കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ കാവിവത്കരിക്കാൻ ശ്രമിച്ചാൽ ​ഗവർണർ വിദ്യാർത്ഥികളുടെ സമരച്ചൂടറിയും; എസ്എഫ്ഐ

സാങ്കേതിക സർവകലാശാല വിസിയായി ഡോ കെ ശിവപ്രസാദിനെയും, ഡിജിറ്റൽ സർവകലാശാല വിസിയായി ഡോ സിസ തോമസിനെയുമാണ് നിയമിച്ചിരിക്കുന്നത്

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ കാവിവത്കരിക്കാൻ ശ്രമിക്കുകയാണെന്ന് എസ്എഫ്ഐ. യുഡിഎഫ്, കെഎസ്‌യു , എംഎസ്എഫ് പിന്തുണയോടെയെന്ന് ഗവർണർ ഉന്നത വിദ്യാഭ്യാസ മേഖലയെ കാവിവത്കരിക്കാൻ ശ്രമിക്കുന്നതെന്നും എസ്എഫ്ഐ കുറ്റപ്പെടുത്തി.

സംസ്ഥാന സർക്കാർ നൽകിയ ലിസ്റ്റിൽ നിന്ന് മാത്രമേ സാങ്കേതിക സർവകലാശാലയിൽ വൈസ് ചാൻസലറെ നിയമിക്കാൻ പാടുള്ളൂ എന്ന ഹൈക്കോടതി വിധിയെ വെല്ലുവിളിച്ചാണ് ചാൻസലർ ആരിഫ് മുഹമ്മദ് ഖാൻ സാങ്കേതിക, ഡിജിറ്റൽ യൂണിവേഴ്സിറ്റി വിസിമാരെ തന്നിഷ്ട പ്രകാരം തീരുമാനിച്ചതെന്നും എസ്എഫ്ഐ കുറ്റപ്പെടുത്തി.

സാങ്കേതിക സർവകലാശാല വിസിയായി ഡോ കെ ശിവപ്രസാദിനെയും, ഡിജിറ്റൽ സർവകലാശാല വിസിയായി ഡോ സിസ തോമസിനെയുമാണ് നിയമിച്ചിരിക്കുന്നത്. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ കാവിവത്കരിക്കാനാണ് ഹൈക്കോടതിയെ പോലും വെല്ലുവിളിച്ചുള്ള ഗവർണറുടെ നീക്കമെന്നും എസ്എഫ്ഐ കുറ്റപ്പെടുത്തി.

ഇത് അനുവദിച്ച് കൊടുക്കാൻ ആവില്ലെന്നും നിയമവാഴ്ചയെ വെല്ലുവിളിച്ചുളള നീക്കം അവസാനിപ്പിച്ചില്ലെങ്കിൽ ചാൻസലർ കേരളത്തിലെ വിദ്യാർത്ഥികളുടെ സമരച്ചൂടറിയുമെന്നും എസ്എഫ്ഐ സംസ്ഥാന പ്രസിഡൻ്റ് കെ അനുശ്രീ, സെക്രട്ടറി പിഎം ആർഷോ എന്നിവർ പ്രസ്താവനയിലൂടെ മുന്നറിയിപ്പ് നൽകി.

കേരളത്തിലെ യുഡിഎഫ് നേതൃത്വവും കെഎസ്‌യു , എംഎസ്എഫ് ഉൾപ്പെടെയുള്ള വിദ്യാർത്ഥി സംഘടനകളും ആരിഫ് മുഹമ്മദ് ഖാൻ നടത്തുന്ന കാവിവത്കരണത്തെ പിന്തുണച്ച് മിണ്ടാതെയിരിക്കുകയാണെന്നും അവ‌ർ പ്രസ്താവനയിൽ ചൂണ്ടിക്കാണിച്ചു.

Content Highlight : If the governor tries to improve the higher education sector in Kerala, students will go on strike; SFI

To advertise here,contact us