'ഇനി മറ്റൊരു പാര്‍ട്ടിയില്‍, തീരുമാനം രണ്ട് ദിവസത്തിനകം'; ഇപ്പോള്‍ കമ്മ്യൂണിസ്റ്റുകാരനല്ലെന്ന് മധു മുല്ലശ്ശേരി

പാര്‍ട്ടി നടപടി സ്വീകരിക്കുമെന്ന വി ജോയിയുടെ പ്രതികരണത്തോടായിരുന്നു പ്രതികരണം

തിരുവനന്തപുരം: അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് പറയാന്‍ താനിപ്പോള്‍ കമ്മ്യൂണിസ്റ്റുകാരനല്ലെന്ന് മധു മുല്ലശ്ശേരി. പിന്നെ എങ്ങനെ തനിക്കെതിരെ നടപടിയെടുക്കാന്‍ സാധിക്കും. ഇതെല്ലാം പ്രതീക്ഷിച്ചുതന്നെയാണ് ഇറങ്ങി വന്നതെന്നും മധു മുല്ലശ്ശേരി പറഞ്ഞു. പാര്‍ട്ടി നടപടി സ്വീകരിക്കുമെന്ന വി ജോയിയുടെ പ്രതികരണത്തോടായിരുന്നു പ്രതികരണം.

'എൻ്റെ മകന്‍ പാര്‍ട്ടി വിടില്ലെന്ന ജില്ലാസെക്രട്ടറിയുടെ പ്രസ്താവന ശരിയല്ല. എനിക്കൊപ്പം മകനും പാര്‍ട്ടി വിടും. വി ജോയിക്ക് എതിരായ സാമ്പത്തിക ആരോപണം ഉന്നയിക്കുന്നത് ഞാനല്ല, ജനങ്ങളാണ്. പലരേയും സ്വാധീനിച്ചാണ് ജോയി സംസ്ഥാന കമ്മിറ്റിയിലെത്തിയത്. തുടര്‍ഭരണം കിട്ടിയാല്‍ മന്ത്രിയാകണം. അതാണ് ജോയിയുടെ ആഗ്രഹം. പുതിയ ഏരിയാ സെക്രട്ടറിയെ തിരഞ്ഞെടുക്കുമ്പോള്‍ ഞാന്‍ അവിടെ ഉണ്ടായിരുന്നില്ല', മധു മുല്ലശ്ശേരി പറഞ്ഞു.

മുസ്ലിം ലീഗും കോണ്‍ഗ്രസും ബിജെപിയും തന്നെ ബന്ധപ്പെട്ടു. ഡിഎംകെയില്‍ നിന്ന് പി വി അന്‍വറും ബന്ധപ്പെട്ടു. ഇതുവരെ തീരുമാനമെടുത്തിട്ടില്ല. പൊതുപ്രവര്‍ത്തന രംഗത്ത് ഉണ്ടാവും. എന്തായാലും സിപിഐഎമ്മിന് ഒപ്പമില്ല. മറ്റൊരു പാര്‍ട്ടിയില്‍ ആയിരിക്കും. രണ്ടു ദിവസത്തിനകം ഇതില്‍ തീരുമാനം ഉണ്ടാകും എന്നും മധു വ്യക്തമാക്കി.

Also Read:

Kerala
'സകല വിരുദ്ധന്മാരും പാർട്ടി അംഗങ്ങളായി'; കൊടുമണ്‍ ഏരിയാസെക്രട്ടറി തിരഞ്ഞെടുപ്പിനെ വിമർശിച്ച് സിപിഐഎം അനുഭാവികൾ

തന്നെ ഏരിയാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് മധു കഴിഞ്ഞ ദിവസം ഏരിയാ സമ്മേളനത്തില്‍ നിന്ന് ഇറങ്ങിപ്പോയിരുന്നു. സിപിഐഎം ജില്ലാ സെക്രട്ടറി വി ജോയിക്കെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ചാണ് മധു മുല്ലശ്ശേരി പാര്‍ട്ടിയില്‍ നിന്ന് വിടുകയാണെന്ന് പ്രഖ്യാപിച്ചത്. സംസ്ഥാന നേതൃത്വത്തിലെ പലരേയും സ്വാധീനിച്ചാണ് വി ജോയ് ജില്ലാ സെക്രട്ടറി സ്ഥാനത്തെത്തിയതെന്നും മംഗലപുരത്ത് വലിയ വിഭാഗീയതയാണ് നിലനില്‍ക്കുന്നതെന്നും അദ്ദേഹം റിപ്പോര്‍ട്ടറിനോട് പറഞ്ഞിരുന്നു.

Content Highlights: Will Join Another Party In Two Days Said Madhu Mullassery

To advertise here,contact us