കളര്‍കോട് അപകടം: ഒരാളുടെ നില അതീവ ഗുരുതരമെന്ന് ആരോഗ്യ മന്ത്രി

നാല് പേരാണ് ചികിത്സയിലുണ്ടായിരുന്നത്. രണ്ട് പേര്‍ അപകടനില തരണം ചെയ്തിട്ടുണ്ട്

ആലപ്പുഴ: കളര്‍കോട് അപകടത്തില്‍ പരിക്കേറ്റ ഒരു വിദ്യാർത്ഥിയുടെ നില അതീവ ഗുരുതരമെന്ന് മന്ത്രി വീണാ ജോര്‍ജ്. പരമാവധി ചികിത്സ ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു. നിലവിലുള്ള ചികിത്സയുടെ പുരോഗതി മെഡിക്കല്‍ ബോര്‍ഡ് പരിശോധിക്കും. ഡോക്ടര്‍മാര്‍ തങ്ങളുടെ പരമാവധി ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. നാല് പേരാണ് ചികിത്സയിലുണ്ടായിരുന്നത്. ഇതില്‍ രണ്ട് പേരുടെ നില ഗുരുതമായി തുടരുകയാണ്. ഇതിൽ ഒരു വിദ്യാര്‍ത്ഥിയുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്നും മന്ത്രി പറഞ്ഞു. രണ്ട് പേര്‍ അപകടനില തരണം ചെയ്തിട്ടുണ്ട്.

അതേസമയം മരണപ്പെട്ട വിദ്യാര്‍ത്ഥികളുടെ മൃതദേഹം പൊതുദര്‍ശനത്തിന് ശേഷം കുടുംബത്തിന് കൈമാറി. നിരവധി പേരാണ് വണ്ടാനം മെഡിക്കല്‍ കോളേജില്‍ വിദ്യാര്‍ത്ഥികളെ അവസാനമായി കാണാനെത്തിയത്. കഴിഞ്ഞ ദിവസം ആലപ്പുഴ കളര്‍കോടിലുണ്ടായ വാഹനാപകടത്തിലാണ് ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥികളായ അഞ്ച് പേര്‍ മരണപ്പെടുന്നത്. വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന ടവേര കാര്‍ കെഎസ്ആര്‍ടിസി ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.

Also Read:

Kerala
ഉള്ളുനീറി വണ്ടാനം മെഡിക്കൽ കോളേജ്; പ്രതീക്ഷയോടെ എത്തിയ കലാലയത്തിൽ നിന്നും ചേതനയറ്റ് മടക്കം

അപകടത്തില്‍ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന കാര്‍ പൂര്‍ണമായും തകര്‍ന്നു. അരമണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് ഇവരെ കാറില്‍ നിന്നും പുറത്തെടുക്കാനായത്. പതിനൊന്ന് പേരാണ് കാറിലുണ്ടായിരുന്നത്. രണ്ട് പേര്‍ ബൈക്കിലും ഇവര്‍ക്കൊപ്പം എത്തിയിരുന്നു. സിനിമയ്ക്ക് പോകാന്‍ വേണ്ടിയായിരുന്നു ഇവര്‍ കാര്‍ വാടകയ്‌ക്കെടുത്ത് ഹോസ്റ്റലില്‍ നിന്നും ഇറങ്ങിയത്. ഇതിനിടെയായിരുന്നു അപകടം. കനത്ത മഴയെ തുടര്‍ന്ന് കാഴ്ച മങ്ങിയതോ ബ്രേക്ക് കിട്ടാതിരുന്നതോ ആകാം അപകടത്തില്‍ കലാശിച്ചതെന്നാണ് എംവിഡി ഉദ്യോഗസ്ഥരുടെ നിഗമനം.

Also Read:

Kerala
മരിച്ചയാളോട് കുറച്ച് ബഹുമാനം കാണിക്കൂ; മധ്യസ്ഥനെ വെക്കാന്‍ ലോറന്‍സിൻ്റെ മക്കളോട് ഹൈക്കോടതി

വാഹനമോടിച്ചിരുന്ന വിദ്യാര്‍ത്ഥിക്ക് ലൈസന്‍സ് ലഭിച്ചിട്ട് അഞ്ച് മാസം മാത്രമേ പിന്നിട്ടിരുന്നുള്ളൂ. പരിചയക്കുറവും പ്രതികൂല കാലാവസ്ഥയും അപകടത്തിന് കാരണമായിട്ടുണ്ടെന്നും അധികാരികള്‍ വ്യക്തമാക്കുന്നുണ്ട്. മഴയില്‍ തെന്നിനീങ്ങിയ കാര്‍ എതിര്‍ദിശയില്‍ നിന്ന് വരികയായിരുന്ന ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജിലെ ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥികളാണ് മരിച്ചത്. കോട്ടയം സ്വദേശി ദേവാനന്ദന്‍, ലക്ഷദ്വീപ് സ്വദേശി ഇബ്രാഹിം, ആലപ്പുഴ സ്വദേശി ആയുഷ് ഷാജി, പാലക്കാട് സ്വദേശി ശ്രീദീപ്, കണ്ണൂര്‍ സ്വദേശി മുഹി അബ്ദുള്‍ ജബ്ബാര്‍ എന്നിവരാണ് മരിച്ചത്. കൊല്ലം സ്വദേശി ആനന്ദ് മനു, എടത്തുറ സ്വദേശി ആല്‍വിന്‍ ജോര്‍ജ് എന്നിവര്‍ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. ചേര്‍ത്തല സ്വദേശി കൃഷ്ണദേവ്, ചവറ സ്വദേശി മുഹ്‌സിന്‍ മുഹമ്മദ്, ഷൈന്‍ ഡെന്‍സ്റ്റണ്‍, എറണാകുളം സ്വദേശി ഗൗരി ശങ്കര്‍, എന്നിവര്‍ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്.

പാലാ മറ്റക്കരയിലെ വീട്ടില്‍ നാളെ ഉച്ചയ്ക്ക് രണ്ട് മണിക്കായിരിക്കും ദേവാനന്ദിന്റെ സംസ്‌കാരം. ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിമിന്റെ ഖബറടക്കം എറണാകുളം ടൗണ്‍ ജുമാ മസ്ജിദില്‍ നടക്കും. കോട്ടയം പൂഞ്ഞാര്‍ സ്വദേശി ആയുഷിന്റെ സംസ്‌കാരം കുടുംബ വീടായ ആലപ്പുഴ കാവാലത്ത് നാളെ രാവിലെ 10ന് നടത്തും.

Content Highlight: Kalarikode Accident: Veena George says one affected by the accident critical

To advertise here,contact us