തിരൂര്‍ സതീഷിന്റെ വെളിപ്പെടുത്തല്‍; കൊടകര കുഴല്‍പ്പണക്കേസില്‍ തുടരന്വേഷണത്തിന് അനുമതി

കൊടകര കുഴല്‍പ്പണക്കേസില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ട് ഇരിങ്ങാലക്കുട സെഷന്‍സ് കോടതി

ഇരിങ്ങാലക്കുട: കൊടകര കുഴല്‍പ്പണക്കേസില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ട് ഇരിങ്ങാലക്കുട സെഷന്‍സ് കോടതി. ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിലെ മുന്‍ സെക്രട്ടറി തിരൂര്‍ സതീഷിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ അന്വേഷണ സംഘം തുടരന്വേഷണത്തിന് അനുമതി തേടിയിരുന്നു. അന്വേഷണ സംഘതലവനായ ഡിവൈഎശ്പി വി കെ രാജുവാണ് പബ്ലിക് പ്രോസിക്യൂട്ടര്‍ എം കെ ഉണ്ണികൃഷ്ണന്‍ വഴി കോടതിയെ സമീപിച്ചത്.

ഇരിങ്ങാലക്കുട അഡീഷണല്‍ സെഷന്‍സ് കോടതിയാണ് തുടരന്വേഷണത്തിന് അനുമതി നല്‍കിയത്. 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം.

കൊടകരയില്‍ കുഴല്‍പ്പണമായി എത്തിയത് ബിജെപിയുടെ തിരഞ്ഞെടുപ്പ് ഫണ്ട് ആണെന്നായിരുന്നു സതീഷിന്റെ വെളിപ്പെടുത്തല്‍. താന്‍ ഇതിന് സാക്ഷിയാണെന്നും ചാക്കുകെട്ടുകളിലാണ് പണം കൊണ്ടുവന്നതെന്നും സതീഷ് വെളിപ്പെടുത്തിയിരുന്നു. കൊടകര കുഴല്‍പ്പണക്കേസ് നടക്കുന്ന 2021 ല്‍ ബിജെപിയുടെ തൃശൂര്‍ ഓഫീസില്‍ സെക്രട്ടറിയായിരുന്നു സതീഷ്.

Also Read:

Kerala
സിപിഐഎമ്മിനെ രക്ഷിക്കൂ: കരുനാഗപ്പള്ളി ഏരിയാകമ്മിറ്റി ഓഫീസിലേയ്ക്ക് ഒരു വിഭാഗം പ്രവർത്തകരുടെ പ്രതിഷേധ പ്രകടനം

'ബിജെപി ജില്ലാ ഭാരവാഹികള്‍ വിളിച്ച് ജില്ലാ ഓഫീസിലേക്ക് ചില മെറ്റീരിയലുകള്‍ വരുന്നുണ്ടെന്ന് അറിയിച്ചു. അതിന്റെ അടിസ്ഥാനത്തിലാണ് ഞാന്‍ ജില്ലാ ഓഫീസിലെത്തിയത്. ധര്‍മരാജന്‍ എന്നയാളാണ് പണം എത്തിച്ചത്. ആറോളം ചാക്കുകെട്ടുകള്‍ ഉണ്ടായിരുന്നു. പണമാണെന്ന് ആദ്യം മനസിലായിരുന്നില്ല. പണം കൊണ്ടുവന്നവര്‍ക്ക് മുറിയെടുത്ത് നല്‍കിയത് ഞാനാണ്. ആ പണം പിന്നീട് കൊടകരയിലേക്ക് കൊണ്ടുപോയി', എന്നായിരുന്നു തിരൂര്‍ സതീഷ് വെളിപ്പെടുത്തിയത്.

Content Highlights: Kodakara Hawala case Iringalakuda Sessions Court ordered further investigation

To advertise here,contact us