കളര്‍കോട് അപകടം; കെഎസ്ആര്‍ടിസി ഡ്രൈവറെ ഒഴിവാക്കി, കാറോടിച്ച വിദ്യാര്‍ത്ഥി പ്രതി

അശ്രദ്ധമായി വാഹനം ഓടിച്ച് അപകടം വരുത്തിയതിന് ഭാരതീയ ന്യായസംഹിത 106 പ്രകാരമാണ് കേസ്

ആലപ്പുഴ: അഞ്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ മരണത്തിന് ഇടയാക്കിയ കളര്‍കോട് അപകടത്തില്‍ കാറോടിച്ച വിദ്യാര്‍ത്ഥിയെ പ്രതിയാക്കി ആലപ്പുഴ സൗത്ത് പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. സിസിടിവി ദൃശ്യങ്ങളുടെയും ദൃക്‌സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തിലാണ് ഗൗരി ശങ്കറിനെ ഒന്നാം പ്രതിയാക്കി റിപ്പോർട്ട് സമർപ്പിച്ചത്. വാഹനം ഓടിച്ച വിദ്യാര്‍ത്ഥിയുടെ വീഴ്ചയാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് റിപ്പോര്‍ട്ട്. അശ്രദ്ധമായി വാഹനം ഓടിച്ച് അപകടം വരുത്തിയതിന് ഭാരതീയ ന്യായസംഹിത 106 പ്രകാരമാണ് കേസ്.

പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ കേസെടുത്തിരുന്നു. എന്നാല്‍ അന്വേഷണത്തില്‍ ഡ്രൈവറുടെ ഭാഗത്ത് വീഴ്ച്ചയില്ലെന്ന് കണ്ടെത്തി. വിദ്യാര്‍ത്ഥിയുടെ ലൈസന്‍സ് റദ്ദ് ചെയ്യുന്ന നടപടികളിലേക്കും ആര്‍ടിഒ കടക്കും. എന്നാല്‍ വിദ്യാര്‍ത്ഥിയുടെയും രക്ഷിതാക്കളുടെയും മാനസികാവസ്ഥ കണക്കിലെടുത്ത് പിന്നീടായിരിക്കും നടപടി.

കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ടവേര കാര്‍ കെഎസ്ആര്‍ടിസി ബസുമായി കൂട്ടിയിടിച്ചത്. അപകടത്തില്‍ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന കാര്‍ പൂര്‍ണമായും തകര്‍ന്നു. പതിനൊന്ന് പേരാണ് കാറിലുണ്ടായിരുന്നത്. രണ്ട് പേര്‍ ബൈക്കിലും ഇവര്‍ക്കൊപ്പം എത്തിയിരുന്നു. സിനിമയ്ക്ക് പോകാന്‍ വേണ്ടിയായിരുന്നു ഇവര്‍ കാറുമായി ഹോസ്റ്റലില്‍ നിന്നിറങ്ങിയത്. ഇതിനിടെയായിരുന്നു അപകടം.

പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ത്ഥികളുടെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ടെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്.ആനന്ദ് മനു, ഗൗരി ശങ്കര്‍, മുഹ്സിന്‍, കൃഷ്ണദേവ് എന്നിവരുടെ നിലയാണ് മെച്ചപ്പെട്ടത്. രണ്ട് പേരെ വെൻ്റിലേറ്ററിൽ നിന്ന് മാറ്റി. ഇവര്‍ മരുന്നുകളോട് മെച്ചപ്പെട്ട രീതിയില്‍ പ്രതികരിക്കുന്നുണ്ട്.

Also Read:

Kerala
'ഭാഗ്യക്കൊട്ടാരം'; എട്ടുവര്‍ഷത്തിനിടെ വീണ്ടും കോടിപതി, ഇത്തവണ ഭാഗ്യമെത്തിച്ചത് പൂജാ ബമ്പർ

ഗുരുതരാവസ്ഥയില്‍ കഴിയുന്ന ആല്‍വിന്‍ ജോര്‍ജിനെ കൊച്ചി അമൃത ആശുപത്രിയിലേക്ക് മാറ്റി. കുടുംബത്തിന്റെ ആവശ്യപ്രകാരമാണ് മാറ്റിയത്. അഞ്ച് പേര്‍ മരിക്കുകയും അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത വാഹനാപകടത്തില്‍ ഗുരുതര പരിക്കുകള്‍ കൂടാതെ രക്ഷപ്പെട്ടത് ഷെയ്ന്‍ എന്ന വിദ്യാര്‍ത്ഥി മാത്രമാണ്.

Content Highlights: kalarcode accident student who drove the car is accused

To advertise here,contact us