മക്കളേ ഇനി വിശന്നിരിക്കേണ്ട; പ്രഭാത ഭക്ഷണം മുടങ്ങിയെന്ന ആറാം ക്ലാസുകാരിയുടെ കത്തിന് 'ഇംപാക്ട്'

പൂമാല ട്രൈബര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് തിങ്കളാഴ്ച്ച മുതല്‍ പ്രഭാത ഭക്ഷണം വീണ്ടും നല്‍കും

മൂലമറ്റം: പ്രഭാതഭക്ഷണം മുടങ്ങിയതിലെ പ്രയാസം ചൂണ്ടികാട്ടി പഞ്ചായത്ത് പ്രസിഡന്റിന് ആറാം ക്ലാസ് വിദ്യാര്‍ത്ഥി എഴുതിയ കത്ത് നേരത്തെ ചര്‍ച്ചയായിരുന്നു. ആറ് മാസമായി പ്രഭാത ഭക്ഷണം ലഭിക്കുന്നില്ലെന്നും പ്രസിഡന്റ് ഇടപെടണം എന്നും ആവശ്യപ്പെട്ടായിരുന്നു കത്ത്. എന്നാല്‍ ഇനി ആറാം ക്ലാസുകാരിക്കും കൂട്ടുകാരികൾക്കും വിശന്നിരിക്കേണ്ടി വരില്ല. പൂമാല ട്രൈബൽ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് തിങ്കളാഴ്ച്ച മുതല്‍ പ്രഭാതഭക്ഷണം വീണ്ടും നല്‍കി തുടങ്ങാൻ തീരുമാനമായി.

ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി സെക്രട്ടറിയും സിവില്‍ ജഡ്ജിയുമായ അരവിന്ദ് ബി എടയോടിയുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. പ്രഭാത ഭക്ഷണ വിതരണം വീണ്ടും തുടങ്ങാന്‍ കേരള ഗ്രാമീണ്‍ ബാങ്ക് കലയന്താനി ബ്രാഞ്ചിന്റെ സിഎസ്ആര്‍ ഫണ്ടില്‍ നിന്നും 15,000 രൂപ അനുവദിക്കുകയായിരുന്നു.

പൂമാല, പൂച്ചപ്ര, നാളിയാനി, കരിപ്പലങ്ങാട് സ്‌കൂളുകളില്‍ അര്‍ഹരായ 200 പട്ടിക വിദ്യാര്‍ത്ഥികള്‍ക്കാണ് പ്രഭാതഭക്ഷണം മുടങ്ങിയത്. ഫണ്ടിന്റെ അഭാവം മൂലമായിരുന്നു ഭക്ഷണം മുടങ്ങിയത്. ഈ സാഹചര്യത്തില്‍ ഭക്ഷണ വിതരണം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥി കത്തെഴുതിയത്.

Also Read:

National
ഫെയ്ഞ്ചല്‍ ചുഴലിക്കാറ്റ്; തമിഴ്നാടിന് കേന്ദ്രത്തിൻ്റെ കൈത്താങ്ങ്, അടിയന്തര സഹായമായി 944.80 കോടി അനുവദിച്ചു

കത്തിന്റെ പൂര്‍ണ്ണരൂപം-

ബഹുമാനപ്പെട്ട വെള്ളിയാമറ്റം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അറിയുന്നതിന്…ഞാന്‍ പൂമാല ഗവ: ട്രൈബല്‍ സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. വര്‍ഷങ്ങളായി ഞങ്ങള്‍ക്ക് പഞ്ചായത്തിന്റെ സഹായത്തോടെ പ്രഭാത ഭക്ഷണം ലഭിച്ചുകൊണ്ടിരുന്നതാണ്. എന്നാല്‍ ഇക്കഴിഞ്ഞ ജൂണ്‍ മുതല്‍ സ്‌കൂളില്‍ പ്രഭാത ഭക്ഷണം ലഭിക്കുന്നില്ല. അന്വേഷിച്ചപ്പോള്‍ കഴിഞ്ഞ വര്‍ഷം നല്‍കിയതിന്റെ പണം ഭക്ഷണം നല്‍കുന്ന ചേച്ചിമാര്‍ക്ക് കിട്ടീട്ടില്ല എന്നാണ് പറഞ്ഞത്. ഞങ്ങളുടെയൊക്കെ വീട്ടില്‍ രാവിലത്തെ ഭക്ഷണം കിട്ടാറില്ല. സ്‌കൂളില്‍ നിന്ന് ലഭിക്കുന്നത് ഞങ്ങള്‍ക്ക് വലിയ ആശ്വാസമായിരുന്നു. ആയതിനാല്‍ ചേച്ചിമാര്‍ക്ക് പണം നല്‍കി പ്രഭാത ഭക്ഷണം ഞങ്ങള്‍ക്ക് മുടക്കം കൂടാതെ ലഭിക്കാന്‍ പ്രിയപ്പെട്ട പ്രസിഡന്റിന്റെ സഹായവും ഇടപെടലും ഉണ്ടാകണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.

Content Highlights: breakfast will be served for Poomala Triber School students

To advertise here,contact us