'അതൃപ്തർക്ക് സ്വാഗതം'; ജി സുധാകരനെ ബിജെപിയിലേക്ക് ക്ഷണിച്ച് കെ സുരേന്ദ്രൻ

ജി സുധാകരൻ ഉയർത്തിപ്പിടിക്കുന്ന വിഷയങ്ങൾ വാസ്തവമാണെന്നും സുരേന്ദ്രൻ പറഞ്ഞു

കൊച്ചി: മുതിർന്ന സിപിഐഎം നേതാവ് ജി സുധാകരനെ ബിജെപിയിലേക്ക് ക്ഷണിച്ച് സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. അതൃപ്തർക്ക് സ്വാഗതം എന്ന് പറഞ്ഞാണ് സുധാകരനെ പേരെടുത്ത് പറയാതെ സുരേന്ദ്രൻ സ്വാഗതം ചെയ്തത്.

ജി സുധാകരൻ ഉയർത്തിപ്പിടിക്കുന്ന വിഷയങ്ങൾ വാസ്തവമാണെന്നും സുരേന്ദ്രൻ പറഞ്ഞു. സിപിഐഎമ്മിനെ മണൽ മാഫിയ സംഘവും കള്ളക്കടത്തുകാരും പിടിമുറുക്കിയിരിക്കുകയാണെന്നും അതാണ് അദ്ദേഹത്തിന്റെ ആരോപണവുമെന്നും സുരേന്ദ്രൻ പറഞ്ഞു. നിരോധനത്തിന് ശേഷം ആലപ്പുഴയിലും കണ്ണൂരിലും കായംകുളത്തും പോപ്പുലർ ഫ്രണ്ടിൽ നിന്നും വ്യാപകമായി ആളുകളെ ഡിവൈഎഫ്‌ഐയിലേക്കും സിപിഐഎമ്മിലേക്കും റിക്രൂട്ട് ചെയ്യുകയാണ്. ബംഗാളിലും ത്രിപുരയിലും സംഭവിച്ചതുപോലെ സിപിഐഎമ്മിൽ നിന്ന് ബിജെപിയിലേക്ക് വലിയ ഒഴുക്കുണ്ടാകുമെന്നും സുരേന്ദ്രൻ പറഞ്ഞു.

Also Read:

Kerala
സിപിഐഎമ്മിനെ തകർക്കാൻ അമേരിക്കയിൽ പരിശീലിച്ച പോസ്റ്റ് മോഡേണിസ്റ്റുകൾ എത്തുന്നു: ഇ പി ജയരാജൻ

പലഘട്ടങ്ങളിൽ സുധാകരൻ പാർട്ടിയെ വിമർശിച്ച് രംഗത്തെത്തിയത് വിവാദമായിരുന്നു. ഇതിന് പിന്നാലെ സിപിഐഎം അമ്പലപ്പുഴ ഏരിയാ സമ്മേളനത്തിലേക്ക് ജി സുധാകരനെ ക്ഷണിക്കാത്തത് ചർച്ചയായിരുന്നു. ഉദ്ഘാടന സമ്മേളനത്തിലും ഇന്ന് നടക്കുന്ന പൊതുസമ്മേളനത്തിൽ നിന്നും ജി സുധാകരനെ ഒഴിവാക്കിയിരുന്നു. സുധാകരന്റെ വീടിനടുത്താണ് ഇത്തവണ പൊതുസമ്മേളന വേദി. എന്നാൽ അദ്ദേഹത്തെ ബുദ്ധിമുട്ടിക്കാതിരിക്കാനാണ് ക്ഷണിക്കാതിരുന്നതെന്നായിരുന്നു ജില്ലാ സെക്രട്ടറി ആർ നാസറിന്‍റെ പ്രതികരണം. പാർട്ടി പരിപാടികളിൽ അദ്ദേഹം പങ്കെടുക്കാറുണ്ട്. നിലവിൽ പാർട്ടി അംഗം മാത്രമാണ് ജി സുധാകരനെന്നും ജില്ലാ സെക്രട്ടറി കൂട്ടിച്ചേർത്തിരുന്നു.

അതേസമയം, ജി സുധാകരനുമായി എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാൽ ഇന്ന് കൂടിക്കാഴ്ച നടത്തിയിരുന്നു. സുധാകരന്റെ വസതിയിൽ എത്തിയായിരുന്നു കൂടിക്കാഴ്ച. സൗഹൃദ സന്ദർശനമായിരുന്നുവെന്ന് കെ സി വേണുഗോപാൽ പ്രതികരിച്ചു. രാഷ്ട്രീയമായ എതിർപ്പുണ്ടെങ്കിലും അദ്ദേഹവുമായി സൗഹൃദമുണ്ടെന്നും കെ സി വേണുഗോപാൽ പറഞ്ഞു.

തന്‍റെ ആരോഗ്യസ്ഥിതി അന്വേഷിച്ചാണ് കെ സി വന്നതെന്ന് ജി സുധാകരനും പ്രതികരിച്ചു. രാഷ്ട്രീയം സംസാരിച്ചോ എന്ന ചോദ്യത്തിന്, കെ സിയുമായി എന്ത് രാഷ്ട്രീയം സംസാരിക്കാനാണെന്നും അദ്ദേഹം സിപിഐഎമ്മിലേക്ക് വരുമോ എന്നാണോ സംസാരിക്കേണ്ടത് എന്നുമായിരുന്നു മറുപടി. പാർട്ടിയിൽ താൻ അസംപ്തൃപ്തനല്ലെന്നും അദ്ദേഹം പ്രതികരിച്ചു. സ്ഥാനമാനങ്ങളില്ലാത്ത താൻ പ്രധാനിയെന്ന് എതിരാളികളും കരുതുന്നുവെന്നും സുധാകരൻ കൂട്ടിച്ചേർത്തു.

Content Highlights: K Surendran invites G Sudhakaran to BJP

To advertise here,contact us