ഡിസി ബുക്സ് ചെയ്തത് ക്രിമിനല്‍ കുറ്റം, ആത്മകഥ പ്രസിദ്ധീകരിക്കാന്‍ നല്‍കില്ല: ഇ പി ജയരാജന്‍

'സഖാവ് ജോയ് പക്വതയും പാകതയും ഉള്ള പാര്‍ട്ടി നേതാവെന്ന് ഇ പി ജയരാജന്‍

കണ്ണൂര്‍: ആത്മകഥയുടെ ഒന്നാം ഭാഗം ഈമാസം അവസാനം പുറത്തിറക്കുമെന്ന് സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജന്‍. ആത്മകഥ പ്രസിദ്ധീകരിക്കാന്‍ ഡിസിക്ക് നല്‍കില്ല. ഇത്രയും തെറ്റായ നിലപാട് സ്വീകരിച്ചവര്‍ക്ക് തന്നെ ആത്മകഥ പ്രസിദ്ധീകരിക്കാൻ കൊടുക്കുമെന്ന് തോന്നുന്നുണ്ടോയെന്നും ക്രിമിനല്‍ കുറ്റമാണ് അവര്‍ ചെയ്തതെന്നും ഇ പി ജയരാജന്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു.

ഉപതിരഞ്ഞെടുപ്പ് ദിനത്തിലായിരുന്നു പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കി ഇ പി ജയരാജന്റെ കട്ടന്‍ചായയും പരിപ്പുവടയും ഒരു കമ്മ്യൂണിസ്റ്റ് ജീവിതം' എന്ന പേരിലുള്ള പുസ്തത്തിന്റെ ഭാഗങ്ങള്‍ പുറത്തുവന്നത്. തുടര്‍ന്ന് ആത്മകഥാ ചോര്‍ച്ചയില്‍ ഗൂഢാലോചനയുണ്ടെന്നും അന്വേഷിക്കണമെന്നും ആരോപിച്ച് ഡിജിപിക്ക് പരാതി നല്‍കി. പുസ്തകത്തിന്റെ പ്രചാരണാര്‍ഥം ഇറക്കിയ എല്ലാ സാമൂഹിക മാധ്യമ പോസ്റ്റുകളും പിന്‍വലിച്ച് മാപ്പ് പറയണമെന്നാവശ്യപ്പെട്ട് ഡിസിക്കും വക്കീല്‍ നോട്ടീസ് അയച്ചിരുന്നു.

Also Read:

Kerala
രാഹുൽ മാങ്കൂട്ടത്തിലും യു ആർ‌ പ്രദീപും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

സിപിഐഎം നേതാവ് മധു മുല്ലശ്ശേരി പാര്‍ട്ടി വിട്ടതില്‍ രൂക്ഷവിമര്‍ശനം ഉന്നയിച്ച ഇ പി ജയരാജന്‍ തിരുവനന്തപുരം ജില്ലാസെക്രട്ടറി വി ജോയിയെ പിന്തുണക്കുകയും ചെയ്തു.

'സഖാവ് ജോയ് പക്വതയും പാകതയും ഉള്ള പാര്‍ട്ടി നേതാവാണ്. അവിടെ എന്താണ് സംഭവിച്ചതെന്ന് അറിയില്ല. പാര്‍ട്ടിയെ തകര്‍ക്കാന്‍ വിവിധ മേഖലകളില്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. ഇതിനെ ഗൗരവത്തോടെ കാണണം. ആര്‍എസ്എസ് സംഘപരിവാര്‍ വലതുപക്ഷ ശക്തികള്‍ സിപിഐഎമ്മിനെയാണ് ഭയപ്പെടുന്നത്. കോണ്‍ഗ്രസിനെ മയപ്പെടുത്താനും ഇല്ലാതാക്കാനും കഴിയത്തക്ക നിലയിലുള്ള ശക്തി അവര്‍ക്കുണ്ട്. സിപിഐഎമ്മിനെ ദുര്‍ബലപ്പെടുത്താന്‍ സാധിക്കില്ല. മധു സ്വീകരിച്ചത് തെറ്റായ നിലപാടാണ്. മറ്റാരും സ്വീകരിക്കില്ല. സ്വീകരിക്കുന്നവര്‍ വ്യക്തിപരമായ താല്‍പര്യത്തെ അടിസ്ഥാനമാക്കിയാവാം. തെറ്റായ ശക്തികളുടെ കൈയ്യില്‍ എത്തിപ്പെട്ടതിന്റെ ലക്ഷണമായിരിക്കാം', ഇ പി ജയരാജന്‍ പറഞ്ഞു.

തുടര്‍ഭരണം തെറ്റാണെന്ന വാദത്തില്‍ കഴമ്പില്ല. എത്രകാലം ഭരണത്തിലിരുന്നാലും കമ്മ്യൂണിസ്റ്റുകാര്‍ തെറ്റ് ചെയ്യില്ല. തെറ്റ് സംഭവിച്ചാല്‍ തിരുത്തി ശക്തമായി മുന്നോട്ട് പോകുമെന്നും ഇപി ജയരാജൻ വ്യക്തമാക്കി. നവീന്‍ ബാബുവിന്‍റെ മരണം അന്വേഷിക്കുന്ന കേരള പൊലീസ് നീതി പൂര്‍വം പ്രവര്‍ത്തിക്കും. സിബിഐ അന്വേഷണത്തില്‍ കോടതി നിലപാട് പറയട്ടെയെന്നും എന്നിട്ട് നിലപാട് പറയാമെന്നും ഇ പി വ്യക്തമാക്കി. പാര്‍ട്ടി നീതിയുടെ പക്ഷത്താണ്. ഇന്ന് പരാതിപെടുന്നവര്‍ക്കും അത് പിന്നീട് മനസിലാകുമെന്നും കൂട്ടിച്ചേ‍ർത്തു. എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് മാറ്റിയതിനെക്കുറിച്ചും ഇ പി നിലപാട് വ്യക്തമാക്കി. കഴിയാവുന്ന ചുമതലകള്‍ മാത്രമേ ഏറ്റെടുക്കുവെന്നും പാര്‍ട്ടി ഏൽപ്പിക്കുന്ന ഉത്തരവാദിത്തം കൃത്യമായി നിര്‍വഹിക്കുമെന്നും ഇ പി ജയരാജൻ പറഞ്ഞു.

Content Highlights: The first part of the autobiography will be released at the end of this month said e p jayarajan

To advertise here,contact us