REPORTER BIG EXCLUSIVE: നവീൻ ബാബു ജീവനൊടുക്കിയതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

നവീൻ ബാബുവിൻ്റെ ശരീരത്തിൽ പരിക്കുകളില്ലെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്

പത്തനംതിട്ട: മരിച്ച നിലയിൽ കാണപ്പെട്ട കണ്ണൂ‍ർ എഡിഎം നവീൻ ബാബുവിൻ്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൻ്റെ പൂർണ്ണ ഉള്ളടക്കം റിപ്പോർട്ടറിന്. നവീൻ ബാബുവിൻ്റേത് തൂങ്ങിമരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ കണ്ടെത്തൽ. നവീൻ ബാബുവിൻ്റെ ശരീരത്തിൽ പരിക്കുകളില്ലെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്. തലയോട്ടിക്ക് പരിക്കില്ലെന്നും വാരിയെല്ലുകൾക്ക് ക്ഷതമില്ലെന്നും റിപ്പോർട്ട് പറയുന്നു. ഇടത് ശ്വാസകോശത്തിൻ്റെ മുകൾഭാഗം നെഞ്ചിൻ്റെ ഭിത്തിയോട് ചേർന്ന നിലയിലാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. പേശികൾക്കും പ്രധാന രക്തക്കുഴലുകൾക്ക് പരിക്കില്ല. തരുണാസ്ഥി, കശേരുക്കൾ എന്നിവയ്ക്കും പരിക്കില്ലെന്നും അന്നനാളം സാധാരണ നിലയിലായിരുന്നവെന്നും റിപ്പോ‍ർട്ട് വ്യക്തമാക്കിയിട്ടുണ്ട്.

നവീൻ ബാബുവിൻ്റെ കണ്ണുകൾ അടഞ്ഞിരിക്കുകയായിരുന്നെന്നും മൂക്ക്, വായ, ചെവി എന്നിവയ്ക്ക് പരിക്കില്ലെന്നും വ്യക്തമാക്കുന്നു. ചുണ്ടിന് നീല നിറമായിരുന്നു, പല്ലുകൾക്കും മോണകൾക്കും കേടില്ല, നാവ് കടിച്ചിരുന്നു, വിരലിലെ നഖങ്ങൾക്ക് നീല നിറമായിരുന്നു, ശരീരം അഴുകിയതിൻ്റെ ലക്ഷണങ്ങളില്ല, വയറും മൂത്രാശയവും ശൂന്യമായിരുന്നുവെന്നും റിപ്പോ‍ർട്ട് വ്യക്തമാക്കുന്നു. സുഷുമ്നാ നാഡിക്ക്‌ പരിക്കില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. മൃതദേഹം തണുത്ത അറയിൽ സൂക്ഷിച്ചിരുന്നില്ലെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.

Also Read:

Kerala
ഡോണർ മുറികളിൽ ഹൈക്കോടതി നിലപാട് കടുപ്പിച്ചു; സുനിൽ സ്വാമി അപ്രത്യക്ഷനായി

0.5 സെൻ്റിമീറ്റർ വ്യാസമുള്ള മഞ്ഞ കലർന്ന പ്ലാസ്റ്റിക് കയർ കഴുത്തിൽ കെട്ടിയിട്ടിരുന്നു‌വെന്നും കയറിൻ്റെ നീണ്ട ഭാഗത്തിന് 103 സെ.മീ നീളമുണ്ടായിരുന്നെന്നും റിപ്പോർട്ട് പറയുന്നു. കയറിന് 30 സെ.മീ നീളമുള്ള സ്വതന്ത്ര ഭാഗം ഉണ്ടായിരുന്നു. കഴുത്തിന് ചുറ്റുമുള്ള കയറിൻ്റെ ഭാഗത്തിന് 22 സെ.മീ നീളവും ഉള്ളതായി ചൂണ്ടിക്കാണിക്കുന്നു. ഒക്ടോബർ 15 ഉച്ചയ്ക്ക് 12.40 നും 1.50 നും ഇടയിലായിരുന്നു പോസ്റ്റ്മോർട്ടം നടന്നത്. അന്തരികാവയങ്ങൾ രാസപരിശോധനയ്ക്ക് അയച്ചിട്ടില്ല. ആന്തരിയാവയവങ്ങൾ രാസ പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ടോ ഇല്ലയോ എന്നത് സംബന്ധിച്ച് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ സൂചനയില്ല.

നേരത്തെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ നൽകിയ ഹർജിയിൽ നവീന്‍ ബാബുവിന്റെ മരണം കൊലപാതകമാണെന്ന സംശയം കുടുംബം ഉന്നയിച്ചിരുന്നു. വാദത്തിനിടയിൽ  അന്വേഷണം പക്ഷപാതപരമാണെന്ന് ബോധ്യപ്പെടാന്‍ കോടതിക്ക് വ്യക്തമായ തെളിവ് വേണം. നവീന്‍ ബാബുവിന്റെ ശരീരത്തില്‍ എന്തെങ്കിലും തരത്തിലുള്ള മുറിവുകള്‍ ഉണ്ടായിരുന്നോ എന്നും കോടതി ചോദിച്ചിരുന്നു. കഴിഞ്ഞ ദിവസം കേസ് വാദത്തിനെടുത്തപ്പോൾ നവീൻ ബാബു ജീവനൊടുക്കിയതാണെന്ന വാദമായിരുന്നു സർക്കാരിൻ്റേത്. നവീന്‍ ബാബുവിന്റെ കുടുംബത്തോട് 100 ശതമാനം നീതി പുലര്‍ത്തുന്ന അന്വേഷണമാണ് പുരോഗമിക്കുന്നത്. ഈ സാഹചര്യത്തില്‍ കേസില്‍ മറ്റൊരു ഏജന്‍സിയുടെ അന്വേഷണം ആവശ്യമില്ലെന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. കോടതി ആവശ്യപ്പെട്ടാൽ അന്വേഷണം ഏറ്റെടുക്കാമെന്ന നിലപാടായിരുന്നു സിബിഐ കോടതിയെ അറിയിച്ചത്.

Also Read:

Kerala
മുഖം മാറ്റത്തിന് കോണ്‍ഗ്രസ്; സുധാകരന്‍ ഒഴിയും? സജീവ പരിഗണനയില്‍ കൊടിക്കുന്നില്‍

യാത്രയപ്പ് ചടങ്ങില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി പി ദിവ്യ അഴിമതിയാരോപണം ഉന്നയിച്ച് തൊട്ടടുത്ത ദിവസമായിരുന്നു നവീനെ ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ചെങ്ങളായിലെ പെട്രോള്‍ പമ്പിന് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ടായിരുന്നു ആരോപണം. ഇനി പോകുന്നിടത്ത് കണ്ണൂരിലേതുപോലെ പ്രവര്‍ത്തിക്കരുതെന്ന് ദിവ്യ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ആത്മഹത്യാ പ്രേരണകുറ്റം ചുമത്തി ദിവ്യക്കെതിരെ കേസ് എടുത്തിരുന്നു. മുന്‍കൂര്‍ ജാമ്യപേക്ഷ തള്ളിയതിന് പിന്നാലെ കീഴടങ്ങിയ പി പി ദിവ്യ റിമാന്‍ഡില്‍ ജയിലില്‍ കഴിയുകയും പിന്നീട് ജാമ്യം ലഭിക്കുകയുമായിരുന്നു.

Content Highlights: Naveen babu's postmortem Report is out

To advertise here,contact us