കളര്‍കോട് അപകടം: വാഹന ഉടമയെ വിളിപ്പിച്ച് ആര്‍ടിഒ; മൊഴി രേഖപ്പെടുത്തി

നോട്ടീസ് നല്‍കിയാണ് ഷാമിലിനെ വിളിച്ചുവരുത്തിയത്

ആലപ്പുഴ: കളര്‍കോട് വാഹനാപകടത്തില്‍ കാറുടമ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒയ്ക്ക് മുന്‍പില്‍ ഹാജരായി. കാറുടമ ഷാമില് ഖാന്‍ ആണ് ആലപ്പുഴ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒയ്ക്ക് മുമ്പില്‍ ഹാജരായത്.നോട്ടീസ് നല്‍കിയാണ് ഷാമിലിനെ വിളിച്ചുവരുത്തിയത്.

ഷാമില്‍ വാഹനം വില്‍ക്കുകയും വാടകയ്ക്ക് നല്‍കുകയും ചെയ്യുന്നതായി പൊലീസ് പറയുന്നു. ഷാമില്‍ ഖാന്റെ മൊഴി രേഖപ്പെടുത്തി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുമെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസമായിരുന്നു കളര്‍കോട് വാഹനാപകടത്തില്‍ അഞ്ച് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മരിച്ചത്. കാര്‍ നല്‍കിയത് വാടകയ്ക്കല്ലെന്നും പരിചയത്തിന്റെ പേരില്‍ മാത്രമാണെന്നും കഴിഞ്ഞ ദിവസം ഷാമില്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞിരുന്നു.

Also Read:

Kerala
'തൊപ്പി' സേഫ്; രാസലഹരി കേസില്ല; മുന്‍കൂര്‍ ജാമ്യാപേക്ഷ തീര്‍പ്പാക്കി

'മരിച്ച മുഹമ്മദ് ജബ്ബാര്‍ സെക്കന്‍ഡ് ഹൈന്‍ഡ് ബൈക്കാവശ്യപ്പെട്ട് വിളിക്കുമായിരുന്നു. ആ പരിചയത്തിന്റെ പേരിലാണ് കാര്‍ ചോദിച്ചത്. ഒഴിവുദിവസം കിട്ടിയെന്നും സിനിമയ്ക്ക് പോകാനാണെന്നുമാണ് കുട്ടികള്‍ പറഞ്ഞത്. ആദ്യം കാര്‍ നല്‍കാന്‍ വിസമ്മതിച്ചുവെന്നും എന്നാല്‍ മുഹമ്മദ് ജബ്ബാറിന്റെ സഹോദരനുമായി സംസാരിച്ച ശേഷം കാര്‍ നല്‍കുകയായിരുന്നു'വെന്നും ഷാമില്‍ കൂട്ടിച്ചേര്‍ത്തു. ആറുപേര്‍ ഉണ്ടാകുമെന്നാണ് തന്നോട് പറഞ്ഞത്. പതിനൊന്ന് പേര്‍ ഉണ്ടായിരുന്നെന്ന് അറിയില്ലായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.

വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന ടവേര കാര്‍ കെഎസ്ആര്‍ടിസി ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന കാര്‍ പൂര്‍ണമായും തകര്‍ന്നു. പതിനൊന്ന് പേരാണ് കാറിലുണ്ടായിരുന്നത്. രണ്ട് പേര്‍ ബൈക്കിലും ഇവര്‍ക്കൊപ്പം എത്തിയിരുന്നു. സിനിമയ്ക്ക് പോകാന്‍ വേണ്ടിയായിരുന്നു ഇവര്‍ കാറുമായി ഹോസ്റ്റലില്‍ നിന്നിറങ്ങിയത്. ഇതിനിടെയായിരുന്നു അപകടം.

Also Read:

National
മഹാരാഷ്ട്രയിൽ കുരുക്കഴിയുന്നു; ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രി

കനത്ത മഴയെ തുടര്‍ന്ന് കാഴ്ച മങ്ങിയതോ ബ്രേക്ക് കിട്ടാതിരുന്നതോ ആകാം അപകടത്തില്‍ കലാശിച്ചതെന്നാണ് എംവിഡി ഉദ്യോഗസ്ഥരുടെ നിഗമനം. വാഹനമോടിച്ചിരുന്ന വിദ്യാര്‍ത്ഥിക്ക് ലൈസന്‍സ് ലഭിച്ചിട്ട് അഞ്ച് മാസം മാത്രമേ പിന്നിട്ടിരുന്നുള്ളൂ. പരിചയക്കുറവും പ്രതികൂല കാലാവസ്ഥയും അപകടത്തിന് കാരണമായിട്ടുണ്ടെന്നും അധികാരികള്‍ വ്യക്തമാക്കുന്നുണ്ട്. മഴയില്‍ തെന്നിനീങ്ങിയ കാര്‍ എതിര്‍ദിശയില്‍ നിന്ന് വരികയായിരുന്ന ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

Content Highlight: Kalarcode accident: Statement of vehicle owner recorded

To advertise here,contact us