സിദ്ധാര്‍ത്ഥന്റെ മരണം; ഡീബാർ നടപടി റദ്ദ് ചെയ്ത് ഹൈക്കോടതി; 'പഠനം തുടരാൻ പ്രതികൾക്ക് അവസരം നൽകണം'

പുതിയ അന്വേഷണം നടത്താന്‍ സര്‍വകലാശാല ആന്റി റാഗിങ് സ്‌ക്വാഡിന് ഹൈക്കോടതി നിര്‍ദേശം നല്‍കി

കൊച്ചി: വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ത്ഥിയായിരുന്ന ജെ എസ് സിദ്ധാര്‍ത്ഥന്‍ ആത്മഹത്യ ചെയ്ത കേസില്‍ പ്രതികളായ വിദ്യാര്‍ത്ഥികളെ ഡീബാര്‍ ചെയ്ത സര്‍വകലാശാല നടപടി ഹൈക്കോടതി റദ്ദാക്കി. വിദ്യാര്‍ത്ഥികള്‍ക്കുള്ള മൂന്ന് വര്‍ഷത്തെ അഡ്മിഷന്‍ വിലക്കും ഹൈക്കോടതി റദ്ദ് ചെയ്തു. ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റേതാണ് നടപടി.

Also Read:

Kerala
'എനിക്കൊരു ചീത്തപ്പേര് ഉണ്ടാക്കിത്തന്ന മനോരമയ്ക്ക് നന്ദി', നടപടിക്കൊരുങ്ങി നടൻ മണികണ്ഠന്‍ ആര്‍ ആചാരി

പുതിയ അന്വേഷണം നടത്താന്‍ സര്‍വകലാശാല ആന്റി റാഗിങ് സ്‌ക്വാഡിന് ഹൈക്കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ പഠനം തുടരാന്‍ പ്രതികള്‍ക്ക് അവസരം നല്‍കണം. നാല് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കാനും സര്‍വകലാശാലയ്ക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി. നടപടിക്രമങ്ങള്‍ പാലിക്കാതെയുള്ള സര്‍വകലാശാല നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് കേസിലെ പ്രതികളായ വിദ്യാര്‍ത്ഥികളാണ് ഹൈക്കോടതിയെ സമീപിച്ചത്.

വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ത്ഥിയായിരുന്ന സിദ്ധാര്‍ത്ഥനെ ഇക്കഴിഞ്ഞ ഫെബ്രുവരി പതിനെട്ടിനായിരുന്നു ഹോസ്റ്റലിലെ ശുചിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തിന് ദിവസങ്ങള്‍ക്ക് മുന്‍പ് സിദ്ധാര്‍ത്ഥനെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ഹോസ്റ്റലില്‍വെച്ച് മര്‍ദിക്കുകയും പരസ്യ വിചാരണ നടത്തുകയും ചെയ്തതായി ആരോപണം ഉയര്‍ന്നിരുന്നു. ക്ലാസിലെ വിദ്യാര്‍ത്ഥിനിയോട് മോശമായി പെരുമാറിയെന്നാരോപിച്ചായിരുന്നു മര്‍ദനം. ഇതില്‍ മനംനൊന്ത് സിദ്ധാര്‍ത്ഥന്‍ ആത്മഹത്യ ചെയ്തുവെന്നായിരുന്നു കേസ്. പോസ്റ്റുമോര്‍ട്ടത്തില്‍ സിദ്ധാര്‍ത്ഥന്റെ ശരീരത്തില്‍ മര്‍ദനമേറ്റ പാടുകളുണ്ടായിരുന്നു. സംഭവത്തില്‍ സീനിയര്‍ വിദ്യാര്‍ത്ഥികളായ പന്ത്രണ്ട് പേര്‍ക്കെതിരെ പൊലീസ് കേസെടുക്കുകയും ഇവരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ വിദ്യാര്‍ത്ഥികള്‍ക്കെതിരെ സര്‍വകലാശാല നടപടി സ്വീകരിച്ചിരുന്നു.

Content Highlights- hc cancelled debar decision of university on siddharthan death case

To advertise here,contact us