കളര്‍കോട് അപകടം: ലക്ഷദ്വീപുകാരനായ വിദ്യാർത്ഥിയുടെ മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകില്ല, സംസ്കാരം എറണാകുളത്ത്

'വാർത്തയിലൂടെയാണ് മരണവിവരം അറിയുന്നത്'

ആലപ്പുഴ: കളര്‍കോട് കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ച ലക്ഷദ്വീപ് സ്വദേശിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകില്ലെന്ന് മരിച്ച വിദ്യാർത്ഥിയുടെ നാട്ടുകാരൻ റിപ്പോർട്ടറിനോട് പറഞ്ഞു. ഇന്നലെ വാർത്തയിലൂടെയാണ് മരണവിവരം അറിയുന്നത്. ലക്ഷദ്വീപ് സ്വദേശിയും ഉണ്ടെന്ന് മാത്രമാണ് ആദ്യം അറിഞ്ഞത്. പിന്നീടാണ് മരിച്ചത് ഇബ്രാഹിം ആണെന്നറിഞ്ഞത്. വണ്ടാനം മെഡിക്കല്‍ കോളേജിൽ ജോയിൻ ചെയ്തിട്ട് ഒന്നരമാസം മാത്രമെ ആയിട്ടുളളൂവെന്നും ഇബ്രാഹിമിൻ്റെ നാട്ടുകാരൻ അറിയിച്ചു. ഇബ്രാഹിമിൻ്റെ മാതാപിതാക്കൾ രാവിലെ വിമാനമാർഗ്ഗം ലക്ഷദ്വീപിൽ നിന്നും തിരിക്കുമെന്നും നാട്ടുകാരൻ വ്യക്തമാക്കി. എറണാകുളം മാർക്കറ്റ് പളളിയിലായിരിക്കും സംസ്കാരം നടക്കുകയെന്നും ഇബ്രാഹിമിൻ്റെ നാട്ടുകാരൻ അറിയിച്ചു.

ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജിലെ ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥികളാണ് മരിച്ചത്. സിനിമയ്ക്ക് പോകുംവഴിയായിരുന്നു അപകടം. കനത്ത മഴയില്‍ നിയന്ത്രണം തെറ്റിയ കാര്‍ കെഎസ്ആര്‍ടിസി ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു. പതിനൊന്ന് പേരാണ് കാറിലുണ്ടായിരുന്നത്. ഇതില്‍ അഞ്ച് പേരാണ് മരിച്ചത്. കോട്ടയം പാല സ്വദേശി ദേവാനന്ദന്‍, ലക്ഷദ്വീപ് സ്വദേശി ഇബ്രാഹിം, ആലപ്പുഴ സ്വദേശി ആയുഷ് ഷാജി, പാലക്കാട് സ്വദേശി ശ്രീദീപ്, കണ്ണൂര്‍ സ്വദേശി മുഹി അബ്ദുള്‍ ജബ്ബാര്‍ എന്നിവരാണ് മരിച്ചത്. കൊല്ലം സ്വദേശി ആനന്ദ് മനു, എടത്തുറ സ്വദേശി ആല്‍വിന്‍ ജോര്‍ജ് എന്നിവര്‍ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. ചേര്‍ത്തല സ്വദേശി കൃഷ്ണദേവ്, ചവറ സ്വദേശി മുഹ്സിന്‍ മുഹമ്മദ്, ഷൈന്‍ ഡെന്‍സ്റ്റണ്‍, എറണാകുളം സ്വദേശി ഗൗരി ശങ്കര്‍ എന്നിവര്‍ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്.

Also Read:

Kerala
കളര്‍കോട് വാഹനാപകടം: പോസ്റ്റ്‌മോര്‍ട്ടം ഉച്ചയോടെ പൂര്‍ത്തിയാകും; രണ്ട് പേരുടെ നില ഗുരുതരം

ഗുരുവായൂരില്‍ നിന്നും കായംകുളത്തേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസിലേക്കാണ് കാര്‍ ഇടിച്ചുകയറിയത്. ബസിലുണ്ടായ യാത്രക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ബസിന്റെ മുന്‍ഭാഗത്തെ ചില്ല് തകര്‍ന്ന് നാല് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ആരുടേയും പരിക്ക് ഗുരുതരമല്ല. വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന ടവേര കാര്‍ പൂര്‍ണമായും തകര്‍ന്നിരുന്നു. അരമണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് ഇവരെ കാറില്‍ നിന്നും പുറത്തെടുക്കാനായത്. പതിനൊന്ന് പേരാണ് കാറിലുണ്ടായിരുന്നത്. കനത്ത മഴയെ തുടര്‍ന്ന് കാഴ്ച മങ്ങിയതോ ബ്രേക്ക് കിട്ടാതിരുന്നതോ ആകാം അപകടത്തില്‍ കലാശിച്ചതെന്ന് എംവിഡി ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോട് പറഞ്ഞു.

Also Read:

Kerala
പുറത്തെടുക്കുമ്പോഴേ ചിലർക്ക് അനക്കമുണ്ടായില്ല, കണ്ടുനില്‍ക്കാന്‍ പറ്റാത്തകാഴ്ചയായിരുന്നു: ദൃക്സാക്ഷി

Content Highlights: The dead body of Ibrahim, who died in the kalarcode accident, will not be brought back to the Lakshadweep

To advertise here,contact us