ഇവിടം 'വൈബാണ്'; 'ഏമാൻ കളി'യില്ലാതെ മികവിൻ്റെ നെറുകയിൽ ആലത്തൂർ പൊലീസ് സ്റ്റേഷൻ

പരാതി പറയാനെത്തുന്നവർക്കായി വിപുലമായ സൗകര്യങ്ങളാണ് സ്റ്റേഷനിൽ ഒരുക്കിയിരിക്കുന്നത്

ആലത്തൂർ: രാജ്യത്തെ മികച്ച അഞ്ചാമത്തെ പൊലീസ് സ്റ്റേഷനായി ആലത്തൂർ പൊലീസ് സ്റ്റേഷനെ തിരഞ്ഞെടുത്തതിലുളള സന്തോഷത്തിലാണ് പൊലീസ് ഉദ്യോഗസ്ഥർ. പരാതിക്കാരോടുള്ള സൗമ്യമായ പെരുമാറ്റവും മികച്ച സൗകര്യങ്ങളുമാണ് ആലത്തൂർ പൊലീസ് സ്റ്റേഷനെ മറ്റ് സ്റ്റേഷനുകളിൽ നിന്നെല്ലാം വ്യത്യസ്തമാക്കുന്നത്.

പൊലീസ് സ്റ്റേഷന്റെ അകവും പുറവുമെല്ലാം വളരെ വൃത്തിയോടെയാണ് സൂക്ഷിക്കുന്നത്. സാധാരണ പൊലീസ് സ്റ്റേഷനുകളുടെ മുൻപിൽ കാണുന്നതുപോലെ പിടിച്ചിട്ട വാഹങ്ങളോ മറ്റോ ഒന്നും ഇവിടെ കാണാനാകില്ല. മറിച്ച് വാഹങ്ങൾ പാർക്ക് ചെയ്യാൻ പ്രത്യേകം മാർക്ക് ചെയ്ത പാർക്കിംഗ് ഏരിയകളും ഭിന്നശേഷിക്കാരുടെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ മാത്രമായി പ്രത്യേക സ്ഥലവും ഉണ്ട്. ഇവയ്ക്ക് പുറമെ പരാതിക്കാരോടുള്ള മികച്ച പെരുമാറ്റവും കുറ്റകൃത്യം നടക്കാതിരിക്കാൻ മുൻകരുതലുകൾ സ്വീകരിക്കുന്നതുമൊക്കെയാണ് ആലത്തൂർ പൊലീസ് സ്റ്റേഷനെ ഈ നേട്ടത്തിന് അർഹരാക്കിയത്.

'ഏറ്റവും മികച്ച പൊലീസ് സ്റ്റേഷനുകളുടെ പട്ടികയിൽ അഞ്ചാമതെത്തിയതിൽ വളരെ സന്തോഷത്തിലാണ് ഞങ്ങൾ. ഇതുവരെ രജിസ്റ്റർ ചെയ്‌ത കേസുകളിലെ അന്വേഷണം, കുറ്റകൃത്യങ്ങൾ തടയാനുള്ള മുൻകരുതൽ, പരാതിക്കാർക്ക് തീർപ്പ് കല്പിക്കുന്ന രീതി, അടിസ്ഥാനസൗകര്യങ്ങൾ എന്നിവയെല്ലാമാണ് ഈ നേട്ടത്തിന് പരിഗണിച്ചത്. 52 പൊലീസ് ഉദ്യോഗസ്ഥരും എട്ട് ഹോം ഗാർഡുകളും, രണ്ട് സ്വീപ്പർമാരുമാണ് ഈ സ്റ്റേഷനിൽ ഉള്ളത്. ജനങ്ങളാണ് ഞങ്ങളെ ഈ നേട്ടത്തിന് അർഹരാക്കിയത്'; സ്റ്റേഷനിലെ സിഐ ആയ ഉണ്ണികൃഷ്ണൻ പറയുന്നു.

Also Read:

National
ഇങ്ങനെ പോയാല്‍ ശരിയാവില്ല, സർക്കാർ ഉണ്ടാക്കണം; യുപിയില്‍ കോണ്‍ഗ്രസ് കമ്മിറ്റികള്‍ പിരിച്ചുവിട്ട് ഖര്‍ഗെ

പരാതി പറയാനെത്തുന്നവർക്കായി വിപുലമായ സൗകര്യങ്ങൾ സ്റ്റേഷനിനുള്ളിലുണ്ട്. ഇരിക്കാൻ മികച്ച ഇരിപ്പിടം, പബ്ലിക്ക് ലൈബ്രറി, സ്ത്രീകൾക്കും കുട്ടികൾക്കുമായി കാത്തിരിപ്പ് മുറി തുടങ്ങി ഹെൽപ്പ് ഡെസ്ക്ക് വരെ സ്റ്റേഷനിൽ ഉണ്ട്. ലോക്കപ്പ് റൂമുകളും മറ്റേത് സ്റ്റേഷനുകളെക്കാളും മികച്ചതാണ്.

Content Highlights: Alathur police station selected as the fifth best police station in the country

To advertise here,contact us