REPORTER LIVATHON: ഈ കുടുംബങ്ങൾക്കും ജീവിക്കണ്ടേ?; ദുരിതമായി രാമചന്ദ്രൻ ടെക്‌സ്‌റ്റൈൽസിൻ്റെ പാചകശാല

ഇതിന് പുറമേ മനുഷ്യവിസര്‍ജ്യങ്ങള്‍ അടക്കം തുറസ്സായ സ്ഥലത്ത് ഒഴുക്കിവിടുന്നതായും പ്രദേശവാസികള്‍

തിരുവനന്തപുരം: തിരുവനന്തപുരം വള്ളക്കടവിലെ രാമചന്ദ്രന്‍ ടെക്‌സ്റ്റൈല്‍സിൻ്റെ പാചകശാല ജനങ്ങള്‍ക്ക് ദുരിതമാകുന്നു. ജീവനക്കാര്‍ക്ക് നല്‍കാനായി ഭക്ഷണമുണ്ടാക്കുന്ന പാചകശാലയാണ് നാട്ടുകാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത്. പാചകശാലയില്‍ നിന്ന് പുറന്തള്ളപ്പെടുന്ന ഭക്ഷണാവശിഷ്ടങ്ങള്‍ പ്രദേശത്ത് വലിയ തോതില്‍ കെട്ടിക്കിടക്കുകയാണ്. ഇരുപതിലധികം വീട്ടുകാർക്കാണ് ഇവിടെ നിന്നുള്ള മാലിന്യങ്ങൾ ദുരിതമുണ്ടാക്കിയിരിക്കുന്നത്. ഇത് സംബന്ധിച്ച് പ്രദേശവാസികള്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിനും കോര്‍പ്പറേഷനും പരാതി നല്‍കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ജനങ്ങളുടെ ജീവിതദുരിതം റിപ്പോര്‍ട്ടര്‍ ടിവിയുടെ ലൈവത്തോൺ വിശദമായി പരിശോധിക്കുകയാണ്.

Also Read:

Kerala
'കഴുത്തറക്കുന്നത് വീഡിയോയിൽ കണ്ട് പഠിച്ചു; മാതാപിതാക്കളുടെ ഡമ്മി നിർമിച്ച് പരീക്ഷണം; നന്ദന്‍കോട് കേസിൽ മൊഴി

രാമചന്ദ്രന്‍ ടെക്‌സ്റ്റൈല്‍സിലെ ജീവനക്കാര്‍ക്കുള്ള ഭക്ഷണം പാചകം ചെയ്തു കൊണ്ടുപോകുന്നത് വള്ളക്കടവ് പുത്തന്‍പാലത്തിന് സമീപമുള്ള കെട്ടിടത്തില്‍ നിന്നാണ്. ബേക്കറി സാധനങ്ങളും ഇവിടെ തന്നെയാണ് നിര്‍മിക്കുന്നത്. ഇവിടെ നിന്നുള്ള ഭക്ഷണമാലിന്യങ്ങള്‍ ഒഴുക്കിവിടുന്നത് ജനവാസമേഖലയിലേക്കാണ്. ഇതിന് പുറമേ മനുഷ്യവിസര്‍ജ്യങ്ങള്‍ അടക്കം തുറസ്സായ സ്ഥലത്ത് ഒഴുക്കിവിടുന്നതായും പ്രദേശവാസികള്‍ ആരോപിക്കുന്നു. ഇത് പ്രദേശത്ത് കെട്ടിക്കിടന്ന് കൊതുക് പെരുകിയിരിക്കുകയാണ്. മലിന ജലത്തിന്റെ ദുര്‍ഗന്ധം കാരണം പ്രദേശത്തെ ജീവിതം ദുസ്സഹമായിരിക്കുകയാണെന്ന് നാട്ടുകാര്‍ പറയുന്നു. പ്രദേശത്ത് ജലജന്യ രോഗങ്ങള്‍ വര്‍ധിച്ചിരിക്കുകയാണെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. രാമചന്ദ്രന്‍ ടെക്‌സ്റ്റൈല്‍സ് ജീവനക്കാര്‍ക്കായി വന്‍തോതില്‍ ഭക്ഷണം പാചകം ചെയ്യുന്നത് ലൈസന്‍സ് വാങ്ങാതെയാണെന്നുള്ള ആരോപണവുമുണ്ട്. മാലിന്യ നിര്‍മാര്‍ജനത്തിന് മതിയായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുമില്ല.

ഒന്‍പത് മാസങ്ങള്‍ക്ക് മുന്‍പ് പ്രദേശവാസികള്‍ വിഷയം കണ്‍സള്‍ട്ടന്റ് ജയകുമാറിന്റെ ശ്രദ്ധയില്‍പ്പെടുത്തി. എന്നാല്‍ അധികൃതര്‍ തിരിഞ്ഞുനോക്കിയില്ലെന്ന് നാട്ടുകാര്‍ പറയുന്നു. ഇതിന് പുറമേ ഇക്കഴിഞ്ഞ ജൂലൈയില്‍ മേയര്‍ ആര്യ രാജേന്ദ്രനും വിഷയത്തില്‍ ഇടപെട്ടു. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് നടപടിയെടുത്തിരുന്നു. മേയര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വീഡിയോ സഹിതം വിമര്‍ശനം ഉന്നയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ മാസങ്ങള്‍ക്കിപ്പുറവും കൃത്യമായ നടപടിയുണ്ടായില്ല. ഇതോടെ കഴിഞ്ഞ ദിവസം പ്രദേശവാസികള്‍ കൂട്ടത്തോടെ ഭക്ഷണശാലയിലെത്തി പ്രതിഷേധിച്ചു. ഇതോടെ അധികൃതര്‍ മാലിന്യം മണ്ണിട്ട് മൂടി. അതേസമയം, വിഷയം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ റിപ്പോര്‍ട്ടര്‍ ചാനല്‍ സംഘത്തിന് നേരെ സിഐടിയു പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്ന് കയ്യേറ്റശ്രമമുണ്ടായി. മാലിന്യം കെട്ടിക്കിടക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയ റിപ്പോര്‍ട്ടര്‍ ചാനല്‍ വീഡിയോ ജേണലിസ്റ്റ് ശിവപ്രസാദിനെ സിഐടിയു പ്രവര്‍ത്തകരില്‍ ഒരാള്‍ പിടിച്ചുതള്ളി.

അതിനിടെ മാലിന്യം നീക്കാന്‍ നടപടിയുണ്ടാകുമെന്ന് നഗരസഭ വള്ളക്കടവ് കൗണ്‍സിലര്‍ ഷാജിത നാസര്‍ പറഞ്ഞു. വൃത്തിഹീനമായ അന്തരീക്ഷത്തില്‍ പ്രവര്‍ത്തിക്കുന്ന പാചകശാല ഇന്ന് തന്നെ പൂട്ടണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അല്ലാത്ത പക്ഷം താന്‍ തന്നെ പാചകശാല പൂട്ടും. രാമചന്ദ്രന്‍ ടെക്‌സ്റ്റൈല്‍സിനെതിരെ നടപടിയുണ്ടാകുമെന്നും കൗണ്‍സിലര്‍ ഷാജിത വ്യക്തമാക്കി.

Content Highlights- vallakkadavu natives complaint against ramachandran textiles on drainage disposal

To advertise here,contact us