ഓർത്തഡോക്സ്-യാക്കോബായ സഭാ പള്ളിത്തർക്കം; കോടതിയലക്ഷ്യ അപ്പീലുകളിൽ സുപ്രീം കോടതി ഇന്ന് വാദം കേൾക്കും

സർക്കാരിന് മതസ്ഥാപനങ്ങൾ ഏറ്റെടുക്കാനാകുമോ എന്നാണ് സുപ്രീം കോടതി പരിശോധിക്കുന്നത്. അപ്പീലുകളിൽ സഭാ തർക്കത്തിന്റെ ഉള്ളടക്കം പരിശോധിക്കില്ലെന്നാണ് സുപ്രീം കോടതി കഴിഞ്ഞ തവണ വ്യക്തമാക്കിയത്

ന്യൂഡൽഹി: ഓർത്തഡോക്സ് - യാക്കോബായ സഭാ പള്ളിത്തർക്കത്തിലെ കോടതിയലക്ഷ്യ അപ്പീലുകൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. സംസ്ഥാന സർക്കാരും യാക്കോബായ സഭയും നൽകിയ അപ്പീലുകളിൽ സുപ്രീം കോടതി വിശദമായ വാദം കേൾക്കും. ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജൽ ഭുയൻ എന്നിവർ ഉൾപ്പെട്ട ബെഞ്ചാണ് ഹർജികളിൽ വാദം കേൾക്കുന്നത്.

എറണാകുളം, പാലക്കാട് ജില്ലകളിലെ ആറ് പള്ളികൾ ജില്ലാ കളക്ടർമാർ ഏറ്റെടുക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ നൽകിയ അപ്പീലുകളിലാണ് വാദം. സർക്കാരിന് മതസ്ഥാപനങ്ങൾ ഏറ്റെടുക്കാനാകുമോ എന്നാണ് സുപ്രീം കോടതി പരിശോധിക്കുന്നത്. അപ്പീലുകളിൽ സഭാ തർക്കത്തിന്റെ ഉള്ളടക്കം പരിശോധിക്കില്ലെന്നാണ് സുപ്രീം കോടതി കഴിഞ്ഞ തവണ വ്യക്തമാക്കിയത്. സുപ്രീം കോടതി ഉത്തരവ് എങ്ങനെ നടപ്പാക്കാനാകും എന്ന് സർക്കാർ അറിയിക്കണമെന്നായിരുന്നു കോടതിയുടെ നിർദ്ദേശം.

Also Read:

Kerala
കളര്‍കോട് വാഹനാപകടം: പോസ്റ്റ്‌മോര്‍ട്ടം ഉച്ചയോടെ പൂര്‍ത്തിയാകും; രണ്ട് പേരുടെ നില ഗുരുതരം

പള്ളികൾ ഏറ്റെടുത്ത ശേഷം കൈമാറുന്നത് ശാശ്വത പരിഹാരമല്ലെന്നാണ് സർക്കാർ സുപ്രീം കോടതിയിൽ നൽകിയ മറുപടി. സംഘർഷം ഒഴിവാക്കി പ്രശ്‌ന പരിഹാരത്തിനാണ് ശ്രമിക്കുന്നത്. പൊലീസിനെ ഉപയോഗിച്ച് പള്ളികൾ ഏറ്റെടുക്കാൻ ശ്രമിച്ചപ്പോൾ ക്രമസമാധാന പ്രശ്‌നമുണ്ടായി. പ്രശ്‌നം സമാധാനപരമായി കൈമാറാൻ ഇരുവിഭാഗങ്ങളുമായും ചർച്ചയ്ക്ക് ശ്രമം തുടരുകയാണ് എന്നുമാണ് സർക്കാർ നൽകിയ സത്യവാങ്മൂലം.

നേരത്തെ നവംബർ 25ന് കേസ് പരിഗണിച്ചപ്പോൾ കോടതിയലക്ഷ്യ കേസിൽ ഉദ്യോഗസ്ഥർ നവംബർ 29ന് നേരിട്ട് ഹാജരാകണമെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി തടഞ്ഞിരുന്നു. ചീഫ് സെക്രട്ടറിയും എറണാകുളം പാലക്കാട് ജില്ലാ കളക്ടര്‍മാരും ജില്ലാ പൊലീസ് ഉദ്യോഗസ്ഥരും നവംബർ എട്ടിന് രാവിലെ പത്തേകാലിന് ഹൈക്കോടതിയിൽ ഹാജരാകണമെന്ന ഹൈക്കോടതി ഉത്തരവായിരുന്നു സുപ്രീം കോടതി തടഞ്ഞത്.

ഓര്‍ത്തഡോക്സ്-യാക്കോബായ സഭാ പള്ളിത്തര്‍ക്കത്തില്‍ ചീഫ് സെക്രട്ടറിക്കും രണ്ട് ജില്ലാ കളക്ടര്‍മാര്‍ക്കുമെതിരെ ഒക്ടോബർ 21നായിരുന്നു ഹൈക്കോടതി കോടതിയലക്ഷ്യ നടപടി സ്വീകരിച്ചത്. ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റേതായിരുന്നു തീരുമാനം. ആറ് പള്ളികള്‍ ഏറ്റെടുക്കണമെന്ന ഉത്തരവ് നടപ്പാക്കാത്തതിലായിരുന്നു ഉദ്യോഗസ്ഥർക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാൻ ഹൈക്കോടതി ഉത്തരവിട്ടത്.

Also Read:

National
ഫെയ്ഞ്ചൽ ചുഴലിക്കാറ്റ്; തമിഴ്‌നാട്ടിൽ മഴ കനക്കും, പുതുച്ചേരിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

ആറ് പള്ളികള്‍ ഓര്‍ത്തഡോക്‌സ് സഭയ്ക്ക് വിട്ടുനല്‍കണമെന്ന് നേരത്തെ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. നിലവില്‍ ഈ പള്ളികള്‍ യാക്കോബായ സഭയ്ക്ക് കീഴിലാണ്. പിന്നാലെ എറണാകുളം, പാലക്കാട് ജില്ലാ കളക്ടര്‍മാര്‍ ഈ പള്ളികള്‍ ഏറ്റെടുക്കണമെന്നും, പള്ളികള്‍ പൂട്ടി മുദ്ര വെച്ച് താക്കോല്‍ സര്‍ക്കാര്‍ സൂക്ഷിക്കണമെന്നും ഹൈക്കോടതി ജസ്റ്റിസ് വി ജി അരുണ്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് നിര്‍ദേശിക്കുകയായിരുന്നു. പക്ഷേ ആഴ്ചകള്‍ പിന്നിട്ടിട്ടും ഉത്തരവ് നടപ്പിലാക്കാത്ത സാഹചര്യത്തിലായിരുന്നു ഉദ്യോഗസ്ഥർക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിച്ചത്. നേരത്തെ നിരവധി തവണ പള്ളികള്‍ ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇതില്‍ യാക്കോബായ സഭ വലിയ രീതിയില്‍ പ്രതിഷേധിച്ചു. ബല പ്രയോഗത്തിലൂടെ പ്രതിഷേധക്കാരെ മാറ്റുക പ്രയാസമാണെന്ന് സർക്കാര്‍ വാദിച്ചെങ്കിലും ഹൈക്കോടതി അത് നിരാകരിക്കുകയായിരുന്നു. യാക്കോബായ സഭ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി നടപടിയെടുത്തത്.

Content Highlights: Orthodox-Jacobite church dispute

To advertise here,contact us