'ചില കുട്ടികളിൽ നിന്ന് പരിഹാസവും മാനസിക ബുദ്ധിമുട്ടും'; അമ്മുവിന്റെ കത്ത് പുറത്തുവിട്ട് ബന്ധുക്കള്‍

ക്ലാസ് ടീച്ചറെ അഭിസംബോധന ചെയ്താണ് അമ്മു കത്തെഴുതിയിരിക്കുന്നത്

പത്തനംതിട്ട: പത്തനംതിട്ടയില്‍ മരിച്ച നഴ്‌സിങ് വിദ്യാര്‍ത്ഥിനി അമ്മു എഴുതിയ കത്ത് പുറത്തുവിട്ട് ബന്ധുക്കള്‍. ഹോസ്റ്റലില്‍ നിന്ന് കൈപ്പറ്റിയ പേപ്പര്‍ കെട്ടിനുള്ളില്‍ നിന്ന് ലഭിച്ച കുറിപ്പാണ് ബന്ധുക്കള്‍ പുറത്തുവിട്ടത്. ക്ലാസ് ടീച്ചറെ അഭിസംബോധന ചെയ്തുള്ള കുറിപ്പില്‍ കുറച്ചു നാളായി ചില കുട്ടികളില്‍ നിന്ന് പരിഹാസവും മാനസിക ബുദ്ധിമുട്ടും നേരിടുന്നു എന്നായിരുന്നു കുറിച്ചിരുന്നത്.

Also Read:

Kerala
നഴ്‌സിങ് വിദ്യാര്‍ത്ഥിനി അമ്മുവിന്റെ മരണം; പ്രതികള്‍ക്ക് ജാമ്യം

അതേസമയം ചുട്ടിപ്പാറ നഴ്‌സിങ് കോളേജ് പ്രിന്‍സിപ്പലിനെ സ്ഥലം മാറ്റി. സീപാസിന് കീഴിലെ സീതത്തോട് കോളേജിലേക്കാണ് പ്രിന്‍സിപ്പലിനെ സ്ഥലം മാറ്റിത്. പകരം സീതത്തോട് കോളേജ് പ്രിന്‍സിപ്പല്‍ തുഷാരയെ ചുട്ടിപ്പാറ നഴ്‌സിങ് കോളേജിലേക്ക് മാറ്റി നിയമിച്ചു. കേസില്‍ പ്രതികളായ മൂന്ന് വിദ്യാര്‍ത്ഥിനികള്‍ക്കെതിരെയും നടപടി സ്വീകരിച്ചു. കേസില്‍ പ്രതികളായ അലീന, അഷിത, അഞ്ജന, എന്നിവരെ സസ്‌പെന്‍ഡ് ചെയ്തു.

അതിനിടെ ചുട്ടിപ്പാറ കോളേജിലെ സൈക്യാട്രി വിഭാഗം അധ്യാപകന്‍ സജിക്കെതിരെ അമ്മുവിന്റെ അച്ഛന്‍ സജീവ് പരാതി നല്‍കി. ലോഗ് ബുക്ക് കാണാതായെന്ന് പറഞ്ഞ് അമ്മുവിനെ സജിയും പ്രതികളായ വിദ്യാര്‍ത്ഥിനികളും ചേര്‍ന്ന് മാനസികമായി പീഡിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. പ്രതികളായ വിദ്യാര്‍ത്ഥിനികളെ ഒരു വശത്തും അമ്മുവിനെ മറു വശത്തും നിര്‍ത്തി കൗണ്‍സിലിങ് എന്ന പേരില്‍ സജി രണ്ട് മണിക്കൂറിലേറെ കുറ്റവിചാരണ നടത്തി. അതിന് ശേഷമാണ് അമ്മു ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ചതെന്നും പരാതില്‍ ചൂണ്ടിക്കാട്ടുന്നു.

നവംബര്‍ പതിനഞ്ചിനാണ് അമ്മു സജീവ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടിയത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു മരണം. അമ്മുവിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിച്ചെങ്കിലും ആത്മഹത്യയെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തല്‍. പൊലീസിന് നല്‍കിയ മൊഴിയില്‍ അമ്മുവിന്റെ സഹപാഠികളായ അലീനയ്ക്കും അഷിതയ്ക്കും അഞ്ജനയ്ക്കുമെതിരെ പിതാവ് ഗുരുതര ആരോപണം ഉന്നയിച്ചിരുന്നു. മകളെ ഇവര്‍ മാനസികമായി പീഡിച്ചിരുന്നുവെന്നായിരുന്നു ആരോപണം. ഇതിന് പിന്നാലെ മൂന്ന് പേരെയും പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം പ്രതികള്‍ക്ക് പത്തനംതിട്ട കോടതി ജാമ്യം അനുവദിച്ചിരുന്നു.

Content Highlights-relatives release letter of ammu sajeev who died in chuttippara nursing college

To advertise here,contact us