'രക്തത്തിൽ കുളിച്ചുകിടന്ന അവരെ തിരിച്ചറിഞ്ഞില്ല; ഞങ്ങൾ തിയറ്ററിലേക്ക് പോയി'; സഹപാഠി പറയുന്നു

'ക്ലാസ് തുടങ്ങിയിട്ട് ഒന്നര മാസമേ ആയിട്ടുള്ളൂ .എല്ലാവരേയും പരിചയപ്പെട്ട് വരുന്നതേ ഉണ്ടായിരുന്നുള്ളൂ'

ആലപ്പുഴ: ആലപ്പുഴ കളര്‍കോട് വാഹനാപകടത്തില്‍പ്പെട്ട സഹപാഠികളെ കണ്ടിരുന്നുവെന്നും എന്നാല്‍ രക്തത്തില്‍ കുളിച്ച നിലയിലായിരുന്നതിനാല്‍ തിരിച്ചറിഞ്ഞില്ലെന്നും പറയുകയാണ് വണ്ടാനം മെഡിക്കല്‍ കോളേജിലെ ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥിയും കോഴിക്കോട് സ്വദേശിയുമായ അശ്വിത്ത്. വിദ്യാര്‍ത്ഥികള്‍ക്കൊപ്പം സിനിമ കാണാന്‍ ഇറങ്ങിയതായിരുന്നു അശ്വിത്തും. എന്നാല്‍ കാറില്‍ നിറയെ ആളായിരുന്നതിനാല്‍ അശ്വിത്തിന് കയറാന്‍ കഴിഞ്ഞില്ല. ഇതേ തുടര്‍ന്ന് അശ്വിത്തും മറ്റൊരു സഹപാഠി ദേവാനന്ദും ബൈക്കില്‍ പോകുകയായിരുന്നു.

Also Read:

Kerala
കളര്‍കോട് വാഹനാപകടം; വിദ്യാര്‍ത്ഥികളുടെ ആരോഗ്യനിലയില്‍ പുരോഗതി

അനാട്ടമിയുടെ സ്‌പോട്ടിങ് ടെസ്റ്റ് കഴിഞ്ഞതിനാല്‍ ഹോസ്റ്റലിലെ എല്ലാവരും ചേര്‍ന്ന് സിനിമ കാണാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് അശ്വിത്ത് പറയുന്നു. 9.30നായിരുന്നു സിനിമ. കാറില്‍ നിറയെ ആളായതിനാല്‍ താനും ദേവാനന്ദും ബൈക്കില്‍ പോകാന്‍ തീരുമാനിച്ചു. അതിനിടെ അവര്‍ കയറിയ കാര്‍ ഏതാണെന്ന് നോക്കിയില്ല. 8.45ന് തങ്ങള്‍ ഹോസ്റ്റലില്‍ നിന്നിറങ്ങി.കളര്‍കോട് എത്തിയപ്പോള്‍ ഒരു കാര്‍ ബസിലിടിച്ച് കിടക്കുന്നതു കണ്ടു. ഇറങ്ങി നോക്കിയപ്പോള്‍ രണ്ട് പേരെ കണ്ടു. രക്തത്തില്‍ കുളിച്ചതിനാല്‍ അവരെ തിരിച്ചറിഞ്ഞില്ല. ഇതിനിടെ ആംബുലന്‍സും വന്നു. താനും ദേവാനന്ദും തിയറ്ററിലേക്ക് പോയി. കൂട്ടുകാര്‍ വരാതായപ്പോള്‍ സംശയമായി. ഫോണില്‍ വിളിച്ചെങ്കിലും കിട്ടിയില്ല. ഉടന്‍ സ്ഥലത്തെത്തി. എല്ലാവരേയും മെഡിക്കല്‍ കോളേജ് ആശുപത്രിയിലേത്ത് കൊണ്ടുപോയി എന്നാണ് അറിയാന്‍ കഴിഞ്ഞത്. അത്യാഹിത വിഭാഗത്തില്‍ എത്തിയപ്പോഴാണ് അപകടത്തില്‍പ്പെട്ടത് അവര്‍ തന്നെയാണെന്ന് മനസിലായത്. ക്ലാസ് തുടങ്ങിയിട്ട് ഒന്നര മാസമേ ആയിട്ടുള്ളൂ. എല്ലാവരേയും പരിചയപ്പെട്ട് വരുന്നതേ ഉണ്ടായിരുന്നുള്ളൂ എന്നും അശ്വിത്ത് പറഞ്ഞു.

ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ടവേര കാര്‍ കെഎസ്ആര്‍ടിസി ബസില്‍ ഇടിച്ച് അപകടം ഉണ്ടായത്. കാര്‍ പൂര്‍ണമായും തകര്‍ന്നിരുന്നു. ഒന്നാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥികളായ മലപ്പുറം സ്വദേശി ദേവനന്ദന്‍, പാലക്കാട് സ്വദേശി ശ്രീദേവ് വത്സന്‍, കോട്ടയം സ്വദേശി ആയുഷ് ഷാജി, ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിം, കണ്ണൂര്‍ സ്വദേശി മുഹമ്മദ് അബ്ദുല്‍ ജബ്ബാര്‍ എന്നിവരാണ് മരിച്ചത്. ആലപ്പുഴ സ്വദേശി കൃഷ്ണദേവ്, കൊല്ലം സ്വദേശികളായ മുഹസിന്‍ മുഹമ്മദ്, ആനന്ദ് മനു, കൊച്ചി സ്വദേശി ഗൗൗരി ശങ്കര്‍, എടത്വ സ്വദേശി ആല്‍വിന്‍ ജോര്‍ജ്, തിരുവനന്തപുരം സ്വദേശി ഷെയ്ന്‍ ഡെന്‍സ്റ്റന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ബസ് യാത്രക്കാരായ പതിനഞ്ച് പേര്‍ക്കും പരിക്കേറ്റിരുന്നു.

Content Highlights- classmate of mbbs students who witnessed the accident in kalarkode

To advertise here,contact us