഹത. പെണ്‍കുട്ടി അഞ്ച് മാസം ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ പതിനേഴുകാരി ഇന്നലെയാണ് മരിച്ചത്. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.

ഇക്കഴിഞ്ഞ 22-ാം തീയതിയാണ് പെണ്‍കുട്ടി പനിയാണെന്ന് പറഞ്ഞ് പത്തനംതിട്ടയിലെ ഒരു ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയത്. രക്ത പരിശോധനയില്‍ പെണ്‍കുട്ടിക്ക് അണുബാധ കണ്ടെത്തി. തുടര്‍ന്ന് ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കോ, കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കോ പെണ്‍കുട്ടിയെ എത്തിക്കണമെന്ന് ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. ആലപ്പുഴയില്‍ ബന്ധു വീടുകള്‍ ഉണ്ടെന്നും മറ്റും പറഞ്ഞ് മാതാപിതാക്കള്‍ പെണ്‍കുട്ടിയെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഇന്നലെ മരണം സംഭവിച്ചു.

Also Read:

Kerala
കൊലപാതക ശ്രമം, ഗാര്‍ഹിക പീഡനം; പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ് പ്രതിക്കെതിരെ വീണ്ടും കേസ്

കടുത്ത അണുബാധയെ തുടര്‍ന്ന് പെണ്‍കുട്ടി മരിച്ചു എന്നായിരുന്നു പ്രാഥമിക നിഗമനം. പെണ്‍കുട്ടിയുടെ മരണത്തില്‍ അസ്വാഭാവികത തോന്നിയ ഡോക്ടര്‍മാര്‍ പൊലീസില്‍ വിവരം അറിയിക്കുകയും അസ്വാഭാവിക മരണത്തിന് കേസെടുക്കുകയുമായിരുന്നു. തുടര്‍ന്ന് നടത്തിയ പോസ്റ്റുമോര്‍ട്ടത്തില്‍ പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് വ്യക്തമാകുകയായിരുന്നു. പെണ്‍കുട്ടി അമിത അളവില്‍ മരുന്ന് കഴിച്ചിരുന്നുവെന്നും അതുകൊണ്ടാകാം അണുബാധയുണ്ടായതെന്നും പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ പൊലീസിനോട് വ്യക്തമാക്കിയിട്ടുണ്ട്. ഗര്‍ഭിണിയാണെന്ന വിവരം മറ്റാരും അറിയാതിരിക്കാന്‍ പെണ്‍കുട്ടി അമിത അളവില്‍ ഗുളിക കഴിച്ചതാകാം എന്ന സംശയവും ഡോക്ടര്‍മാര്‍ അന്വേഷണ സംഘത്തോട് സൂചിപ്പിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ വിശദമായ അന്വേഷണം നടത്താനാണ് പൊലീസിന്റെ തീരുമാനം. പെണ്‍കുട്ടിയുടെ സംസ്‌കാര ചടങ്ങുകള്‍ ഇന്ന് പത്തനംതിട്ടയിലെ വീട്ടുവളപ്പില്‍ നടന്നു. വരും ദിവസങ്ങളില്‍ അന്വേഷണം ഊര്‍ജിതമാക്കുമെന്ന് അന്വേഷണ സംഘം പറയുന്നു.

Content Highlights- police took unnatural death case on plus two student dies of fever in pathanamthitta

To advertise here,contact us