കളർകോട് അപകടം: ഓവർലോഡ് ആഘാതം കൂട്ടി; വണ്ടി ഓടിച്ചയാളുടെ ലൈസൻസ് പരിശോധിക്കും: ആലപ്പുഴ ആർടിഒ

കളർകോട് കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിന്‍റെ ആഘാതം കൂട്ടിയത് ഓവർലോഡ് ആണെന്ന് ആലപ്പുഴ ആർടിഒ മാധ്യമങ്ങളോട്

ആലപ്പുഴ: കളർകോട് കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിന്‍റെ ആഘാതം കൂട്ടിയത് ഓവർലോഡ് ആണെന്ന് ആലപ്പുഴ ആർടിഒ മാധ്യമങ്ങളോട്. വീൽ ലോക്കായിരുന്നു. വണ്ടി സ്കിഡ് ആയതുകൊണ്ടാണ് ഡ്രൈവർ സേഫായത്. സ്കിഡാവാൻ മഴ ഒരു പ്രധാന ഘടകമായി. വണ്ടി ഓടിച്ചയാളുടെ ലൈസൻസ് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. വണ്ടി ആരുടേതാണ് എന്നതുൾപ്പെടെ പരിശോധിക്കും.

ഇൻഷുറൻസ് ഉണ്ട്. 14 വർഷം പഴക്കമുള്ള വണ്ടിയാണ്. 5 പേർ പുറകിലുണ്ടായിരുന്നുവെന്നാണ് അറിയുന്നത്. ചിലപ്പോൾ മടിയിലൊക്കെയാവും ഇരുന്നിട്ടുണ്ടാവുക. അതെല്ലാം അപകടത്തിൻറെ ആഘാതം കൂട്ടി. ഓവർലോഡ് ആയിരുന്നു. കെഎസ്ആർടിസി ഡ്രൈവർക്ക് ബ്രേക്ക് പിടിക്കാനുള്ള ഗ്യാപ്പ് കിട്ടിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിലെ ഒന്നാം വർഷ എംബിബിഎസ് വിദ്യാർത്ഥികളാണ് അപകടത്തിൽ മരിച്ചത്. ഇന്നലെ രാത്രി ഒമ്പത് മണിയോടെയായിരുന്നു അപകടം. പതിനൊന്ന് പേരാണ് കാറിലുണ്ടായിരുന്നത്. കോട്ടയം പാലാ സ്വദേശി ദേവാനന്ദൻ, ലക്ഷദ്വീപ് സ്വദേശി ഇബ്രാഹിം, ആലപ്പുഴ സ്വദേശി ആയുഷ് ഷാജി, പാലക്കാട് സ്വദേശി ശ്രീദീപ്, കണ്ണൂർ സ്വദേശി മുഹി അബ്ദുൾ ജബ്ബാർ എന്നിവരാണ് മരിച്ചത്.

Also Read:

Kerala
'മിടുക്കരായ കുട്ടികളെയാണ് നഷ്ടപ്പെട്ടത്'; വേദന പങ്കുവെച്ച് വണ്ടാനം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ

കൊല്ലം സ്വദേശി ആനന്ദ് മനു, എടത്തുറ സ്വദേശി ആൽവിൻ ജോർജ് എന്നിവർ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. ചേർത്തല സ്വദേശി കൃഷ്ണദേവ്, ചവറ സ്വദേശി മുഹ്‌സിൻ മുഹമ്മദ്, ഷൈൻ ഡെൻസ്റ്റൺ, എറണാകുളം സ്വദേശി ഗൗരി ശങ്കർ എന്നിവർക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. ഗുരുവായൂരിൽ നിന്നും കായംകുളത്തേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിലേക്കാണ് കാർ ഇടിച്ചുകയറിയത്.

ബസിലുണ്ടായ യാത്രക്കാർക്കും പരിക്കേറ്റിട്ടുണ്ട്. ബസിന്റെ മുൻഭാഗത്തെ ചില്ല് തകർന്ന് നാല് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ആരുടേയും പരിക്ക് ഗുരുതരമല്ല. വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന ടവേര കാർ പൂർണമായും തകർന്നു. അരമണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് ഇവരെ കാറിൽ നിന്നും പുറത്തെടുക്കാനായത്.

Also Read:

Kerala
കളര്‍കോട് അപകടം: വിദ്യാര്‍ത്ഥികളുടെ പോസ്റ്റ്‌മോര്‍ട്ടം ആരംഭിച്ചു, ആംബുലന്‍സില്‍ വീടുകളിലെത്തിക്കും: കളക്ടർ

അതേസമയം അപകടത്തിൽ അന്വേഷണം ആരംഭിച്ചിട്ടില്ലെന്ന് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സുനിൽ രാജ് മാധ്യമങ്ങളോട് പറഞ്ഞു. കാലാവസ്ഥ ആകാം അപകടത്തിന് കാരണമെന്നാണ് കരുതുന്നത്. വാഹനത്തിന്റെ കാലപ്പഴക്കവും അധികമാളുകൾ സഞ്ചരിച്ചതും അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Content Highlights: Alappuzha RTO about Kalarcode Accident

To advertise here,contact us