'ഒറ്റുകാരാ സന്ദീപേ, പട്ടാപ്പകല്‍ എടുത്തോളാം'; സന്ദീപ് വാര്യര്‍ക്കെതിരെ ഭീഷണിയുമായി യുവമോര്‍ച്ച

നിങ്ങളുടെ കൊലക്കത്തി പ്രതീക്ഷിച്ചു തന്നെയാണ് ഇരിക്കുന്നതെന്ന മറുപടിയുമായി സന്ദീപ് വാര്യർ

കണ്ണൂര്‍: ബിജെപി വിട്ട സന്ദീപ് വാര്യര്‍ക്കെതിരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ ഭീഷണി മുദ്രാവാക്യം. 'ഒറ്റുകാരാ സന്ദീപേ പാലക്കാട് പട്ടാപ്പകല്‍ എടുത്തോളാം' എന്നാണ് മുദ്രാവാക്യം. കണ്ണൂര്‍ അഴീക്കോട് കെടി ജയകൃഷ്ണന്‍ അനുസ്മരണത്തിലാണ് സംഭവം.

'പ്രസ്ഥാനത്തെ ഒറ്റുകൊടുത്ത നിന്നെ ഞങ്ങള്‍ എടുത്തോളാം' എന്നായിരുന്നു യുവമോർച്ചക്കാർ ഉയർത്തിയ പ്രകോപന മുദ്രാവാക്യം. അഴിക്കോട് നഗരത്തിലായിരുന്നു സംഭവം.

സംഭവത്തില്‍ പ്രതികരിച്ച് സന്ദീപ് വാര്യര്‍ രംഗത്തെത്തി. വെറുപ്പിന്റെ കൂടാരമായ നിങ്ങളില്‍ നിന്നും അകന്നു നടക്കാന്‍ തീരുമാനിച്ചത് ശരിയായിരുന്നുവെന്ന് നിങ്ങള്‍ വീണ്ടും തെളിയിക്കുകയാണെന്ന് സന്ദീപ് വാര്യര്‍ പറഞ്ഞു. നിങ്ങളുടെ കൊലക്കത്തി പ്രതീക്ഷിച്ചു തന്നെയാണ് ഇരിക്കുന്നത്. ഭയമില്ല. ഒറ്റുകാരും കൂടെ നിന്ന് ചതിക്കുന്നവരും ബിജെപി ഓഫീസിന് അകത്താണ് ഇരിക്കുന്നത് എന്നും സന്ദീപ് വാര്യര്‍ കൂട്ടിച്ചേര്‍ത്തു.

Also Read:

Kerala
ഒരു കോടിയും 300 പവനും കവർന്നത് അയൽവാസി!; വളപട്ടണം കവർച്ചാ കേസിൽ അറസ്റ്റ്

സന്ദീപ് വാര്യയുടെ പ്രതികരണത്തിന്റെ പൂര്‍ണ്ണരൂപം-

യുവമോര്‍ച്ചയുടെ കൊലവിളി മുദ്രാവാക്യം കേട്ടു. ഒറ്റുകാരനായ എന്നെ പാട്ടാപ്പകല്‍ പാലക്കാട് എടുത്തോളാം എന്നാണ് കൊലവിളി. ഈ ബിജെപിക്കാര്‍ക്ക് ഇതെന്തുപറ്റി ? മാധ്യമപ്രവര്‍ത്തകരെ കൈകാര്യം ചെയ്യുമെന്ന് കെ സുരേന്ദ്രന്‍ പറയുന്നു. പത്രം ആപ്പീസുകള്‍ക്കുള്ളില്‍ കയറി ശരിയാക്കി കളയും എന്നാണ് സംസ്ഥാന പ്രസിഡണ്ട് പറയുന്നത്.അസഹിഷ്ണുതയുടെ , വെറുപ്പിന്റെ കൂടാരമായി മാറിയ നിങ്ങളില്‍ നിന്ന് അകന്നു നടക്കാന്‍ തീരുമാനിച്ചത് ശരിയായിരുന്നു എന്ന് നിങ്ങള്‍ തന്നെ വീണ്ടും വീണ്ടും എന്നെ ബോധ്യപ്പെടുത്തുകയാണ്.നിങ്ങളുടെ കൊലക്കത്തി പ്രതീക്ഷിച്ചു തന്നെയാണ് ഞാനിരിക്കുന്നത്. എനിക്ക് അശേഷം ഭയമില്ല. ഒറ്റുകാരും കൂടെ നിന്ന് ചതിക്കുന്നവരും ബിജെപി ഓഫീസിനകത്താണ് ഇരിക്കുന്നത്. അത് ഞാനല്ല.എനിക്ക് നേരെ കൊലവിളി മുദ്രാവാക്യം ഉയര്‍ത്തിയ യുവമോര്‍ച്ചയോടാണ് പറയാനുള്ളത്. എന്റെ നേരെ കൊലവിളി മുദ്രാവാക്യം വിളിക്കാന്‍ കാണിച്ച ആത്മാര്‍ത്ഥതയുടെ നൂറില്‍ ഒരംശം ഉണ്ടായിരുന്നെങ്കില്‍ ഇന്നലെ കേരളത്തിലെ 13 ജില്ലയിലും കെ ടി ജയകൃഷ്ണന്‍ മാസ്റ്റര്‍ അനുസ്മരണ റാലി നടക്കേണ്ടതായിരുന്നു. നിങ്ങള്‍ക്കിപ്പോള്‍ ജയകൃഷ്ണന്‍ മാസ്റ്റര്‍ പോലും കണ്ണൂരില്‍ മാത്രം ഒതുക്കേണ്ട പേരായല്ലോ. ബാക്കിയുള്ള ജില്ലകളില്‍ പാര്‍ട്ടി ആപ്പീസിനകത്ത് പേരിനൊരു പുഷ്പാര്‍ച്ചന. ജയകൃഷ്ണനെ വെട്ടിയരിഞ്ഞ സിപിഎമ്മുമായി കേരളത്തില്‍ നാണമില്ലാതെ സഖ്യം ചേര്‍ന്ന ബിജെപി നേതൃത്വത്തെ ചോദ്യംചെയ്യാന്‍ , സകല കേസുകളില്‍ നിന്നും വാടിക്കല്‍ രാമകൃഷ്ണന്റെകൊലയാളിയായ പിണറായി വിജയനെ രക്ഷിച്ചെടുക്കുന്ന ബിജെപി കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങളെ നട്ടെല്ല് നിവര്‍ത്തി എതിര്‍ക്കാന്‍ തന്റേടം ഉള്ള ഒരുത്തന്‍ പോലും നിങ്ങള്‍ക്കിടയില്‍ ഇല്ലല്ലോ.കെ ടി ജയകൃഷ്ണന്‍ അനുസ്മരണ റാലി പോലും സിപിഎമ്മിന്റെ തീട്ടൂരത്തിന് വഴങ്ങി കണ്ണൂരിലേക്ക് മാത്രമായി ഒതുക്കിയ കെ സുരേന്ദ്രനും കൂട്ടാളികള്‍ക്കും എതിരെ ശബ്ദിക്കാന്‍ നട്ടെല്ലില്ലാത്തവര്‍ എന്നെ ഭീഷണിപ്പെടുത്താന്‍ വരരുത്.നിങ്ങളുടെ ഭീഷണിക്ക് മുന്നില്‍ വഴങ്ങി തരാന്‍ സൗകര്യമില്ല.

Content Highlights: Threatening speech of Yuva Morcha against Sandeep G Varier

To advertise here,contact us