'ഓവര്‍ടേക്ക് ചെയ്ത് വന്നതാണ്, സെക്കൻ്റുകള്‍ കൊണ്ടാണ് കാര്‍ ഇടിച്ചുകയറിയത്'; പ്രതികരണവുമായി ബസ് ഡ്രൈവർ

പതിനഞ്ച് വര്‍ഷത്തെ പ്രവര്‍ത്തന കാലയളവില്‍ ആദ്യമായുണ്ടായ ദാരുണ അപകടത്തിന്റെ നടുക്കത്തിലാണ് കണ്ടക്ടര്‍ മനീഷ് കുമാര്‍

ആലപ്പുഴ: കളര്‍കോട് വാഹനാപകടത്തില്‍ അഞ്ച് വിദ്യാര്‍ത്ഥികളുടെ മരണത്തിന് ഇടയാക്കിയ അപകടത്തില്‍ പ്രതികരണവുമായി കെഎസ്ആര്‍ടിസി ബസിന്റെ ഡ്രൈവറും കണ്ടക്ടറും. കാര്‍ ഓവര്‍ടേക്ക് ചെയ്യുന്നത് കണ്ടിരുന്നു. ബസിന്റെ വേഗത കുറയ്ക്കുകയും ചെയ്തിരുന്നു. പക്ഷേ കാര്‍ ബസിലേക്ക് ഇടച്ചുകയറുകയായിരുന്നുവെന്ന് ഡ്രൈവര്‍ രാജീവ് റിപ്പോര്‍ട്ടറിനോട് പറഞ്ഞു. പതിനഞ്ച് വര്‍ഷത്തെ സേവനകാലയളവില്‍ ആദ്യമായുണ്ടായ ദാരുണ അപകടത്തിൻ്റെ നടുക്കത്തിലാണ് കണ്ടക്ടര്‍ മനീഷ് കുമാര്‍.

'ഓവര്‍ടേക്ക് ചെയ്ത് വന്നതാണ്. അവര്‍ ഓവര്‍ടേക്ക് ചെയ്തത് ഞാന്‍ കാണുന്നുണ്ട്. അതുകൊണ്ട് വണ്ടി ബ്രേക്കിട്ടു. അപ്പോഴേക്കും കാര്‍ റൈറ്റിലേക്ക് തിരിഞ്ഞ് ബസില്‍ വന്ന് ഇടിച്ചു. ഇടത്തേക്ക് തിരിച്ച് ബ്രേക്കിടാന്‍ ശ്രമിച്ചിരുന്നു. പക്ഷേ സെക്കന്റുകള്‍ കൊണ്ട് കാര്‍ നേരെ വന്ന് ഇടിച്ചുകയറി. ഓവര്‍സ്പീഡ് ആയിരുന്നില്ല. പക്ഷേ സ്പീഡ് ഉണ്ടായിരുന്നു. അല്ലെങ്കില്‍ അത്രയും പെട്ടെന്ന് ബസിനടുത്ത് എത്തില്ലല്ലോ. ഓവര്‍ടേക്ക് ചെയ്ത് വണ്ടി തിരിച്ച് പിടിക്കുമെന്നാണ് കരുതിയത്. ചിലപ്പോള്‍ ബസ് കണ്ടപ്പോള്‍ ബ്രേക്ക് പിടിച്ചുകാണും. സ്‌കിഡ് ആയി വന്ന് ഇടിച്ചതായിരിക്കും. യാത്രക്കാര്‍ക്കും ചിലര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ആരുടേയും പരിക്ക് ഗുരുതരമല്ല. ഇടിയുടെ ആഘാതത്തില്‍ സീറ്റിന്റെ സൈഡിലേക്ക് വീണിരുന്നു. എല്ല് ഇടിച്ചത് കൊണ്ട് വേദനയുണ്ട്,' ഡ്രൈവർ രാജീവ് പറഞ്ഞു.

Also Read:

Kerala
'മിടുക്കരായ കുട്ടികളെയാണ് നഷ്ടപ്പെട്ടത്'; വേദന പങ്കുവെച്ച് വണ്ടാനം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ

'ആലപ്പുഴയില്‍ നിന്ന് കയറിയവര്‍ക്ക് ടിക്കറ്റ് കൊടുത്തുകൊണ്ടിരിക്കുകയായിരുന്നു. ബസിന്റെ നടുവിൽ നില്‍ക്കുകയായിരുന്നു. അമിത വേഗതയിലാണെന്നാണ് തോന്നുന്നത്. സ്‌കിഡ് ചെയ്തതാകും. ഇടത് ഭാഗത്തെ രണ്ട് ഡോറുകള്‍ ബസില്‍ വന്ന് ഇടിക്കുകയായിരുന്നു. ദാരുണമായ സംഭവമായി പോയി. ഇടിയുടെ ആഘാതത്തില്‍ മുന്നിലേക്ക് പോയി ഒരു കമ്പിയില്‍ ഇടിച്ചുനിന്നു. അതുകൊണ്ട് വീണില്ല. വയറ് ഇടിച്ചത് കൊണ്ട് വേദനയുണ്ടായിരുന്നു. അതിന് ചികിത്സതേടി. 15 വര്‍ഷക്കാലത്തിനിടയ്ക്ക് ആദ്യമായാണ് ഇത്തരത്തില്‍ ഒരു അപകടം ഉണ്ടാകുന്നത്,' കണ്ടക്ടര്‍ മനീഷ് കുമാര്‍ പറഞ്ഞു.

Also Read:

Kerala
സാങ്കേതിക, ഡിജിറ്റല്‍ സര്‍വകലാശാലകളിലെ താല്‍ക്കാലിക വിസി നിയമനം; ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും

അഞ്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍ മരിച്ചത്. സിനിമയ്ക്ക് പോകാനായി കാര്‍ വാടകയ്‌ക്കെടുത്തതായിരുന്നു വിദ്യാര്‍ത്ഥികള്‍. കനത്ത മഴയില്‍ കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിലേക്ക് നയിച്ചത്. നാല് പേരുടെ നില ഗുരുതരമാണ്. മരണപ്പട്ടവരുടെ പോസ്റ്റുമാര്‍ട്ടം ഉച്ചയ്ക്ക് 12 മണിയോടെ പൂര്‍ത്തിയാകും. വണ്ടാനം മെഡിക്കല്‍ കോളേജില്‍ പൊതുദര്‍ശനത്തിന് ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറും.

Content Highlight: Kalarkode Accident: KSRTC bus driver says car lost control while overtaking

To advertise here,contact us