'മെമ്പർഷിപ്പ് ഇല്ലാത്തവർ കടന്ന് കയറി, അവരാണ് ഞങ്ങളെ പൂട്ടിയിട്ടത്'; കുലശേഖരപുരം സിപിഐഎം ലോക്കൽ സെക്രട്ടറി

ലോക്കൽ കമിറ്റി അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിൽ തർക്കം നടന്നുവെന്നും അദ്ദേഹം പറഞ്ഞു

കൊല്ലം: ലോക്കൽ കമ്മിറ്റി സമ്മേളനത്തിലേക്ക് പാർട്ടി മെമ്പർഷിപ്പ് ഇല്ലാത്തവർ കടന്ന് കയറിയെന്നും അവരാണ് തങ്ങളെ പൂട്ടിയിട്ടതെന്നും കരുനാഗപ്പള്ളി കുലശേഖരപുരം സിപിഐഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി എച്ച് എ സലാം റിപ്പോർട്ടറിനോട്. സമ്മേളനത്തിൽ പത്തിൽ താഴെ പേർ മാത്രം എതിരഭിപ്രായം പറഞ്ഞു. പുറത്ത് നിന്ന് വന്നവർക്കൊപ്പം ഇവരും കൂടി. 86 പ്രതിനിധികൾ സമ്മേളനത്തിൽ ഉണ്ടായിരുന്നു.

ലോക്കൽ കമിറ്റി അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിൽ തർക്കം നടന്നുവെന്നും അദ്ദേഹം പറഞ്ഞു. എൽസി സെക്രട്ടറിയെ തിരഞ്ഞെടുക്കുന്നതിൽ തർക്കം ഇല്ലായിരുന്നു. ലോക്കൽ കമ്മിറ്റിയിൽ പുതിയ അംഗങ്ങളെ തിരഞ്ഞെടുക്കുന്നത് സ്വാഭാവികമാണ്. തനിക്കെതിരെ വന്ന ആരോപണങ്ങൾ അടിസ്ഥാന രഹിതമാണ്. ആരോപണം ഉണ്ടെങ്കിൽ പാർട്ടി സമയബന്ധിതമായി പരിശോധിക്കുമായിരുന്നു. താൻ എൽസി സെക്രട്ടറിയായി എതിർപ്പിനെ അവഗണിച്ച് തുടരുമെന്നും എച്ച് എ സലാം പ്രതികരിച്ചു.

കഴിഞ്ഞ ദിവസമാണ് കരുനാഗപ്പള്ളി കുലശേഖരപുരത്ത് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗങ്ങളെ പൂട്ടിയിട്ടത്. ലോക്കൽ സമ്മേളനത്തിന് എത്തിയ നേതാക്കളെയാണ് ലോക്കൽ കമ്മിറ്റി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിൽ പൂട്ടിയിട്ടത്. സ്ഥലത്ത് സംഘർഷാവസ്ഥയും ഉണ്ടായിരുന്നു. ഇടയ്ക്ക് പ്രവർത്തകർ തമ്മിലുള്ള കയ്യാങ്കളിയും നടന്നു.

Also Read:

Kerala
പൂട്ടിയിടപ്പെട്ട സിപിഐഎം സംസ്ഥാന സമിതി അംഗങ്ങള്‍ പുറത്ത്; സംഘര്‍ഷാവസ്ഥ തുടരുന്നു

പുറത്തേക്ക് വന്ന സംസ്ഥാന സമിതി അംഗം കെ രാജഗോപാൽ മാധ്യമ പ്രവർത്തകരുടെ ക്യാമറക്ക് നേരെയും കയ്യോങ്ങിയിരുന്നു. കരുനാഗപ്പള്ളി ഏരിയ കമ്മിറ്റിയുടെ പരിധിയിലുള്ള പത്ത് ലോക്കൽ കമ്മിറ്റികളിൽ ഏഴിടത്തും സമ്മേളന നടപടികൾ പൂർത്തിയാക്കാൻ സാധിച്ചിരുന്നില്ല. മുടങ്ങിയ ലോക്കൽ സമ്മേളനങ്ങൾ ബുധനാഴ്ച മുതലാണ് വീണ്ടും ചേർന്നു തുടങ്ങിയത്.

Content Highlights: Kulasekharapuram CPIM LC Secretary on conflict

To advertise here,contact us