നവീൻ ബാബുവിന്‍റെ മരണം കൊലപാതകമാണെന്ന സംശയം ബലപ്പെടുന്നു; കെ സുരേന്ദ്രൻ

'എഫ്ഐആറിലും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും രക്തക്കറയെ പറ്റി പരാമർശമില്ലാത്തത് സംശയാസ്പദമാണ്'

തിരുവനന്തപുരം: കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിൻ്റെ അടിവസ്ത്രത്തിൽ രക്തക്കറ കണ്ടെത്തിയ പൊലീസ് ഇൻക്വസ്റ്റ് റിപ്പോർട്ടിൽ പ്രതികരിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. രക്തക്കറ കണ്ടെത്തിയ സംഭവം ഗൗരവതരമാണെന്ന് കെ സുരേന്ദ്രൻ പറ‍ഞ്ഞു. എഡിഎമ്മിൻ്റെ മരണം കൊലപാതകമാണെന്ന സംശയത്തിന് ബലം നൽകുന്നതാണ് പുതിയ വാർത്തയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എഫ്ഐആറിലും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും രക്തക്കറയെ പറ്റി പരാമർശമില്ലാത്തത് സംശയാസ്പദമാണ്. മുഖ്യമന്ത്രിയുടെ നിർദ്ദേശമില്ലാതെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഇത്തരമൊരു നടപടി സ്വീകരിക്കില്ല. ആഭ്യന്തര വകുപ്പിൻ്റെ ഇടപെടൽ നടന്നുവെന്നത് ഇതോടെ വ്യക്തമാണ്. ഉന്നത ഇടപെടൽ നടന്നതിനാൽ സംസ്ഥാന പൊലീസിൻ്റെ അന്വേഷണം പ്രഹസനമാകും.

സിബിഐ അന്വേഷണത്തെ സിപിഐഎം സംസ്ഥാന സെക്രട്ടറിയും സർക്കാരും എതിർക്കുന്നത് മടിയിൽ കനമുള്ളത് കൊണ്ടാണ്. നവീൻ ബാബുവിൻ്റെത് ആത്മഹത്യയല്ല കൊലപാതകമാണെന്ന് ബിജെപി നേരത്തെ തന്നെ പറഞ്ഞിരുന്നു. സിബിഐ അന്വേഷണം നടന്നാൽ മാത്രമേ നവീൻ ബാബുവിൻ്റെ കുടുംബത്തിന് നീതി ലഭിക്കുകയുള്ളൂവെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

Also Read:

Kerala
മറ്റന്നാള്‍ കേരളത്തില്‍ വീണ്ടും തിരഞ്ഞെടുപ്പുകള്‍; എല്‍ഡിഎഫ്, യുഡിഎഫ്, എന്‍ഡിഎ മുന്നണികള്‍ പ്രതീക്ഷയില്‍

പൊലീസ് ഇൻക്വസ്റ്റ് റിപ്പോർട്ട് ഇന്നാണ് പുറത്തെത്തുന്നത്. കണ്ണൂർ ടൗൺ പൊലീസ് തയ്യാറാക്കിയ ഇൻക്വസ്റ്റ് റിപ്പോർട്ടിലാണ് രക്തക്കറയെക്കുറിച്ചുളള പരാമർശമുള്ളത്. എന്നാൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലും പൊലീസ് എഫ്ഐആറിലും അങ്ങനെയൊരു പരാമർശമോ കണ്ടെത്തലോ ഉണ്ടായിരുന്നില്ല. ഇതോടെ നവീൻ ബാബുവിന്റെ മരണത്തിലുള്ള ദുരൂഹത ആരോപിച്ച കുടുംബത്തിൻ്റെ ആശങ്ക കൂടുതൽ ശക്തമാകുകയാണ്.

Content Highlights: K Surendran says that, Naveen Babu's death is suspected to be murder

To advertise here,contact us